കോഴിക്കോട്.താമരശ്ശേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുവന്ന് വീട്ടിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദിനെയാണ് ബംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് തടവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ ലഹരിക്കടത്ത് സംഘത്തിന്റെ ബന്ധം വ്യക്തമാകുന്നതായി പൊലീസ് അറിയിച്ചു. ഒളിവില് കഴിയുന്ന പ്രതികള്ക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.
എംഡിഎംഎ നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്. സാജിദിന്റെ സുഹൃത്തായ വിമൽ എന്നയാളാണ് പണം വാങ്ങിയതെന്നാണ് പിടിയിലായ പ്രതികളുടെ മൊഴി. സാജിദും വിമലും ബംഗലൂരുവില് ഒരേ മുറിയിലായിരുന്നു താമസം. കഴിഞ്ഞ നാലാം തീയതി കൊടുവള്ളി സ്വദേശി ഷിഹാബ്, സൽമാൻ, അശ്വിൻ എന്നിവരടങ്ങിയ സംഘം ബംഗളൂരുവില് എത്തി. വിമലിനെ അന്വേഷിച്ചെത്തിയ സംഘം മുഹമ്മദ് സാജിദിനെ ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.
സാജിദ് മുഖാന്തിരമാണ് വിമലിന് പണം നൽകിയതെന്നും, പണമോ എംഡിഎംഎയോ തിരികെ ലഭിക്കുന്നതുവരെ സാജിദിനെ വിട്ടയക്കില്ലെന്നുമാണ് പ്രതികൾ വിമലിനെ അറിയിച്ചു. തുടർന്ന് അഞ്ചാം തീയതി പുലർച്ചെയോടെ സാജിദിനെ താമരശ്ശേരി മുടൂരിലെ വാടകവീട്ടിലെത്തിച്ചു. ഇവിടെ മുകളിലെ നിലയിലെ മുറിയിൽ പൂട്ടിയിട്ടു ഭക്ഷണം നല്കാതെ മർദിച്ചെന്നും സാജിദ് പൊലീസിനു മൊഴി നൽകി. ഇതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പൊലീസെത്തി സാജിദിനെ മോചിപ്പിക്കുയായിരുന്നു. സംഭവത്തിൽ ഷിഹാബിനെയും സുഹൃത്തായ അശ്വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള സൽമാനും ആക്കോയക്കും വേണ്ടി തിരച്ചില് ആരംഭിച്ചു. ലഹരിക്കടത്ത് സംഘങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നും കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.




































