വെള്ളരിപ്പട്ടണം 24ന് എത്തും, ചിത്രത്തിലെ വസ്ത്രത്തിനുവരെ പ്രത്യേകതകൾ

വനിതാ പഞ്ചായത്ത് മെമ്പർമാർ സാരി മാത്രമേ ഉടുക്കാൻ പാടുള്ളോ? മഞ്ജുവാരിയർ പഞ്ചായത്ത് മെമ്പറായി വേഷമിടുന്ന ‘വെള്ളരിപട്ടണം’ എന്ന സിനിമയിലെ കോസ്റ്റ്യൂം സിലക്‌ഷനുവേണ്ടിയുള്ള ചർച്ചയിലാണ് ഈ ചോദ്യം ഉയർന്നത്. ചിത്രത്തിൽ മഞ്ജുവാരിയർ കെ.പി.സുനന്ദയെന്ന പഞ്ചായത്ത് മെമ്പറായാണ് അഭിനയിക്കുന്നത്. ചർച്ചകൾക്കൊടുവിൽ രാഷ്ട്രീയക്കാരുടെ വേഷത്തെക്കുറിച്ചുള്ള മുൻധാരണകളിൽ മാറ്റം വരുത്താനാണു മഞ്ജുവാരിയറും കോസ്റ്റ്യൂമർ സമീറ സനീഷും സംവിധായകൻ മഹേഷ് വെട്ടിയാറും ചേർന്ന് തീരുമാനിച്ചത്.

‘‘വെള്ളരിപട്ടണത്തിന്റെ സ്റ്റില്ലുകളും ടീസറുമൊക്കെ കണ്ട് പലരും എന്നോടു ചോദിച്ചു, രാഷ്ട്രീയക്കാരിയുടെ കഥാപാത്രമായിട്ടും എന്തേ സാരിയുടുക്കാത്തതെന്ന്. എനിക്കും സാരി വലിയ ഇഷ്ടമാണ്. അടുത്തിടെ സാരിയുടുത്ത ഒരു ചിത്രം പങ്കുവച്ചപ്പോൾ ധാരാളം അഭിനന്ദനങ്ങളും കിട്ടി. ‘വെള്ളരിപട്ടണ’ത്തിലെ സുനന്ദ പക്ഷേ പതിവ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തയാണ്. അപ്പോൾ വസ്ത്രധാരണത്തിലുള്ള കാഴ്ചപ്പാടും വ്യത്യസ്തമാകണമല്ലോ. അതിനനുസരിച്ചുള്ള കോസ്റ്റ്യൂം ആണ് സമീറ ഒരുക്കിയത്.’’ മഞ്ജുവാരിയർ പറഞ്ഞു. എപ്പോഴും സാരിയുടുക്കാത്ത സുനന്ദയുടെ വീട്ടിലെ വേഷവും സാരിയോ നൈറ്റിയോ ഒന്നുമില്ല. ടീഷർട്ടും ഫ്രോക്കുമാണ്. എവിടെയും വേറിട്ടുനിൽക്കാൻ ആഗ്രഹിക്കുന്ന സ്വഭാവക്കാരിയാണ് സുനന്ദ. അതുകൊണ്ട് വസ്ത്രധാരണത്തിലും സുനന്ദയ്ക്ക് ഒരു സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റ് ഉണ്ട്.

വെള്ളരിപട്ടണം 24ന് തിയറ്ററുകളിലെത്തുന്നു. സൗബിൻ, സലിംകുമാർ, സുരേഷ്‌ കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് രചന നിർവഹിക്കുന്നു. . ക്യാമറ– അലക്സ് ജെ.പുളിക്കൽ, എഡിറ്റിങ് –അപ്പു എൻ.ഭട്ടതിരി. മധുവാസുദേവൻ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് സച്ചിൻ ശങ്കർ മന്നത്ത് സംഗീതം പകരുന്നു.‌

Advertisement