ബെർലിൻ: ജർമനിയിലെ കൊളോൺ നഗരത്തിൽ 16കാരിയെ ഹ്യൂമനോയിഡ് റോബോട്ട് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് റോബോട്ടിന്റെ ഉടമയായ 16കാരനും ഇയാളുടെ 19കാരനായ സുഹൃത്തിനുമെതിരെ കേസെടുത്തു.
ഡെയ്ലി മെയിൽ റിപ്പോർട്ട് പ്രകാരം, ഹോഹൻസൊള്ളെൺറിങ് മേഖലയിലെ റസ്റ്ററന്റിന് പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് 3.9 അടി ഉയരമുള്ള റോബോട്ട് പിന്നിലൂടെ എത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആലിംഗനം ചെയ്ത റോബോട്ട് അപ്രതീക്ഷിതമായി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്ന പെൺകുട്ടി ഉറക്കെ നിലവിളിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. സംഭവത്തിനുശേഷം റോബോട്ടിനെ കാറിൽ ഒളിപ്പിച്ച പ്രതികൾ അതിന്റെ ഡിക്കിയിലാക്കിയെന്നാണ് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽനിന്ന് റോബോട്ടിനെ കണ്ടെത്തി.
മീശയും സ്വർണമാലയും വെളുത്ത ബനിയനും ധരിച്ച ചുവപ്പും സ്വർണനിറവും കലർന്ന റോബോട്ടിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു.
സംഭവസമയത്ത് ആരെങ്കിലും മനഃപൂർവം റോബോട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. റോബോട്ടിന്റെ പ്രവർത്തനരീതിയും സംഭവത്തിൽ പ്രതികൾക്കുള്ള പങ്കും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.



























