രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ…

Advertisement

ചെന്നൈ: ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങൾക്ക് അവസാനം. ക്വാളിഫയർ മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 36 റൺസിന് രാജസ്ഥാനെ തോൽപ്പിച്ചു. സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ എത്തിയത്. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഷഹബാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും രാജസ്ഥാനെ വിജയതീരമണക്കാനായില്ല. എളുപ്പം മറികടക്കാമെന്ന് തോന്നിച്ചൊരു വിജയലക്ഷ്യത്തിന് മുന്നിൽ സഞ്ജുവും സംഘവും കളി മറക്കുന്ന കാഴ്ചയാണ് ആരാധകർ ചെപ്പോക്കില്‍ കണ്ടത്. ഓപ്പണറുടെ റോളിലെത്തിയ കാഡ്‌മോർ പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ ഏറെ വിഷമിച്ചു. 16 പന്തിൽ 10 റൺസെടുത്ത കാഡ്‌മോറിനെ നാലാം ഓവറിൽ പുറത്താക്കി പാറ്റ് കമ്മിൻസാണ് രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമിട്ടത്. എന്നാൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിന്നും ഫോമിലായിരുന്നു. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിനെ ഷഹബാസ് അഹ്‌മദ് അബ്ദുസ്സമദിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ രാജസ്ഥാൻ പരുങ്ങലിലായി.
പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റിയാൻ പരാഗിനേയും ഷഹബാസ് തന്നെയാണ് മടക്കിയത്. പിന്നീടെത്തിയ ധ്രുവ് ജുറേൽ രക്ഷാ ദൗത്യം ഏറ്റെടുത്തെങ്കിലും ജുറേലിനൊപ്പം രാജസ്ഥാൻ ഇന്നിങ്‌സ് പടുത്തുയർത്താൻ ആരുമുണ്ടായിരുന്നില്ല. ഷിംറോൺ ഹെറ്റ്‌മെയർ നാല് റൺസെടുത്ത് പുറത്തായപ്പോൾ എലിമേനറ്റിലെ ഹീറോ റോവ്മാൻ പവൽ ആറ് റൺസിന് വീണു. ഒടുവില്‍ അവസാന ഓവര്‍ എറിയും മുമ്പേ ഹൈദരാബാദ് വിജയമുറപ്പിച്ചു. 

നേരത്തേ  ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.അർധ സെഞ്ച്വറി കുറിച്ച ഹെൻഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

Advertisement