27.1 C
Kollam
Wednesday 16th September, 2026 | 07:54:41 PM
Home News Kerala പ്ലസ്‌ വൺ ആദ്യ അലോട്ട്മെന്റ്; പ്രവേശനം നാളെവരെ

പ്ലസ്‌ വൺ ആദ്യ അലോട്ട്മെന്റ്; പ്രവേശനം നാളെവരെ

പ്ലസ്‌ വൺ ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികളുടെ പ്രവേശന നടപടികൾ ആരംഭിച്ചു. ബുധൻ വൈകിട്ട്‌ അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്‌ഷൻ ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാൻ ഇവർക്ക് അവസരമുണ്ട്‌. ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിൽ നൽകണം.


അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഹയർ സെക്കൻഡറിയിൽ 2,46,638 പേർക്ക്‌ അലോട്ട്മെന്റ് ലഭിച്ചു. 71,264 സീറ്റ്‌ ഒഴിവുണ്ട്. ആകെ 4,44,772 അപേക്ഷകളാണ് ഉള്ളത്.

പ്രവേശന സമയത്ത് അനധികൃത പിരിവ് നടത്തിയാൽ സ്‌കൂൾ അധികൃതർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അലോട്ട്‌മെന്റ് ലെറ്ററിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്കൂ‌ളിൽ ഫീസോ, ഫണ്ടോ നൽകേണ്ടതില്ല. അനധികൃത പിരിവ് നടന്നാൽ ബന്ധപ്പെട്ട ഫോൺ നമ്പറുകളിൽ അറിയിക്കുന്നതിനൊപ്പം ictcelldge@gmail.comവഴിയും പരാതി അയക്കാം. പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്. പരാതികളുടെ അടിസ്‌ഥാനത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് മിന്നൽ പരിശോധനയും ആരംഭിച്ചു.