യുക്രെയ്നിൽ കൊല്ലപ്പെട്ട നവീന്റെ ഭൗതിക ദേഹം മെഡിക്കൽ കോളജിന് കൈമാറും

ബെംഗളൂരു: യുക്രെയ്‌നിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം അന്തിമകർമങ്ങൾക്കുശേഷം മെഡിക്കൽ കോളേജിന് കൈമാറുമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പറഞ്ഞു.
നവീന്റെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ദാവൻഗരെയിലെ എസ്‌എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച്‌ സെന്ററിനാണ് ഭൗതികദേഹം കൈമാറുക.

മകന്റെ മുഖം കാണാൻ കഴിയുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾക്ക് നന്ദി പറയുന്നുവെന്നും ശേഖരപ്പ പറഞ്ഞു. യുക്രെയ്നിലെ നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം പോളണ്ടിലെ വാഴ്സയിലെത്തിച്ചാണ് ഇന്ത്യയിലേക്ക് കൊണ്ടുവരിക.

അന്ത്യകർമങ്ങൾക്കായി മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഖാർകിവ് നഗരത്തിൽ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്.

നാലാം വർഷ മെഡിക്കൽ വിദ്യാർഥിയാണ് നവീൻ. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്.

കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീൻ. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ്ടുവിന് 97 ശതമാനം മാർക്ക് നേടിയ നവീന് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ല.

Advertisement