അതിതീവ്ര ക്രിസ്ത്യൻ സംഘടനകളുടെ പിൻബലത്തിൽ കേരളത്തിൽ ചുവടുറപ്പിക്കാൻ ബി.ജെ.പി ശ്രമം – എറണാകുളം അതിരൂപത

​കൊച്ചി: ചില അതിതീവ്ര ക്രിസ്ത്യൻ നാമസംഘടനകളുടെ പിൻബലത്തോടെ കേരളത്തിൽ കുറച്ചുനാളായി മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് വർഗീയ ധ്രുവീകരണത്തിലൂടെ ക്രിസ്ത്യാനികൾക്കിടയിൽ ചുവടുറപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കത്തോലിക്കാസഭ എറണാകുളം അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘സത്യദീപം’ വാരിക മാർച്ച് 15 ലക്കത്തിൽ ‘വടക്കല്ല തെക്ക്’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ പരാമർശം.

റബർ വില കിലോയ്ക്ക് 300 രൂപ ആക്കിയാൽ ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് എം.പി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും എന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പ്രസ്താവന വിവാമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച എറണാകുളം അതിരൂപതയുടെ എഡിറ്റോറിയൽ ചർച്ചയാകുന്നത്. വിദ്വേഷത്തിന്റെ വിഭജന രാഷ്ട്രീയമല്ലാതെ മറ്റെന്ത് പരിപാടിയാണ് ബി.ജെ.പിക്ക് അവതരിപ്പിക്കാനുള്ളതെന്നും ​മുഖപ്രസംഗത്തിൽ ചോദിച്ചു.

മേഘാലയ, ത്രിപുര, നാഗാലാന്റ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യുന്നതാണ് ലേഖനം. ഇവിടങ്ങളിലെ വിജയത്തിന് പിന്നാലെ കേരളത്തിലും ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി നടത്തിയ അവകാശവാദത്തെ വാരിക രൂക്ഷമായി വിമർശിച്ചു.

‘വടക്കല്ല തെക്ക് എന്ന വകതിരിവുണ്ടാകണം. ഗോത്രസംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന വടക്കു കിഴക്കൻ മേഖലയും പുരോഗമന നവോത്ഥാനമൂല്യങ്ങളാൽ പ്രബുദ്ധമായ കേരളവും തമ്മിൽ താരതമ്യത്തിനുപോലും സാധ്യതയില്ല. പ്രധാനമന്ത്രി അടുത്തലക്ഷ്യമായി കേരളത്തെ പ്രഖ്യാപിച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ കൗതകമുണർത്തി. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ നേട്ടം നല്കുന്ന ‘ആത്മവിശ്വാസം’ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനു നിർണ്ണായക സ്വാധീനമുള്ള കേരളത്തിലും വിജയമാവർത്തിക്കാൻ പിൻബലമാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ’ -ലേഖനം ചൂണ്ടിക്കാട്ടുന്നു.

‘പ്രാദേശിക പാർട്ടികളുമായുള്ള സഖ്യബലത്തിൽ തുടരുന്ന ‘വിജയ’പ്രതീക്ഷയിൽ കേരളത്തെ അടുത്ത ലക്ഷ്യമാക്കി പ്രഖ്യാപിച്ചത് അതുകൊണ്ടാകും. സോഷ്യൽ മീഡിയയാണ് വർഗീയ ധ്രുവീകരണത്തിനുള്ള പ്രധാന പ്രചാരണ പരിസരം. ബി.ജെ.പി പിന്തുണയോടെ പുതിയ ക്രൈസ്തവ പാർട്ടി രൂപീകരിക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ബി.ഡി.ജെ.എസ് പോലെ ഒരു പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. വടക്കല്ല തെക്ക് എന്ന വകതിരിവുണ്ടാകണം.

അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിനുമുമ്പ് രാമക്ഷേത്രം തുറന്നു കൊടുക്കാനുള്ള തിരക്കിലാണ് പാർട്ടിയും ഭരണവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നയുടനെ പാചകവാതകത്തിന് വലിയതോതിൽ വില വർധിപ്പിച്ചുകൊണ്ട് ജനവിരുദ്ധ പാതയിൽത്തന്നെയെന്ന് വീണ്ടും വീണ്ടും പാർട്ടി തെളിയിക്കുമ്പോഴും, വർഗീയത വിതച്ച് വിദ്വേഷം കൊയ്ത് ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അതൊക്കെയും മറികടക്കാമെന്നാണ് വിചാരം!

ഏറ്റവും ഒടുവിൽ മതത്തിന് അതീതമായി രാജ്യത്തെക്കുറിച്ച് ചിന്തിക്കണമെന്ന കർക്കശനിർദേശവുമായി സുപ്രീംകോടതിയുടെ നിരീക്ഷണമെത്തിയത് ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസമായി. രാജ്യത്തെങ്ങും അടിമുടി പേരുമാറ്റം ആവശ്യപ്പെട്ടെത്തിയ ബി ജെ പി നേതാവിനോട് ഒരു പ്രത്യേക മതവിഭാഗത്തിനുനേരെ വിരൽ ചൂണ്ടിക്കൊണ്ടുള്ള പേരുമാറ്റ നിർദേശം മതേതര നിലപാടിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമായി പറഞ്ഞു. ‘ചരിത്രം ഭാവിയെ വേട്ടയാടുന്ന രീതികൾ ഭാവി തലമുറയ്ക്കപമാനമാണെന്ന’ വസ്തുത കോടതിക്ക് ബോധ്യമുണ്ടെങ്കിലും രാജ്യം ഭരിക്കുന്ന പാർട്ടിക്കും നേതൃത്വത്തിനും അതില്ലെന്നത് ജനാധിപത്യത്തിന് വലിയ ബാധ്യതയാണ്.

അദാനിയെപ്പോലുള്ള ഏതാനും കുത്തകകൾക്ക് മാത്രം കൊഴുക്കാനവസരമൊരുക്കുന്ന ഫാസിസ്റ്റ് ഭരണക്രമം കേരളത്തിലേക്കുകൂടി വ്യാപിപ്പിക്കാൻ ബി ജെ പിയൊരുങ്ങുമ്പോൾ, വിദ്വേഷത്തിന്റെ വിഭജന രാഷ്ട്രീയമല്ലാതെ മറ്റെന്ത് പരിപാടിയാണ് പാർട്ടിക്ക് അവതരിപ്പിക്കാനുള്ളത്?! എങ്ങനെയോ കിട്ടിയ തുടർഭരണം എങ്ങനെകൊണ്ടുപോകണമെന്നറിയാതെ വിഷമിക്കുന്ന മാർക്‌സിസ്റ്റ് പാർട്ടിയും, അകപ്പോരൊതുക്കിയിട്ട് മറ്റൊന്നിനും നേരമില്ലാത്ത കോൺഗ്രസ്സും കൂടി അതിനും പശ്ചാത്തലമൊരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്’ -മുഖപ്രസംഗത്തിൽ പറയുന്നു.

