തിരുവനന്തപുരം.പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സ്ഥാനക്കയറ്റ നടപടികൾ പൂർത്തിയാകാത്തതിനാൽ 200ലധികം സർക്കാർ സ്കൂളുകളിൽ പ്രധാന അധ്യാപകരില്ല. കോട്ടയം ഇടുക്കി എറണാകുളം കാസർഗോഡ് ജില്ലകളിൽ മാത്രം 139 സ്കൂളുകളിലാണ് പ്രധാന അധ്യാപകരില്ലാത്തത്. അധ്യാപകർക്കുള്ള പ്രമോഷൻ നടപടികൾ വേഗത്തിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ആകെയുള്ള 20 ഡെപ്യൂട്ടി ഡിഡിഇ തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്.
പുതിയ അധ്യായന വർഷം തുടങ്ങിയിട്ടും സംസ്ഥാനത്തെ പല സ്കൂളുകളിലും പ്രധാനധ്യാപകരില്ല… 1228 സർക്കാർ ഹൈസ്കൂളുകളിൽ 253 ഇടത്താണ് പ്രധാനധ്യാപകർ ഇല്ലാത്തത്… 830 സർക്കാർ ഹയർസെക്കന്ററി 99 ഇടത്തും അവസ്ഥ ഇതുതന്നെ. ഇടുക്കിജില്ലയിൽ 85 ൽ 39 ഹൈസ്കൂളുകളിലും കാസർകോട് 98 ൽ 31 ഇടത്തും എറണാകുളത്ത് 101 ൽ 38 ഇടത്തും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയത്ത് 25 ഹൈസ്കൂളുകളിലാണ് പ്രധാനധ്യാപകരുടെ ഒഴിവുള്ളത്. ഉന്നതതലങ്ങളിലേക്ക് പോയാലും സ്ഥിതി വ്യത്യസ്തമല്ല. ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ തസ്തികകളിൽ 9 എന്നാവും ഒഴിഞ്ഞുകിടക്കുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും മേധാവിമാരില്ലാതെ പ്രതിസന്ധിയിൽ ആവുകയാണ്. 39 ഡിഇഒ തസ്തികകളിൽ പതിനൊന്നിടത്ത് ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട് അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത് മാത്രമാണ് സ്ഥിരം എഡി ഉള്ളത്. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ് എന്നിവിടങ്ങളിലും എഡിമാരില്ല. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു.
താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. തിരഞ്ഞെടുപ്പ് വന്നതും സർക്കാർ രൂപീകരണം വൈകിയതുമാണ് പ്രതിസന്ധിക്ക് കാരണം… ഇനിയും നടപടികൾ വൈകിപ്പിച്ചാൽ വിദ്യാലയങ്ങളുടെ പ്രവർത്തനം താറുമാറാകുമെന്ന് ഇടത് അധ്യാപക സംഘടനകൾ ആശങ്കപ്രകടിപ്പിക്കുന്നു.




































