ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ അസാമാന്യ ധൈര്യം കാട്ടിയ ക്യാപ്റ്റൻ സ്മിത് മച്ഛാർ യുഎഇയുടെ അഭിമാനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ച സഹപൈലറ്റാണ് ക്യാപ്റ്റനെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് ആക്രമിച്ചത്. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് ആക്രമണം നടത്തിയതെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവം ഭീകരാക്രമണശ്രമമായിരുന്നെന്ന് യുഎഇ അധികൃതർ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ തലയിലും ഹമാം അൽ ഹമാമി കഴുത്തിലും കൈയിലും ക്രാഷ് ആക്‌സ് ഉപയോഗിച്ച് വെട്ടിയതായി യുഎഇ പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. ആക്രമണത്തിനിടെ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനും സഹപൈലറ്റ് ശ്രമിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.































