തിരുവനന്തപുരം: മുന്‍ ഡിജിപി കൊട്ടാരക്കര പണ്ടകശാലയിൽ കുടുംബാംഗമായ
ഡോ. പി. ജെ. അലക്സാണ്ടർ അന്തരിച്ചു. 92 വയസായിരുന്നു. 1994ല്‍ വിരമിക്കുമ്പോള്‍ കെഎസ്ഐഡിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. അലക്സാണ്ടർ കേരള സർവകലാശാലയില്‍ അധ്യാപകനായിരിക്കെ 1961-ലാണ് ഐപിഎസ് നേടിയത്. കന്നിനിയമനം കോഴിക്കോട് എഎസ്പിയായിട്ടായിരുന്നു.
പാലക്കാട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായിരുന്നു. 75-ൽ ഡിഐജിയായി. തുടർന്നു റവന്യൂ ബോർഡ് ജോയിന്റ് കമ്മിഷണർ, സാമ്പത്തിക കുറ്റാന്വേഷണം, സെക്യൂരിറ്റി ഇന്‍റലിജൻസ് ഡിഐജിയായും ട്രാവൻകൂർ ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെഎസ്ആർടിസി എന്നിവയുടെ എംഡിയായും പ്രവർത്തിച്ചു. എൺപത്തിമൂന്നിൽ ഐജിയായി. ക്രൈം ഐജി, ഐഎംജി ഡയറക്ടർ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു. നിയമപാലനവും ക്രമസമാധാനവും എന്ന വിഷയത്തിൽ ഇതിനിടെ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഒന്നാംക്ലാസിൽ നിയമബിരുദവും നേടി. നാലു പുസ്‌തകങ്ങളുടെ രചയിതാവും കൂടിയാണ് ഡോ. അലക്സാണ്ടർ.
വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.മൃതദേഹം കവടിയാറിലെ വസതിയിൽ. വിദേശത്തുള്ള മകൾ എത്തിയശേഷമായിരിക്കും സംസ്കാരം.



































