കണ്ണൂര്‍: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി വിശദീകരണവുമായി മുതിര്‍ന്ന നേതാവ് പിണറായി വിജയന്‍. സിപിഎം വിട്ടവര്‍ക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയന്‍, പയ്യന്നൂരില്‍ അടക്കം പാര്‍ട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോല്‍വിക്ക് കാരണം ബഹുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പമാണെന്നും ന്യായീകരിച്ചു. പയ്യന്നൂര്‍ മാത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
പാര്‍ട്ടി വിട്ടുപോയവര്‍ക്കും വിമതര്‍ക്കുമെതിരെ പിണറായി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂര്‍. ടി.ഐ. മധുസൂദനന്റെ വ്യക്തിപരമായ തോല്‍വിയായി കാണുന്നില്ല. വി. കുഞ്ഞിക്കൃഷ്ണന്‍ പാര്‍ട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി. പാര്‍ട്ടി നേതൃതലത്തിലുള്ളയാള്‍ (കുഞ്ഞിക്കൃഷ്ണന്‍) പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നു. ഇത് തിരിച്ചടിയായി. നേതൃസ്ഥാനത്തുണ്ടായിരുന്നവര്‍ കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ടപ്പോള്‍ ജനങ്ങളില്‍ ചില സംശയങ്ങളുണ്ടായി. പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. എന്നാല്‍ തെറ്റ് കണ്ടാല്‍ കൃത്യമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് സിപിഎം എന്നും, പയ്യന്നൂരിലെ ആരോപണങ്ങളില്‍ പാര്‍ട്ടി കൃത്യമായി പരിശോധിച്ച് വ്യക്തത വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിലര്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് വിലക്കെടുക്കാന്‍ കഴിയുന്നവരായി അധഃപതിച്ചെന്നും, എതിരാളികള്‍ നേടിയത് താല്‍ക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”സിപിഎമ്മിനോടൊപ്പം എല്ലാക്കാലവും നിലകൊണ്ട ചിലര്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. അവര്‍ പാര്‍ട്ടി നശിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല, മറിച്ച് താല്‍ക്കാലിക വികാരത്തിന് കീഴ്‌പ്പെട്ടതാണ്”. അത്തരം ആളുകള്‍ പറ്റിപ്പോയ തെറ്റുകള്‍ തിരുത്തി വീണ്ടും പാര്‍ട്ടിയുടെ സംരക്ഷകരായി തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയ കുഞ്ഞിക്കൃഷ്ണനെപ്പോലുള്ള ആര്‍ക്കും പിന്നീട് ഈ പ്രസ്ഥാനത്തിന് ഒരു പോറലുമേല്‍പ്പിക്കാന്‍ കഴിഞ്ഞ ചരിത്രമില്ലെന്നും, വളര്‍ന്നു പന്തലിച്ച ഈ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇത്തരം നീക്കങ്ങള്‍ക്കാവില്ലെന്നും പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.


































