25.6 C
Kollam
Saturday 8th August, 2026 | 05:00:32 PM
Home News Breaking News ചുരിദാർ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി...

ചുരിദാർ ധരിച്ചെത്തിയത് വിലക്കി; സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ പ്രധാന അധ്യാപിക നിയമ നടപടിയുമായി മുന്നോട്ട്

കൊല്ലം: കൊല്ലം നെടുവത്തൂരിൽ ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂള്‍ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അധ്യാപികയായ സിന്ധു എസ് നായർ. സ്കൂൾ മാനേജർ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് അധ്യാപിക ആരോപിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ ഒരു എച്ച്എമ്മിനെ തടയുമെന്ന് പ്രതീക്ഷിച്ചില്ല. കുട്ടികൾക്ക് മുന്നിൽ നേരിട്ട അനുഭവം മാനസികമായി തളർത്തിയെന്നും സിന്ധു പ്രതികരിച്ചു.

കൊട്ടാരക്കര നെടുവത്തുർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്രധാന അധ്യാപികയായ സിന്ധു രാവിലെ സ്കൂളിലെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് തുറന്നില്ല. ചുരിദാർ ധരിച്ചെത്തിയതിനാൽ പ്രവേശിപ്പിക്കേണ്ടെന്നാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്ന ജീവനക്കാരൻ്റെ മറുപടി. കുട്ടികൾക്ക് കഴിക്കാനുള്ള മുട്ടയും വാങ്ങിയെത്തിയ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓഫീസ് റൂമിലെത്തി മാനേജരായ സുരേഷ് കുമാർ ചുരിദാർ ധരിച്ച് വരുന്നതിനെ വിലക്കിയിരുന്നെന്ന് അധ്യാപിക പറയുന്നു. സംഭവത്തില്‍ അധ്യാപിക പൊലീസിൽ പരാതി നൽകി.

സർക്കാർ ഉത്തരവ് പ്രകാരം അധ്യാപികമാർ ചുരിദാർ ഇടുന്നത് വിലക്കാനാകില്ല. അതിന് വിരുദ്ധമായാണ് മാനേജർ പ്രവർത്തിച്ചതെന്നാണ് പരാതി. എന്നാൽ വസ്ത്രത്തിൻ്റെ പേരിൽ ആരെയും തടയാൻ പറഞ്ഞിട്ടില്ലെന്നാണ് മാനേജരുടെ വിശദീകരണം. അധ്യാപികയിൽ പൊലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.