തിരുവനന്തപുരം: അൻപതാമത് വയലാർ രാമവർമ്മ സാഹിത്യ പുരസ്കാരം എഴുത്തുകാരി ആർ. രാജശ്രീക്ക്. ‘ആത്രേയകം’ എന്ന നോവലിനാണ് പുരസ്കാരം. ഞായറാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ എക്സിക്യൂട്ടീവ് ലോഞ്ചിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുരസ്കാരത്തിന് അർഹമായ കൃതി പ്രഖ്യാപിച്ചത്.
ഈ മാസം 27ന് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
അഞ്ച് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കൃതികളിൽനിന്നാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്. മലയാള സാഹിത്യരംഗത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായുള്ള വിലയിരുത്തലുകൾക്ക് ശേഷമാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുക്കുന്നത്.
വയലാർ ട്രസ്റ്റ് അംഗങ്ങളും ജഡ്ജിങ് കമ്മിറ്റി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






























