ആലപ്പുഴ. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം മഴയും ശക്തമായതോടെ ആലപ്പുഴയിൽ കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകളിൽ ദുരിതം കടുക്കുന്നു. വെള്ളം കടലിലേക്ക് ഒഴുകി പോകേണ്ട തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപം മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസ്സപ്പെട്ടതും പ്രതിസന്ധി രൂക്ഷമാക്കി.പ്രതിഷേധം കനത്തതോടെ താൽക്കാലിക പാലം പൊളിച്ചു നീക്കിയാണ് മാലിന്യം കടലിലേക്ക് ഒഴുകിപ്പോകാൻ വഴിയൊരുക്കിയത്. എന്നാല്‍ പ്രളയം മുന്‍കൂട്ടി മനസിലാക്കാതെ വെള്ളത്തിന്‍റെ വഴി തുറക്കാഞ്ഞത് ആരുടെ കുറ്റമെന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെ സിപിഎം സ്ഥലത്ത് സമരവും തുടങ്ങി.
കിഴക്കൻ വെള്ളം ഒഴുകിയെത്തി പൂർണമായും ദുരിതരായ കുട്ടനാട് അപ്പർകുട്ടനാടൻ മേഖലകൾക്ക് ആഘാതം വർദ്ധിപ്പിച്ചാണ് ഇന്നലെ രാത്രി മുതൽ മഴ ശക്തമായത്.ഇതോടെ ഒഴുക്ക് വെള്ളത്തിനൊപ്പം പെയ്ത്ത് വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന തോട്ടപ്പള്ളി സ്പില്‍വേ ഷട്ടറിന് ഇരുവശവും മാലിന്യങ്ങൾ അടിഞ്ഞുകൂടിയത് വെള്ളത്തിൻറെ ഒഴുക്കിനെയും ബാധിച്ചിരുന്നു.പൊഴിമുഖത്ത് ആവശ്യത്തിന് മണൽ നീക്കാത്തതും വെള്ളത്തിൻറെ ഒഴുക്കിനെ ബാധിച്ചു.
വിവരമറിഞ്ഞെത്തിയ കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.തുടർന്ന് ദേശീയപാത വിഭാഗം താൽക്കാലിക പാലം പൊളിച്ചു നീക്കാൻ നടപടി ആരംഭിച്ചു.മൂന്നു മണിക്കൂറിലേറെ സമയമെടുത്ത് പാലത്തിൻറെ ഒരു ഭാഗം അറുത്തുമാറ്റി.ഇതോടെ കെട്ടിക്കിടന്ന് മാലിന്യം കടലിലേക്ക് ഒഴുകിപ്പോയി. എന്നാല്‍ വെള്ളം നന്നായി ഒഴിയാന്‍ ഇതു മതിയാവില്ലെന്നാണ് വിലയിരുത്തല്‍.
മഴ ശക്തമായി തുടരുന്നതോടെ ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂന്നടിയിലേറെ വെള്ളമാണ് ഉയർന്നത്. വെള്ളം കയറിയിട്ടും വീടുകളിൽ നിന്ന് ആളുകൾ മാറാൻ തയ്യാറാകാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു എന്ന് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പറയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം വെള്ളം കയറിയതോടെ ആലപ്പുഴ നഗരത്തിലെ സ്കൂളുകളിലേക്കും കുട്ടനാട്ടിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.ദുരിതബാധിത മേഖലകളിലെ ഏകോപനം കുറച്ചുകൂടി മെച്ചപ്പെട്ടതാകണമെന്ന് ആവശ്യമാണ് ഉയരുന്നത്




























