സംസ്ഥാനത്ത് കന്നിവോട്ടര്‍മാര്‍ അഞ്ചുലക്ഷത്തിലധികം ; തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ്,വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് പോളിങ്. 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്.
ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്.

Advertisement