തിരുവനന്തപുരം. മഴക്കാലമായാൽ റോഡുകളിലെ കുഴികളടയ്ക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് ഇനി പരിഹാരമാകുന്നു. മൺസൂൺ കാലത്തും റോഡ് അറ്റകുറ്റപ്പണികൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ പുതിയ പരിപാലന സംവിധാനം നടപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കനത്ത മഴക്കാലത്ത് പരമ്പരാഗത ‘ഹോട്ട് മിക്സ്’ (Hot Mix) സംവിധാനത്തിലൂടെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് ‘കോൾഡ് മിക്സ് സ്പ്രേ ഇഞ്ചക്ഷൻ’ (Cold Mix Spray Injection) എന്ന പുതിയ സാങ്കേതികവിദ്യ പൊതുമരാമത്ത് വകുപ്പ് അവതരിപ്പിക്കുന്നത്.
മഴക്കാലത്തും ശൈത്യകാലത്തും ഒരുപോലെ ഫലപ്രദമായി റോഡുകളിലെ കുഴികൾ പരിഹരിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. സംസ്ഥാനത്തെ ഏകദേശം മുപ്പതിനായിരം ലെയിൻ കിലോമീറ്റർ വരുന്ന റോഡ് ശൃംഖലയുടെ പരിപാലനത്തിനായി വാർഷിക പരിപാലന കരാർ സംവിധാനമാണ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പ്രത്യേക സജ്ജീകരണങ്ങളുള്ള പതിനഞ്ച് യന്ത്രങ്ങൾ സംസ്ഥാനത്തുടനീളം വിന്യസിക്കും. ഇതിലൂടെ റോഡുകളിലെ കുഴികൾ സമയബന്ധിതമായി പരിഹരിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
മൺസൂൺ കാലത്തും റോഡ് അറ്റകുറ്റപ്പണികൾ തടസ്സമില്ലാതെ നടക്കും, പുതിയ മിക്സ് എത്തി
Advertisement































