Home News Kerala മഴ ചതിച്ചു; ട്രോളിങ് നിരോധനം നീങ്ങിയിട്ടും മത്സ്യത്തൊഴിലാളികൾക്ക് നിരാശ

മഴ ചതിച്ചു; ട്രോളിങ് നിരോധനം നീങ്ങിയിട്ടും മത്സ്യത്തൊഴിലാളികൾക്ക് നിരാശ


കൊല്ലം: അമ്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം വീണ്ടും കടലിലിറങ്ങാനുള്ള മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി. ട്രോളിങ് നിരോധനം അവസാനിച്ച വെള്ളിയാഴ്ച അർധരാത്രിയോടെ ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഉൾപ്പെടെയുള്ള തുറമുഖങ്ങളിൽ നിന്ന് ആവേശത്തോടെ കടലിലിറങ്ങിയ ബോട്ടുകളിൽ പലതും പണി തുടങ്ങാനാകാതെ പാതിവഴിയിൽ മടങ്ങേണ്ടിവന്നു.

52 ദിവസമായി തൊഴിലില്ലാതെ വീട്ടിലിരുന്ന മത്സ്യത്തൊഴിലാളികൾ വലിയ പ്രതീക്ഷയോടെയാണ് കടലിലിറങ്ങിയത്. എന്നാൽ ശക്തമായ കാറ്റും ഉയർന്ന തിരമാലകളും മൂലം ആദ്യ ദിവസങ്ങളിൽ മത്സ്യബന്ധനം കാര്യമായി നടന്നില്ല. ഏകദേശം 40 വലിയ ബോട്ടുകൾ കടലിലെത്തിയെങ്കിലും വലയിടാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഉൾക്കടലിൽ തിരമാലകളിൽപ്പെട്ട് ബോട്ടുകൾ കറങ്ങിയതോടെ മത്സ്യബന്ധനം ദുഷ്കരമായതായി തൊഴിലാളികൾ പറഞ്ഞു.

രണ്ടാം ദിവസം ചില ബോട്ടുകൾ കടലിലിറങ്ങിയെങ്കിലും പ്രതീക്ഷിച്ച തോതിൽ മത്സ്യം ലഭിച്ചില്ല. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ഞായറാഴ്ച എത്തിയത് കൂടുതലും കിളിമീനും വെള്ള കണവയുമായിരുന്നു. ഇടത്തരം ബോട്ടുകൾ പലതും കടലിലിറക്കിയില്ല. കാലാവസ്ഥ മോശമായതോടെ 30-ഓളം ബോട്ടുകൾ സുരക്ഷിതമായി തുറമുഖങ്ങളിലേക്ക് മടങ്ങി നങ്കൂരമിട്ടു.

ആഴക്കടൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ട വലിയ ബോട്ടുകൾ നാല് മുതൽ ഏഴ് ദിവസം വരെ കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. അവയിൽ നിന്ന് കരിക്കാടി, കഴന്തൻ, നാരൻ, വലിയ അയല, കൊഴിയാള തുടങ്ങിയ ഇനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.

മുന്നറിയിപ്പ് അവഗണിക്കാതെ ബോട്ടുകൾ മടങ്ങി

കടലിൽ ദുരന്തസാധ്യത നിലനിൽക്കുന്നതിനാൽ ബോട്ടുകൾ കടലിലിറങ്ങരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നൽകിയിരുന്നു. കടലിലെ അന്തരീക്ഷം അതീവ അപകടകരമായിരുന്നുവെന്നും വലയിടാൻ പോലും സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കാലാവസ്ഥ അനുകൂലമായാൽ തിങ്കളാഴ്ച മുതൽ ജില്ലയിലെ തീരമേഖല വീണ്ടും സജീവമാകുമെന്നും മത്സ്യലഭ്യത വർധിക്കുമെന്നുമാണ് പ്രതീക്ഷ.

കിളിമീനിന് കിലോയ്ക്ക് 250 രൂപ വരെ

ഞായറാഴ്ച രാവിലെ ഹാർബറുകളിലെത്തിയ കിളിമീനും കണവയും പ്ലാസ്റ്റിക് കൊട്ട അടിസ്ഥാനത്തിലും തൂക്കത്തിലും ലേലം ചെയ്ത് വിറ്റു. വലിയ കിളിമീനിന് കിലോയ്ക്ക് 200 മുതൽ 250 രൂപ വരെയും ചെറിയ കിളിമീനിന് 150 മുതൽ 160 രൂപ വരെയും വില ലഭിച്ചു. കണവയ്ക്ക് കിലോയ്ക്ക് 500 രൂപ വരെ ലഭിച്ചു.

ചില ബോട്ടുകൾക്ക് രണ്ട് മുതൽ രണ്ടര ലക്ഷം രൂപ വരെ വരുമാനം ലഭിച്ചെങ്കിലും ഡീസൽ, ഐസ്, തൊഴിലാളികളുടെ ഭക്ഷണം, ബാറ്റ തുടങ്ങിയ ചെലവുകൾക്കായി ഏകദേശം 50,000 രൂപ വരെ ചെലവായതായി ബോട്ടുടമകൾ പറഞ്ഞു. മണ്ണെണ്ണയുടെയും ഡീസലിന്റെയും വിലവർധനയും മത്സ്യബന്ധന മേഖലയെ ബാധിക്കുന്നുണ്ട്.

പ്രതീക്ഷയോടെ ഹാർബറുകൾ വീണ്ടും ഉണരുന്നു

ട്രോളിങ് നിരോധനകാലത്ത് അടഞ്ഞുകിടന്നിരുന്ന ഹാർബറുകൾക്ക് സമീപത്തെ കടകളും അനുബന്ധ സ്ഥാപനങ്ങളും വീണ്ടും പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സ്യം വാങ്ങാനെത്തുന്ന വാഹനങ്ങളുടെ തിരക്ക് വരും ദിവസങ്ങളിൽ വർധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ ദിവസങ്ങളിൽ മത്സ്യം കുറഞ്ഞതിനാൽ നിരവധി വ്യാപാരികൾ നിരാശരായി മടങ്ങേണ്ടിവന്നിരുന്നു.

ട്രോളിങ് നിരോധനകാലത്ത് ആഭരണങ്ങൾ പണയപ്പെടുത്തിയും സഹകരണ സംഘങ്ങളിൽ നിന്ന് വായ്പയെടുത്തുമാണ് പലരും ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികൾ നടത്തിയത്. എന്നാൽ മഴയും കടൽക്ഷോഭവും വീണ്ടും തിരിച്ചടിയായതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലെ തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

ട്രോളിങ് നിരോധനവും കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് റേഷനോ പഞ്ഞമാസ ആശ്വാസധനമോ ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. സർക്കാർ സഹായവും തെളിഞ്ഞ കാലാവസ്ഥയും ലഭിച്ചാൽ മാത്രമേ മത്സ്യബന്ധന മേഖല വീണ്ടും പഴയ നിലയിലേക്ക് തിരിച്ചെത്താനാകൂ എന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here