ന്യൂഡല്‍ഹി. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരനെ ഇന്ത്യ വധിച്ചതിനു പിന്നാലെ ഭീകരന്റെ അപരനെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് പാകിസ്ഥാന്റെ നാടകം. നാടകത്തിന് പക്ഷേ അല്‍പ്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ മുഹമ്മദ് ആസിഫിന്റെ (ഹാഷിം മൂസ) അപരനെയാണ് ഇന്ത്യയുടെ വാദം തെറ്റെന്ന് തെളിയിക്കാന്‍ പാകിസ്ഥാന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. പത്രസമ്മേളനത്തില്‍ കൊണ്ടിരുത്തിയ ആള്‍ ‘വ്യാജ ആസിഫ്’ ആണെന്ന് തെളിഞ്ഞതോടെ പാകിസ്ഥാന്‍ വീണ്ടും നാണംകെട്ടു.
ബുധനാഴ്ച ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹാഷിം മൂസയെന്ന മുഹമ്മദ് ആസിഫിനെ വധിച്ചതായി സൈന്യം അറിയിച്ചത്. ഇതിനു പിന്നാലെ, വ്യാഴാഴ്ച ആസിഫിന്റെ അപരനൊപ്പം പാകിസ്ഥാന്‍ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡിജി അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താസമ്മേളനത്തിനെത്തിയത്.
താനാണ് മുഹമ്മദ് ആസിഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തി, പാകിസ്ഥാന്‍ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പില്‍ നിന്ന് 2023ല്‍ വിരമിച്ച ആളാണെന്നും അവകാശപ്പെട്ടു. 2005ല്‍ താന്‍ എസ്എസ്ജിയില്‍ ചേര്‍ന്നു. 18 വര്‍ഷം ജോലി ചെയ്തു. 2023ല്‍ വിരമിച്ചു. താന്‍ ജീവിച്ചിരിക്കുന്നുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കു മുന്നില്‍ സ്വയം പരിചയപ്പെടുത്തുന്നു എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ആസിഫിന്റെ അപരന്‍ പറഞ്ഞത്.
അതേസമയം വാര്‍ത്തസമ്മേളനത്തിന് എത്തിയ വ്യക്തിയുടെയും യഥാര്‍ഥ മുഹമ്മദ് ആസിഫിന്റെയും ചിത്രങ്ങള്‍ താരതമ്യം ചെയ്ത് ചെവി, മൂക്ക്, കണ്ണ് എന്നിവയടക്കമുള്ള മുഖത്തിന്റെ സവിശേഷതകള്‍ ഇഴകീറി പരിശോധിച്ച വിദഗ്ധര്‍ പാകിസ്ഥാന്‍ ഹാജരാക്കിയത് അപരനെയാണെന്ന് തെളിയിച്ചു. പാകിസ്ഥാന്‍ പതിവ് നാടകവുമായി രംഗത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയ ട്രോളുന്നത്.


































