27.9 C
Kollam
Wednesday 12th August, 2026 | 11:42:14 AM
Home News Kerala കാണാതായ പെൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ഒപ്പം വനത്തിൽ കണ്ടെത്തി,ടെന്‍റും ഭക്ഷണ സാമഗ്രികളും കരുതി കാട് കയറി

കാണാതായ പെൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ഒപ്പം വനത്തിൽ കണ്ടെത്തി,ടെന്‍റും ഭക്ഷണ സാമഗ്രികളും കരുതി കാട് കയറി

ai image

കോഴിക്കോട്. കാണാതായ പെൺകുട്ടിയെ മൂന്ന് സുഹൃത്തുക്കൾ ഒപ്പം
വനത്തിൽ കണ്ടെത്തി സമീപത്തെ മലഞ്ചെരുവിൽ ടെൻ്റ് കെട്ടി താമസിച്ചു വരുകയായിരുന്നു

മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വയനാട്ടിലെ മലഞ്ചെരുവിൽ നിന്നാണ് കണ്ടെത്തിയത്. നാടിനെയും പൊലീസിനെയും ഏറെ ആശങ്കയിലാഴ്ത്തിയ ഈ സംഭവത്തിന് വെള്ളിയാഴ്ച രാത്രിയോടെയാണ് ശുഭപര്യവസാനമുണ്ടായത്. പത്താം ക്ലാസ് വിദ്യാർഥിനിയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും ചേർന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് ഒളിച്ചോട്ടം നടത്തിയത്. യാത്രയ്ക്കുള്ള പണം കണ്ടെത്താനായി ഇവരിൽ ഒരാളുടെ വിലകൂടിയ സ്മാർട്ട്ഫോൺ പതിനായിരം രൂപയ്ക്ക് താമരശ്ശേരിയിലെ ഒരു കടയിൽ വിറ്റിരുന്നു. കാട്ടിൽ ദിവസങ്ങളോളം താമസിക്കുക എന്ന ലക്ഷ്യത്തോടെ ടാർപായ, അരി, ബ്രെഡ്, പാചകപാത്രങ്ങൾ, എന്നിവയും കൂടെക്കരുതിയിരുന്നു.

വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്കൂളിലേക്ക് എന്ന് പറഞ്ഞാണ് വിദ്യാർഥിനി വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കുട്ടി ക്ലാസിൽ എത്താതിരുന്നതിനെ തുടർന്ന് സ്കൂളിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്കൂളിന് സമീപത്തെ റബർതോട്ടത്തിൽ നിന്ന് കുട്ടിയുടെ യൂണിഫോം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതേ സമയത്തുതന്നെ ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെയും മറ്റൊരു സുഹൃത്തിനെയും രണ്ട് ഇരുചക്ര വാഹനങ്ങളുമായി കാണാതായിട്ടുണ്ടെന്ന് വ്യക്തമായി. സ്കൂളിന് സമീപത്തെ പറമ്പിൽ ഇവരെ ഒരുമിച്ച് കണ്ട ഒരു റബർ ടാപ്പിങ് തൊഴിലാളി സംശയം തോന്നി എടുത്ത മൊബൈൽ ചിത്രമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ ചിത്രം കണ്ട് കുട്ടികളെ തിരിച്ചറിഞ്ഞ പൊലീസ്, പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ ലക്കിടി ചുരം കടന്ന് വയനാട്ടിലേക്ക് പോയതായി ഉറപ്പിച്ചു.

വയനാട് വടുവൻചാലിലെ ചിത്രഗിരി മേഖലയിലുള്ള അഞ്ചേക്കറോളം വരുന്ന മലഞ്ചെരുവിൽ ടെന്റടിച്ചാണ്
വിദ്യാർഥികൾ താമസിച്ചിരുന്നത്. വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ചിത്രഗിരി സ്കൂളിന് സമീപത്തെ കാട്ടുപ്രദേശത്ത് നിന്ന് ആദ്യം
ഒരു വിദ്യാർഥിയെ നാട്ടുകാർ കണ്ടെത്തി. പൊലീസെത്തിയ വിവരം മനസ്സിലാക്കി മറ്റ് രണ്ടുപേരും സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിന്തുടർന്ന് ഇവരെ പാടിവയൽ ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് മൂവരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളെക്കുറിച്ച് പൊലീസ് ഇപ്പോൾ വിശദമായി അന്വേഷിച്ചുവരികയാണ്