28 C
Kollam
Sunday 27th September, 2026 | 08:33:07 PM
Home News Kerala അമിത ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു, മുന്നറിയിപ്പുമായി നടി ഷക്കീല

അമിത ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു, മുന്നറിയിപ്പുമായി നടി ഷക്കീല

അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് കഴുത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായെന്ന് നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷക്കീല ഇക്കാര്യം പങ്കുവച്ചത്. കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചിരിക്കുന്ന ഷക്കീലയെയാണ് വിഡിയോയിൽ കാണുന്നത്.

കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം പരിചാരകരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി ട്രോൾ രൂപത്തിലാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. തുടർച്ചയായ ഫോൺ ഉപയോഗമാണ് ആരോഗ്യപ്രശ്നത്തിന് കാരണമായതെന്ന് ഷക്കീല പറഞ്ഞു.

കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും ഇതിനിടെ ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേറ്റിരുന്നതെന്നും ഷക്കീല പറഞ്ഞു. പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റീൽസ് കാണുന്നതും പതിവായിരുന്നു. തുടർച്ചയായ ഫോൺ ഉപയോഗം കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്നും അവർ വ്യക്തമാക്കി.

മൊബൈൽ ഫോൺ പരിമിതമായി മാത്രം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ഷക്കീല, കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നത് പരമാവധി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അമിത ഫോൺ ഉപയോഗം സാമ്പത്തിക നഷ്ടത്തിനൊപ്പം കടുത്ത വേദനയ്ക്കും കാരണമാകുമെന്നും അവർ പറഞ്ഞു.

“എന്നെ സ്നേഹിക്കുന്ന എല്ലാവരോടും പറയുകയാണ്, വളരെ പരിമിതമായി മാത്രം ഫോൺ ഉപയോഗിക്കുക. എല്ലാവരും ആരോഗ്യം ശ്രദ്ധിക്കുക” — ഷക്കീല പറഞ്ഞു.