അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ പിജെ.2.1 (PJ.2.1) കണ്ടെത്തി. കാനഡയിൽ ആദ്യം സ്ഥിരീകരിച്ച വകഭേദം അമേരിക്ക, ഫ്രാൻസ്, സ്പെയിൻ, സിംഗപ്പൂർ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇതോടെ ആരോഗ്യവിദഗ്ധർ നിരീക്ഷണം ശക്തമാക്കി.
ഒമിക്രോണിന്റെ ജെഎൻ.1 വിഭാഗത്തിൽനിന്ന് രൂപപ്പെട്ട വകഭേദമാണിത്. അമേരിക്കയിലെ മലിനജല പരിശോധനയിലും കാനഡയിലെ ജനിതക പരിശോധനയിലും വകഭേദത്തിന്റെ സാന്നിധ്യം വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാനഡയിലെ ഒന്റാറിയോയിൽ ഒക്ടോബർ 17ന് അവസാനിച്ച നാലാഴ്ചയിൽ പരിശോധിച്ച 523 സാമ്പിളുകളിൽ 25.2 ശതമാനവും പിജെ.2.1 ആയിരുന്നു. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ മുൻ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമായ രോഗബാധയ്ക്കോ വാക്സിൻ പ്രതിരോധത്തെ മറികടക്കാനോ ഇതിന് കഴിയുമെന്നതിന് നിലവിൽ തെളിവുകളില്ല.
പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും കൂടുതൽ ജാഗ്രത പാലിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തുകയും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.
കോവിഡിന്റെ പുതിയ വകഭേദം പിജെ.2.1 വിവിധ രാജ്യങ്ങളിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യവിദഗ്ധർ
Advertisement




























