ശാസ്താംകോട്ട.പഞ്ചായത്തില്‍ നടന്ന ക്രമക്കേട് കണ്ടെത്തി താല്‍ക്കാലിക ജീവനക്കാരനെതിരെ നടപടിയുമായി മുന്നോട്ടു പോകുന്നു,യുഡിഎഫിന്‍റേത് സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇസെഡ് ആന്റണി പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ 2025-26 ലെ വാർഷിക ധനകാര്യ കണക്കെടുപ്പിന്റെ ഭാഗമായി ധനകാര്യ സ്റ്റേറ്റ്മെന്റുകൾ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പ്രോജക്ട് അസിസ്റ്റന്റായിരുന്ന എബിൻ കെഷിബു കേന്ദ്രധനകാര്യകമ്മീഷൻ ഗ്രാന്റിനത്തിൽ ഗ്രാമപഞ്ചായത്തിന് ലഭ്യമായ തുക അപഹരിച്ചിട്ടുള്ളതായി ബോധ്യപെട്ടു ഉടൻ തന്നെ സെക്രട്ടറി അടക്കമുള്ള പഞ്ചായത്തിലെ ഉദ്യോഗസ്ഥർ പ്രസിഡന്റ് ആയ തന്നെ വിവരങ്ങൾ അറിയിക്കുകയും തന്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിലെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസിൽ പരാതി നൽകി സാമ്പത്തിക ക്രമക്കേട് നടത്തിയ താൽക്കാലിക ജീവനക്കാരനായ എബിൻ കെ ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലിച്ച അതേ നടപടിക്രമങ്ങൾ പാലിച്ചാണ് ശാസ്താംകോട്ട പഞ്ചായത്തിലും ഒരു വർഷത്തെ കരാറിൽ പ്രോജക്ട് അസിസ്റ്റന്റനെ നിയമിച്ചത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെയാണ് പരിശോധിച്ചു ക്രമക്കേടുകൾ കണ്ടെത്തിയത്. പഞ്ചായത്തിൽ നിന്നും പണം അപഹരിച്ച തൽക്കാലിക ജീവനക്കാരനെതിരെ കർശന നടപടികളുമായി ഭരണസമിതി മുന്നോട്ടു പോകുകയാണ്.
കുറ്റക്കാരനായ കരാർ ജീവനക്കാരനെതിരെ ആവശ്യമായ നടപടികൾക്ക് പഞ്ചായത്ത് ഭരണസമിതി ഒരുമിച്ചു നിൽക്കേണ്ട സന്ദർഭത്തിൽ സങ്കുചിതമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഭരണത്തെ തടസ്സപ്പെടുതുന്ന ശ്രമമാണ് യുഡിഎഫ് നടത്തുന്നത്.
കഴിഞ്ഞ 10 വർഷത്തിലധികമായി മികവുറ്റ പ്രവർത്തനങ്ങൾ നടത്തി നിരവധി ദേശീയ സംസ്ഥാന അംഗീകാരങ്ങൾ നേടിയ പഞ്ചായത്തിനെ ഒരു കരാർ ജീവനക്കാരൻ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ മോശപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. ഇത്തരം തെറ്റായ പ്രവർത്തനങ്ങളിൽ നിന്ന് യുഡിഎഫ് പിന്മാറണം എന്നും പഞ്ചായത്തിന്റെ സുഗമമായ ഭരണനിർവഹണത്തിന് അവസരം ഒരുക്കണമെന്നും ,കഴിഞ്ഞ കാലങ്ങളിലേതു പോലെ മികച്ച പ്രവർത്തനം നടത്തുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും Z. ആന്റണി അഭ്യര്‍ഥിച്ചു.


































