29.3 C
Kollam
Wednesday 14th October, 2026 | 01:33:18 PM
Home News Breaking News രണ്ട് തലകൾ, ഒരു ശരീരം; ഒഡിഷയിൽ അപൂർവ ജനനം

രണ്ട് തലകൾ, ഒരു ശരീരം; ഒഡിഷയിൽ അപൂർവ ജനനം

കന്ധമാൽ: ഒരു ശരീരത്തിൽ രണ്ട് തലകളുമായി കുഞ്ഞ് പിറന്നു. ഒഡിഷയിലെ കന്ധമാൽ ജില്ലയിലാണ് അപൂർവ ജനനം. ഒക്ടോബർ 10ന് സിസേറിയനിലൂടെ ജനിച്ച കുഞ്ഞിനെ ഉടൻ ബ്രഹ്മപുരിലെ എം.കെ.സി.ജി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റിലേക്ക് മാറ്റി. വൈദ്യശാസ്ത്രത്തിൽ ‘ഡൈസെഫാലിക് പാരപാഗസ്’ (Dicephalic parapagus) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

32 ആഴ്ച മാത്രം വളർച്ചയെത്തിയപ്പോഴാണ് കുഞ്ഞ് ജനിച്ചത്. ജനനസമയത്ത് 2.25 കിലോഗ്രാമായിരുന്നു ഭാരം. അൾട്രാസൗണ്ട്, എക്സ്-റേ പരിശോധനകളിൽ കുഞ്ഞിന് രണ്ട് തലകളും രണ്ട് കഴുത്തുകളും രണ്ട് കൈകളും രണ്ട് കാലുകളുമുള്ളതായി കണ്ടെത്തി. പുരുഷ ജനനേന്ദ്രിയമാണുള്ളത്. രണ്ട് നട്ടെല്ലുകൾ വെവ്വേറെയാണെങ്കിലും നെഞ്ചും വയറും ഒന്നിച്ചാണ്. ഹൃദയവും കരളും പരസ്പരം യോജിച്ച നിലയിലാണുള്ളതെന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ ഘടനയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

മൂന്ന് മുതൽ നാല് ലക്ഷം വരെ ജനനങ്ങളിൽ ഒന്നെന്ന തോതിൽ മാത്രം കാണപ്പെടുന്ന അത്യപൂർവ അവസ്ഥയാണിതെന്ന് ഡോക്ടർമാർ പറയുന്നു. പ്രധാന ആന്തരിക അവയവങ്ങൾ പങ്കുവെക്കുന്നതിനാൽ കുഞ്ഞിന്റെ ജീവൻ നിലനിർത്തുക വലിയ വെല്ലുവിളിയാണ്. നിലവിൽ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അടുത്ത ദിവസങ്ങൾ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിക്കാനും തുടർചികിത്സ ഉറപ്പാക്കാനും വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കുശേഷം ആവശ്യമെങ്കിൽ എയിംസ് ഉൾപ്പെടെയുള്ള ഉന്നത ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന കാര്യവും പരിഗണനയിലുണ്ട്.

കന്ധമാൽ ജില്ലയിലെ തുമുദിബന്ധ് സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here