28.3 C
Kollam
Friday 14th August, 2026 | 11:45:27 AM
Home News Breaking News ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച്...

ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്

ഇടുക്കി. മൂന്നാർ ചിന്നക്കനാലിൽ പതിറ്റാണ്ടുകളായി ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തി വെച്ചിരുന്ന സർക്കാർ ഭൂമി തിരിച്ചു പിടിച്ച് വനംവകുപ്പ്. ഹൈക്കോടതി വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് നടപടി. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രവുമായ നൂറേക്കക്കറിലധികം ഭൂമിയാണ് ഏറ്റെടുത്തത്. വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളിലൊന്നാണിത് എന്നതും ശ്രദ്ധേയം


അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ 42.72 ഹെക്ടർ ഭൂമിയാണ് വനംവകുപ്പ് അതിസാഹസികമായി സ്വകാര്യ കമ്പനിയിൽ നിന്ന് തിരിച്ചുപിടിച്ചത്.
1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് ആക്ട് പ്രകാരം 1975-ൽ എച്ച്എംഎൽ കമ്പനിയിൽ നിന്ന് വനംവകുപ്പ് ഏറ്റെടുത്ത 210.89 ഹെക്ടർ ഭൂമിയെ ചൊല്ലിയായിരുന്നു തർക്കം. കമ്പനിയുടെ ഹർജിയിൽ 1987-ൽ ഹൈക്കോടതി പുറപ്പെടുവിച്ച അന്തിമ വിധിയിൽ 168.72 ഹെക്ടർ കമ്പനിക്ക് തിരികെ നൽകാനും, അവശേഷിക്കുന്ന 42.72 ഹെക്ടർ സർക്കാരിന് ഏറ്റെടുക്കാനുമായിരുന്നു ഉത്തരവ്.
2001-ൽ ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഭൂമി കൈമാറാൻ കമ്പനി തയ്യാറായില്ല.
കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങളുടെ പ്രധാന ആവാസകേന്ദ്രമായ ഈ ഭൂമിയിലാണ് കൊളുക്കുമലയ്ക്ക് സമീപം കമ്പനി ഭൂമി പാട്ടത്തിന് നൽകി സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള സ്വകാര്യ ടെന്റ് ക്യാമ്പ് നടത്തിവന്നിരുന്നതും. പ്രകൃതിയെ ചൂഷണം ചെയ്ത് കമ്പനി കോടികൾ കൊയ്തെടുക്കുകയും ചെയ്തു.
വനംവകുപ്പ് ഉദ്യോഗസ്ഥർ മാസങ്ങളായ് നടത്തിയ രഹസ്യ സർവേയ്ക്ക് ഒടുവിലാണ് സർവേ നമ്പർ 355-479, 353-482, 361 എന്നിവയിലുൾപ്പെട്ട ഭൂമി കമ്പനിയുടെ പട്ടയത്തിൽ നിന്ന് പൂർണ്ണമായി കുറവുചെയ്ത് വനംവകുപ്പിന്റെ അധീനതയിലാക്കിയത്.

ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയാണ് ഭൂമി തിരിച്ചെടുക്കുന്നതിലെ താമസത്തിന് കാരണമെന്ന് ആക്ഷേപം ശക്തമായിരുന്നു. തിരിച്ചു പിടിച്ച ഭൂമിയിൽ വനംവകുപ്പിന്റെ ജണ്ടകളും ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു.