തിരുവനന്തപുരം: കോർപ്പറേഷനിൽ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാർരുടെ സത്യപ്രതിഞ്ജ ഹൈക്കോടതി അസാധുവാക്കിയ നടപടി അംഗീരിക്കുമെന്ന് തിരുവനന്തപുരം മേയർ വിവി രാജേഷ് പറഞ്ഞു.
29 ന് കൗൺസിൽ യോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിഞ്ജ അസാധുവാക്കപ്പെട്ടവരിൽ വാഴോട്ട്കോണം കൗൺസിലറും കാപ്പാ കേസിലും ഗുണ്ടാ കേസിലും പെട്ട് ഇപ്പോൾ വിയ്യൂർ ജയിലിലുമായിരിക്കുന്ന ആർ സുഗതനും ഉൾപ്പെടും. ഇയാൾക്ക് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനും വീണ്ടും സത്യപ്രതിഞ്ജ കഴിയുമോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ബഹുമാനപ്പെട്ട കോടതി തിരുമാനിക്കട്ടെയെന്നും, കാത്തിരുന്ന് കാണാമെന്നുമായിരുന്നു മറുപടി.
ആർ സുഗതനെപ്പറ്റി മേയറോട് ചോദിച്ചപ്പോൾ ബിജെപിയുടെ അംഗീകാരം വർദ്ധിച്ചിട്ടേയുള്ളു വെന്നും, തെരുവ് നായ് ശല്യം കുറഞ്ഞുവെന്നുമായിരുന്നു വിവി രാജേഷിൻ്റെ മറുപടി. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ ആർ സുഗതന് കഴിഞ്ഞിട്ടില്ല. ശ്രീ നാരായണഗുരുവിൻ്റെ നാമത്തിലായിരുന്നു സുഗതൻ സത്യപ്രതിഞ്ജ ചൊല്ലിയത്.
20 കൗൺസിലർമാർ നാല് ആഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ദൈവനാമത്തിൽ എന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെ പേരിലും ബലിദാനികളുടെ പേരിലുമായിരുന്നു ഇവർ സത്യപ്രതിജ്ഞ ചൊല്ലിയത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് 20 കൗൺസിലർമാരുടെയും സത്യപ്രതിജ്ഞ അസാധുവാക്കി കൊണ്ടുള്ള വിധി പറഞ്ഞത്.
സിപിഎം കൗൺസിലർ എസ്.പി.ദീപക്കാണ് ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞുള്ള സത്യപ്തിജ്ഞയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഈ കൗൺസിലർമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
കേരള മുൻസിപ്പാലിറ്റി നിയം, 1994ന്‍റെ ലംഘനമാണുണ്ടായത്. ഇതനുസരിച്ച് ദൈവനാമത്തിലോ, സഗൗരവമോ ആവണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ബിജെപി കൗൺസിലർമാർ ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റെ നാമത്തിൽ എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ആർഎസ്എസ് ഗണഗീതം പാടിയതും വിവാദമായിരുന്നു.
































