കേരളത്തിൽ സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേ നടത്തണം; സർക്കാർ നിലപാടിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് എൻഎസ്‌എസ്

കോട്ടയം: സമഗ്ര സാമൂഹിക-സാമ്പത്തിക-സാമുദായിക സർവേ നടത്താനാവില്ലെന്ന സർക്കാർ നിലപാടിനെതിരെ എൻഎസ്‌എസ് ഹൈക്കോടതിയിലേക്ക്.
സാമ്പിൾ സർവേ സമഗ്രസർവേക്ക് പകരമാവില്ലെന്നും സ്റ്റാറ്റിയൂട്ടറി കമ്മിഷൻ പറഞ്ഞിട്ടുള്ള സമഗ്രസർവേ സംബന്ധിച്ച്‌ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിട്ടും തയ്യാറാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അറിയിച്ചു. സമഗ്ര സർവേ നടത്തണമെന്ന ജസ്റ്റിസ് രാമകൃഷ്ണപിള്ള കമ്മിഷൻ റിപ്പോർട്ടിലെ നിർദേശം സർക്കാരിന്റെ മുന്നിൽ നിലനില്ക്കുമ്പോഴാണ് സാമ്പിൾ സർവേക്ക് സാമ്പത്തിക അനുമതി ചോദിച്ച മാത്രയിൽ സർക്കാർ അത് അനുവദിച്ചത്. സാമ്പിൾ സർവേ നടത്തി സമഗ്ര സർവേക്കുള്ള നിർദേശം അട്ടിമറിക്കുകയായിരുന്നു സർക്കാരിന്റെ ഗൂഢമായ ഉദ്ദേശ്യം.

എന്നാൽ ഹൈക്കോടതിയുടെ ഇടപെടൽമൂലം അത് നടപ്പായില്ല. സാമ്പിൾ സർവേ സമഗ്രസർവേക്ക് പകരമാവില്ലെന്നുള്ള പ്രഖ്യാപനം രേഖപ്പെടുത്തി, സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യാനുള്ള എൻഎസ്‌എസിന്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് കേസ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്.
സർക്കാരിന് കൊവിഡാനന്തര സാമ്പത്തിക ഞെരുക്കം ഉള്ളതിനാൽ തല്ക്കാലം സമഗ്രസർവേ നടത്താൻ കഴിയില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. സാമ്പിൾ സർവേക്ക് സാമ്പത്തിക അനുമതി നല്കിയ സർക്കാരിന് സമഗ്രസർവേ നടത്താൻ സാമ്പത്തിക ഞെരുക്കമാണെന്നു പറയുന്നത് വിരോധാഭാസമാണ്. സർക്കാരിന്റെ ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Advertisement