കുട്ടികൾ അമിതമായി ഇന്റർനെറ്റിലാണോ; രക്ഷിതാക്കൾ അറിയേണ്ടത്

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനും കളിക്കാനും സര്‍ഗാത്മക സൃഷ്ടികള്‍ക്കും വിശാലമായ ലോകമാണ് ഇന്ന് സാങ്കേതികത തുറന്ന് നല്‍കുന്നത്. എന്നാല്‍ ഇവ കുട്ടികള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തേണ്ടതാണ്, ഡിജിറ്റല്‍ സാങ്കേതികതയുടെ മായികലോകത്ത് വീണ് പോകാതെ കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.
ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ച് കുട്ടികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണം. ഇന്റര്‍നെറ്റില്‍ എങ്ങനെ മറ്റുള്ളവരുമായി ഇടപെടണമെന്നതിനെക്കുറിച്ച് കുട്ടികളെ നമ്മള്‍ പഠിപ്പിച്ചിരിക്കണം. കുട്ടികളുമായി ഇന്റര്‍നെറ്റിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. ഇതില്‍ നിന്ന് അവര്‍ എന്തൊക്കെയാണ് ഇന്റര്‍നെറ്റില്‍ ചെയ്യുന്നത് എന്നതിനെക്കുറിച്ച് നമുക്ക് അറിയാനാകും. ഒപ്പം നിങ്ങളും ആവശ്യമായ വിവരങ്ങള്‍ ഇതേക്കുറിച്ച് തേടിയിരിക്കണം.
കുട്ടികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ അടക്കം ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങളാകാം. ചില നിയമങ്ങള്‍ ഇതിനായി വീട്ടില്‍ ഏര്‍പ്പെടുത്താം. അവ ലംഘിച്ചാല്‍ ഉള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികളുമായി തുറന്ന ചര്‍ച്ചകളും നടത്താം.
സുഹൃത്തുകള്‍ ഏതെങ്കിലും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളും അത് ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. ഒപ്പം അവര്‍ക്ക് ആവശ്യമുള്‌ള ചിലത് പരീക്ഷിച്ച് നോക്കാന്‍ അവസരം നല്‍കാവുന്നതുമാണ്.
കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ നിശ്ചിത സമയം അനുവദിക്കുന്നതും നന്നായിരിക്കും. അവര്‍ക്ക് ഉപയോഗിക്കാവുന്ന സൈറ്റുകള്‍ തെരഞ്ഞെടുത്ത് നല്‍കുന്നതും നന്നായിരിക്കും. ആരോടൊക്കെ ചാറ്റ് ചെയ്യാം, വേണ്ട എന്നതിനെക്കുറിച്ചും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാം.നമുക്ക് ചുറ്റുമെന്നപോലെ ഡിജിറ്റള്‍ ലോകത്തും ചതിക്കുഴികള്‍ ഉണ്ടെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. അത്തരക്കാരോട് എങ്ങനെ പെരുമാറണമെന്നും ഒഴിഞ്ഞ് മാറണമെന്നും കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ പഠിപ്പിക്കുക.
കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും സാങ്കേതികതയുമായി അടുക്കേണ്ടത് അവരെ സുരക്ഷിതരാക്കാന്‍ അത്യന്താപേക്ഷിതമാണ്. അവര്‍ കളിക്കുന്ന ഗെയിമുകളില്‍ ഡിസ്‌കഷന്‍ ഫോറവും ഷെയറിംഗ് ഓപ്ഷനുമുണ്ടോയെന്നും ശ്രദ്ധിക്കണം.
കുട്ടികള്‍ ഉപയോഗിക്കുന്ന സൈറ്റുകളിലും ഡിവൈസുകളിലും പേരന്റിംഗ് സേഫ്റ്റി കണ്‍ട്രോള്‍ ഫീച്ചറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കാതെ അവര്‍ ഇന്റര്‍നെറ്റില്‍ എന്ത് ചെയ്യുന്നുവെന്ന് നിങ്ങള്‍ നിരീക്ഷിക്കണം. അവര്‍ കളിക്കുന്ന കളികള്‍ പങ്കാളികളായും അവര്‍ നോക്കുന്ന സൈറ്റുകള്‍ നമുക്കം പ്രയോജനപ്പെടും എന്ന രീതിയിലുമാകണം ഈ നിരീക്ഷണങ്ങള്‍.
കു്ട്ടികള്‍ എന്തും തുറന്ന് പറയുന്ന സ്ഥിതി ഉണ്ടാകണം. അവര്‍ എന്ത് അബദ്ധത്തില്‍ പെട്ടാലും അത് നിങ്ങളോട് വന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ടാകണം. എന്തിനും നിങ്ങള്‍ ഒപ്പമുണ്ടെന്ന തോന്നല്‍ കുട്ടികള്‍ക്കുണ്ടാകണം.
കുട്ടികളുടെ പ്രായത്തിന് ചേരുന്ന സൈറ്റുകളും ഗെയിമുകളും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അവര്‍ക്കുണ്ടാകുന്ന പുത്തന്‍ ഇന്റര്‍നെറ്റ് സൗഹൃദങ്ങള്‍ അപകടകരമല്ലെന്ന് ഉറപ്പ് വരുത്തണം.
കഴിവതും രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ വേണം കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ എന്നതും ശ്രദ്ധിക്കുക.

Advertisement