27.5 C
Kollam
Sunday 29th November, 2026 | 12:21:59 AM
Home News Breaking News സുപ്രീംകോടതി നിർദേശിച്ചു; തിരുപ്പരൻകുന്റം ദീപത്തൂണിൽ ആചാരദീപം തെളിച്ചു

സുപ്രീംകോടതി നിർദേശിച്ചു; തിരുപ്പരൻകുന്റം ദീപത്തൂണിൽ ആചാരദീപം തെളിച്ചു

Advertisement

മധുര: സുപ്രീംകോടതി നിർദേശപ്രകാരം മധുര തിരുപ്പരൻകുന്റം ദീപത്തൂണിൽ ആചാരദീപം തെളിച്ചു. സി.ആർ.പി.എഫിന്റെ കനത്ത സുരക്ഷയിൽ സുപ്രീംകോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ പുരോഹിതന്മാരാണ് ദീപം തെളിയിച്ചത്. ഒരു മണിക്കൂർ ദീപം തെളിച്ചുനിർത്തും. ദീപത്തൂണിലേക്കുള്ള റോഡ് പൊലീസ് അടച്ചു. സമീപത്ത് 50 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. പെരിയ രഥവീഥിക്ക് സമീപം ദർഗയിലേക്ക് തിരിയുന്ന ഭാഗത്ത് ഭക്തരെ പൊലീസ് തടഞ്ഞു. ഭക്തർ അവിടെ നിലത്തിരുന്ന് ദീപം ദർശിച്ചു. പ്രദേശത്ത് നിലവിൽ സ്ഥിതി ശാന്തമാണ്.

ദീപം തെളിയിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാത്തതിനെത്തുടർന്ന് ക്ഷേത്ര ഭരണസമിതിയെ സുപ്രീംകോടതി താൽക്കാലികമായി ചുമതലയിൽനിന്ന് മാറ്റുകയും റിസീവർമാരെ നിയമിക്കുകയും ചെയ്തിരുന്നു. 24ന് ഒരുതവണ ദീപം തെളിയിക്കാനായിരുന്നു നേരത്തേ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. തുടർന്നാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് പുതിയ നിർദേശം നൽകിയത്. ഉച്ചിപ്പിള്ളയാർ മണ്ഡപത്തിൽ തെളിച്ച ദീപത്തിൽനിന്നോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ദീപം തെളിയിക്കാനായിരുന്നു നിർദേശം.

കുന്നിൻമുകളിലെ ദർഗയിൽനിന്ന് 50 മീറ്റർ അകലെയുള്ള ദീപത്തൂണിൽ വിളക്കുതെളിക്കാൻ അനുമതി തേടി ഹിന്ദു സംഘടനകൾ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇത്തരമൊരു ആചാരം നിലവിലില്ലെന്നും പരമ്പരാഗതമായി മറ്റൊരിടത്താണ് ദീപം തെളിച്ചിരുന്നതെന്നുമായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ വാദം. എന്നാൽ ദീപം തെളിയിക്കുന്നത് ദർഗയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി അനുമതി നൽകി. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ല് മാത്രമാണെന്ന സർക്കാർ വാദവും കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here