കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റും കിറ്റെക്‌സ് എം ഡിയുമായ സാബു എം ജേക്കബ്. ആന്റോ അഗസ്റ്റിനെ പൂട്ടാന്‍ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടന്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടര്‍ ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസന്‍സോ ദേശീയ സുരക്ഷാ ക്ലിയറന്‍സോ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം, മറ്റുള്ളവരുടെ ദുഃഖത്തില്‍ നിന്ന് കോടികള്‍ സമ്പാദിച്ചവരാണ് ചാനല്‍ അധികൃതരെന്നും കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ ഭരണകാലത്ത് കിറ്റെക്‌സ് ഫാക്ടറിയില്‍ 12 തവണ റെയ്ഡ് നടത്തിയപ്പോള്‍ അത് ന്യായോപയോഗിച്ച് പ്രസംഗിച്ചവരാണ് ഈ മാധ്യമമെന്നും സാബു ജേക്കബ് ഓര്‍മ്മിപ്പിച്ചു.
കലൂര്‍ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കം
മെസി തട്ടിപ്പില്‍ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നല്‍കിയാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ സ്വാധീനിക്കുന്നത്. മരംമുറി കേസില്‍ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കുന്ന ന്യായീകരണം കാണുമ്പോള്‍ പിണറായി വിജയന്‍ അടക്കമുള്ള മുതിര്‍ന്ന സി പി എം നേതാക്കള്‍ക്കും ഈ കൂട്ടുകച്ചവടത്തില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മെസ്സിയുടെ പേരില്‍ കലൂര്‍ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കമെന്നും, സി ജെ റോയിയെ പോലുള്ള വ്യവസായികളെ ഇ ഡിയെ ഉപയോഗിച്ച് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും സാബു ജേക്കബ് ആരോപിച്ചു. തങ്ങള്‍ എന്‍ ഡി എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാല്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്ളൂ എന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.
































