29.2 C
Kollam
Thursday 24th September, 2026 | 12:40:57 PM
Home News Breaking News ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍

കോഴിക്കോട്: ആനക്കൊമ്പ് കടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍. തിരുവനന്തപുരം വനം ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡിന്റെയും താമരശ്ശേരി റേഞ്ച് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോട് കക്കോടി പാലത്തിന് സമീപത്ത് നിന്നുമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
കക്കോടി പാലത്ത് നൂര്‍ മന്‍സില്‍ അസീല്‍, താമരശ്ശേരി സ്വദേശി പരീത്, കോട്ടയം പാമ്പാടി സ്വദേശി കെ വി വിന്‍സന്റ്, കക്കോടി പാലത്ത് മുഹമ്മദ് റിഹാന്‍, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ദില്‍ഷാദ് എന്നിവരാണ് പിടിയിലായത്. ഇതില്‍ കക്കോടി സ്വദേശി അസീലിന്റെ വീട്ടില്‍ നിന്നുമാണ് ആനക്കൊമ്പ് കണ്ടെത്തിയത്. സംസ്ഥാനത്ത് ആനക്കൊമ്പ് കടത്ത് വീണ്ടും വ്യാപകമാകുന്നുവെന്ന വിവരത്തെ തുടര്‍ന്ന് വനം ഇന്റലിജന്‍സ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കോഴിക്കോട് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.


സംഘം ആനവേട്ടയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും മറ്റ് ആരുടെയെങ്കിലും ഇടനിലക്കാരാണോ എന്നതുമടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിയിലായവര്‍ ഈ മേഖലയിലെ പ്രധാന കണ്ണികളാണെന്നാണ് സൂചന.