രാജീവ്ചന്ദ്രശേഖരന്‍ ജയിക്കേണ്ടതിന്‍റെ കാര്യം, കാസയുടെ നോട്ടീസ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളില്‍ ക്രിസ്റ്റ്യന്‍ സംഘടനയായ കാസയുടെ നോട്ടീസിറങ്ങി

തലസ്ഥാനത്തെ വികസനപ്രശ്നങ്ങള്‍ ചര്‍ച്ചയാക്കി മാറ്റി വോട്ടു തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന് ക്രിസ്തീയ സംഘടനയുടെ പിന്തുണയെന്ന് സൂചന. ചന്ദ്രശേഖറിന് വോട്ടുചെയ്യണമെന്നും ബിജെപിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ വിശ്വാസികളുടെ ഏകീകൃതസംഘടന എന്ന പേരില്‍ ക്രിസ്ത്യന്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പ്രത്യേക കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

രാജീവ് ചന്ദ്രശേഖരനെ എന്തുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കണം? എന്ന തലക്കെട്ടില്‍ പുറത്തിറക്കിയിരിക്കുന്ന കുറിപ്പില്‍ കഴിഞ്ഞ കാലത്ത് ക്രിസ്തീയസമൂഹം നേരിട്ട പ്രശ്നങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളിലൊന്നും കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ തങ്ങള്‍ക്കൊപ്പം നിന്നവരല്ലെന്നും ഇപ്പോള്‍ മാറി ചിന്തിക്കേണ്ട സമയമായെന്നും കുറിപ്പില്‍ പറയുന്നു.

കശ്മീരിനെ ഇസ്ളാമിക ഭീകരവാദത്തില്‍ നിന്നും മോചിപ്പിക്കാനായി പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോള്‍ അതിനെതിരേ പ്രതിഷേധം നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. ആ കശ്മീരില്‍ ഉണ്ടായിരുന്ന എല്ലാ ക്രിസ്ത്യന്‍ പള്ളികളും ഇന്ന് പ്രാര്‍ത്ഥനകള്‍ക്കായി തുറന്നിരിക്കുന്നു. തകര്‍ക്കപ്പെട്ട പള്ളികള്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍നിര്‍മ്മിച്ചു കൊടുക്കുകയും ചെയ്തതായി പറയുന്നു. 42 വര്‍ഷങ്ങള്‍ക്ക് ശേഷം കശ്മീരിന്റെ തെരുവീഥികളിലൂടെ നിര്‍ഭയമായി ദു:ഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴി നടത്തിയിരിക്കുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നും കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്നു. മറുവശത്ത് കോണഗ്രസ് തിരിച്ചു വന്ന കര്‍ണാടകത്തില്‍ തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയിരിക്കുന്നു. ജയില്‍വാസം അനുഭവിച്ചിരിക്കുന്ന അബ്ദുള്‍ നസര്‍ മദനിയെ ജയില്‍മോചിതനാക്കി നാട്ടിലെത്തിച്ചിരിക്കുന്നു. അതായത് എവിടൊക്കെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നോ അവിടൊക്കെ ഭീകരര്‍ക്ക് വളരാനും അഴിഞ്ഞാടാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഒരു പ്രസ്ഥാനത്തെ നാം പിന്തുണയ്ക്കണോയെന്ന് ഇനിയെങ്കിലും നാം ചിന്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

പ്രശ്നങ്ങള്‍ ഒന്നൊന്നായി പറഞ്ഞുകൊണ്ടാണ് ഇത്തവണ രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്ന് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയ ഉദ്യോഗസ്ഥ പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലും പുറന്തള്ളപ്പെട്ട് നിലനില്‍പ്പിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ആണ് ക്രിസ്ത്യന്‍ സമൂഹമെന്നും കാലത്തിന് അനുസരിച്ച് മാറി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കണമെന്നും പറയുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശ്വസിച്ചതിലൂടെ നമുക്ക് ചതിപറ്റിയിരിക്കുകയാണെന്നും പറയുന്നു. ക്രിസ്ത്യാനികളെ എങ്ങനെയൊക്കെ അവഗണിച്ചാലും ഇലക്ഷന്‍ ആകുമ്‌ബോള്‍ സഭാ നേതൃത്വത്തെ കയ്യിലെടുത്താല്‍ കമ്യൂണിസ്റ്റിനും കോണ്‍ഗ്രസിനും തന്നെ വോട്ടു ചെയ്തുകൊള്ളുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഒന്നിനും വില കല്‍പ്പിക്കാത്തതെന്നും പറയുന്നു.

കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കേരളാകോണ്‍ഗ്രസില്‍ വരെ മതമൗലീസവാദികള്‍ അവരുടെ ആളുകളെ ബോധപൂര്‍വ്വം കുടിയിരുത്തി കഴിഞ്ഞിരിക്കുന്നു. ഈ പാര്‍ട്ടികളെല്ലാം ഇപ്പോള്‍ അവരുടെ നിയന്ത്രണത്തിലാണെന്നും മറ്റു സമുദായങ്ങള്‍ മതത്തെ ഉപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ അവര്‍ക്ക് വേണ്ടതെല്ലാം നേടിയെടുത്തുകൊണ്ടിരിക്കുമ്‌ബോള്‍ എത്ര ചവിട്ടിത്തേച്ചാലും അവര്‍ തങ്ങള്‍ക്ക് തന്നെ വോട്ടു ചെയ്തുകൊള്ളും എന്ന വിശ്വാസമാണ് ക്രിസ്ത്യാനികളുടെ കാര്യത്തില്‍ പുലര്‍ത്തുന്നത്. അതിനാല്‍ മുസ്ളീം ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ക്ക് വേണ്ടുന്നത് ചെയ്തുകൊടുക്കാന്‍ വേണ്ടിയുള്ള മത്സരമാണ് ഇരുമുന്നണികളും അവരുടെ നേതൃത്വവും ചെയ്യുന്നതെന്നും പറയുന്നു.

ഇരുമുന്നണികള്‍ക്കും സമൂഹത്തിലെ അസമത്വത്തിന് വേണ്ടി പോരാടാനാകുന്നില്ല. മതഭ്രാന്തന്മാര്‍ വിശുദ്ധഗ്രന്ഥം ഡീസല്‍ ഒഴിച്ചു കത്തിച്ചപ്പോള്‍, കേരളത്തിലെ വിവിധ ജില്ലകളിലെ മലയോരമേഖലയില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകളെ അവഹേളിച്ചപ്പോള്‍, പുല്‍ക്കൂടുകള്‍ തകര്‍ത്തപ്പോള്‍, സ്‌കൂളുകളില്‍ കയറി വൈദികരെയും ക്രിസ്ത്യാനികളെയും മതമൗലീകവാദികള്‍ ഭീഷണിപ്പെടുത്തി മാപ്പു പറയിച്ചപ്പോള്‍, ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ അതിക്രമം കാട്ടിയപ്പോള്‍, അദ്ധ്യാപകന്റെ കൈ വെട്ടിയപ്പോള്‍, വൈദികനെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍, പാല ബിഷപ്പിനെയും തലശ്ശേരിയിലെ വൈദികനെ ആക്രമിച്ചപ്പോള്‍, കക്കുകളി എന്ന നാടകം നടത്തുകയും ‘ഈശോ’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തത് തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇവര്‍ നമുക്കൊപ്പമല്ല പ്രതിഭാഗത്താണ് നിലകൊണ്ടതെന്നും പറയുന്നു.

ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ട വിഷയം, ഹഗിയ സോഫിയയുടെവിഷയം ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ ആക്രിക്കപ്പെട്ടപ്പോഴും ഒപ്പം നിന്നില്ലെന്നും പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ കന്യാസ്ത്രീകളുടെ വിഷയത്തില്‍ എറണാകുളത്ത് നടന്ന സമരത്തില്‍ വിഷയം ഉണ്ടായപ്പോള്‍ ഇടതുമുന്നണി പിന്നില്‍ നിന്നും കുത്തിയപ്പോള്‍ വലതുമുന്നണി വഞ്ചിച്ചു. വിഴിഞ്ഞം സമരത്തില്‍ ഇടതുമുന്നണി കബളിപ്പിച്ചെന്നും പറയുന്നു. വന്യമൃഗങ്ങള്‍ മലയോരത്തിലെ ജീവന്‍ എടുത്തപ്പോള്‍ വന്യജീവി ശല്യത്തെ തടയാനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം നല്‍കിയ ഫണ്ടുകള്‍ വകമാറ്റിവിനിയോഗിച്ചെന്നും മലയോര മേഖലയിലെ ആള്‍ക്കാരെ ഇറക്കാന്‍ കരുതിക്കൂട്ടി ബഫര്‍സോണ്‍ നിശ്ചയിച്ചു എന്നും ഇങ്ങിനെ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റോ നമുക്കൊപ്പം നിന്നില്ലെന്നും പറയുന്നു.

Advertisement