ആകെ ജനസംഖ്യയുടെ 74.59% ക്രിസ്ത്യാനികളുള്ള മേഘാലയിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മേഘാലയയിൽ ബി ജെ പിയുടെ നില പരുങ്ങലിലായി എന്നതാണ് യാഥാർത്ഥ്യമെന്നും വാരിക ചൂണ്ടിക്കാട്ടി. 2018-ൽ 47 സീറ്റിലാണ് പാർട്ടി മത്സരിച്ചത്. മൊത്തം വോട്ടിന്റെ 9.6% സ്വന്തമാക്കുകയും ചെയ്തു. ഇപ്രാവശ്യം 60 സീറ്റിലും സ്ഥാനാർത്ഥികളെ നിറുത്തി. കിട്ടിയതോ 9.33% വോട്ട് ഷെയറും. സീറ്റ് നില നോക്കിയാൽ കഴിഞ്ഞ വർഷത്തിലേതുപോലെ രണ്ട് സീറ്റ് മാത്രം. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണച്ചുമതലയേറ്റിട്ടും ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനത്ത് ബി ജെ പിയുടെ നില മോശമായെന്ന സത്യം മറച്ചുവച്ചുകൊണ്ടായിരുന്നു പാർട്ടിയാസ്ഥാനത്തെ വിജയാഘോഷമെന്നും ലേഖനത്തിൽ പരിഹസിച്ചു.

‘ക്രിസ്തീയ വിരുദ്ധതയും തീവ്ര ഹിന്ദുത്വനിലപാടുമാണ് മേഘാലയയിൽ ബി ജെ പിക്ക് വോട്ട് കുറയ്ക്കാനിടയാക്കിയത്. അടുത്തകാലത്ത് ഇന്ത്യയുടെ പല ഭാഗത്തും സംഘപരിവാർ പിന്തുണയോടെ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമ പരമ്പരകളും അവയ്‌ക്കെതിരെ ഒന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്വപരമായ നിലപാടും പാർട്ടിക്ക് തിരിച്ചടിയായി. ഇലക്ഷന് തൊട്ടുമുമ്പ് ബി ജെ പി ഭരിക്കുന്ന അസ്സമിലെ പൊലീസ്, മതംമാറ്റത്തിന്റെ വിശദാംശങ്ങൾ തേടിയതും, ക്രിസ്ത്യൻപള്ളികളുടെ എണ്ണമെടുത്തതും വലിയ തോതിൽ ചർച്ചയായി. മേഘാലയിലെ ബി ജെ പി ഘടകം ഇത് മയപ്പെടുത്താൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ഇതു കൂടാതെ ആർ എസ് എസ് പിന്തുണയുള്ള ഒരു വർഗീയസംഘടന ഗോത്ര പരിവർത്തിത ക്രിസ്ത്യാനികളെ സംവരണ ലിസ്റ്റിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പ്രധാന ഗോത്രവിഭാഗമായ ഖാസികൾക്കിടയിൽ ബി ജെ പിക്ക് ഇപ്പോഴും കാര്യമായ സ്വാധീനമില്ലാത്തതും ആ മേഖല കേന്ദ്രീകരിച്ച് ശക്തരാകുന്ന ലോക്കൽ പാർട്ടികളുടെ നിർണ്ണായക സാന്നിധ്യവും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയത്തിലെത്താൻ പാർട്ടിക്ക് തടസ്സമായി.

നാഗാലാന്റിലേതുപോലെ (നെയ്ഫു റിയോ നേതൃത്വം നല്കുന്ന എൻ ഡി പി പിയുമായി) ശക്തമായ സഖ്യബലം മേഘാലയയിൽ പാർട്ടിക്കില്ലാതെ പോയതും പരാജയകാരണമായി. നാഗാലാന്റിൽ അഞ്ചാം തവണയാണ് റിയോ മുഖ്യമന്ത്രിയാകുന്നത്. ബി ജെ പി – എൻ ഡി പി പി സഖ്യത്തിന് 37 സീറ്റാനുള്ളത്. ഇതിൽ 12 എണ്ണമാണ് ബി ജെ പിയുടേത്. തിരഞ്ഞെടുപ്പ് നടന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊരിടത്തും നേരിട്ട് ബന്ധമോ സ്വാധീനമോ ഒറ്റയ്ക്ക് മത്സരിച്ച് നേടാൻ ശേഷിയോ ഇല്ലാതെയാണ് ബി ജെ പിയുടെ നിലയെന്ന് വ്യക്തം’ -മുഖപ്രസംഗം തുടർന്നു.

Advertisement