27 C
Kollam
Tuesday 13th October, 2026 | 09:13:39 AM
Home News International ‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റെ അന്തരിച്ചു

‘ബ്രേക്കിങ് ബാഡ്’ താരം ആർ.ജെ. മിറ്റെ അന്തരിച്ചു

FILE - RJ Mitte arrives at the Variety and Women in Film's pre-Emmy celebration on Aug. 23, 2014, at Gracias Madre in West Hollywood, Calif. (Photo by Evan Agostini/Invision/AP, File)

ലോസ് ഏഞ്ചൽസ്: പ്രശസ്ത അമേരിക്കൻ ടെലിവിഷൻ പരമ്പര ‘ബ്രേക്കിങ് ബാഡ്’ (Breaking Bad) ലൂടെ ലോകമെങ്ങുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടൻ ആർ.ജെ. മിറ്റെ (34) അന്തരിച്ചു. പരമ്പരയിൽ വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ മരണം ഒക്ടോബർ 12ന് പ്രതിനിധികൾ സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സെറിബ്രൽ പാൾസി ബാധിതനായ മിറ്റെ സ്വന്തം ജീവിതാനുഭവങ്ങൾ അഭിനയത്തിലൂടെ അവതരിപ്പിച്ചാണ് ശ്രദ്ധേയനായത്. 2008ൽ സംപ്രേഷണം ആരംഭിച്ച ‘ബ്രേക്കിങ് ബാഡ്’ പരമ്പരയിലെ വാൾട്ടർ വൈറ്റ് ജൂനിയർ എന്ന കഥാപാത്രം താരത്തിന് ആഗോളതലത്തിൽ പ്രശസ്തി നേടിക്കൊടുത്തു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും വിനോദമേഖലയിലെ പ്രാതിനിധ്യത്തിനുമായി അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

ജന്മനാ നേരിട്ട ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച മിറ്റെ മൂന്നാം വയസിലാണ് സെറിബ്രൽ പാൾസി സ്ഥിരീകരിക്കപ്പെട്ടത്. വളർത്തുമാതാപിതാക്കളായ റോയ് ഫ്രാങ്ക് മിറ്റെ ജൂനിയറും ഡൈന മിറ്റെയും നൽകിയ പിന്തുണയാണ് ജീവിതത്തിൽ മുന്നേറാൻ സഹായിച്ചത്. നടക്കാൻ സഹായോപകരണങ്ങൾ വേണ്ടിവന്നിരുന്ന ബാല്യത്തിൽനിന്ന് അഭിനയലോകത്ത് സ്വന്തം ഇടം കണ്ടെത്തുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര പ്രചോദനാത്മകമായിരുന്നു.

‘ബ്രേക്കിങ് ബാഡ്’ കൂടാതെ ‘സ്വിച്ച്ഡ് അറ്റ് ബർത്ത്’, ‘ദ ഗാർഡിയൻസ് ഓഫ് ജസ്റ്റിസ്’ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും ‘ദ ഓക്ക് റൂം’, ‘ദ റീക്കോൾ’, ‘ട്രയംഫ്’ തുടങ്ങിയ സിനിമകളിലും മിറ്റെ അഭിനയിച്ചു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിച്ച അദ്ദേഹം യുണൈറ്റഡ് സെറിബ്രൽ പാൾസി, ഷ്രൈനേഴ്സ് ചിൽഡ്രൻസ് തുടങ്ങിയ സംഘടനകളുടെ അംബാസഡറായും പ്രവർത്തിച്ചു. മിറ്റെയുടെ നിര്യാണത്തിൽ സിനിമാ-ടെലിവിഷൻ മേഖലയിൽനിന്ന് അനുശോചനങ്ങൾ ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here