29.9 C
Kollam
Wednesday 14th October, 2026 | 01:38:59 PM
Home News Breaking News കാറളത്ത് വയോധികയുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം…16 പവൻ സ്വർണം കവർന്നു; മൃതദേഹത്തിനു ചുറ്റും മുളകുപൊടി...

കാറളത്ത് വയോധികയുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേക സംഘം…16 പവൻ സ്വർണം കവർന്നു; മൃതദേഹത്തിനു ചുറ്റും മുളകുപൊടി വിതറി

തൃശൂർ: കാറളത്ത് വയോധികയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂർ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘമാണ് (എസ്ഐടി) രൂപീകരിച്ചത്. കാറളം ആരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (65) ആണ് കൊല്ലപ്പെട്ടത്. സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 16 പവൻ സ്വർണം നഷ്ടപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

ഇന്നലെയാണ് സാവിത്രിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയനെ ആശുപത്രിയിൽ കൊണ്ടുപോകാൻ മകനും ഭാര്യയും പോയ സമയത്തായിരുന്നു കൊലപാതകം. സാവിത്രി ധരിച്ചിരുന്ന അഞ്ച് പവന്റെ വള, അഞ്ച് പവന്റെ മാല, മോതിരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തിലും കൈകളിലും ബലപ്രയോഗത്തിന്റെ വ്യക്തമായ പാടുകളുണ്ടായിരുന്നു.

വൈകീട്ട് സ്കൂൾ വിട്ടെത്തിയ പേരക്കുട്ടിയാണ് സാവിത്രിയെ മരിച്ച നിലയിൽ കണ്ടത്. തെളിവുകൾ നശിപ്പിക്കാനും അന്വേഷണസംഘത്തെ വഴിതെറ്റിക്കാനുമായി മൃതദേഹത്തിനു ചുറ്റും മുളകുപൊടി വിതറിയതാകാമെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിനരികിൽനിന്ന് മണം പിടിച്ച പൊലീസ് നായ അടുക്കളവഴി പുറത്തിറങ്ങി പ്രധാന റോഡിലെത്തിയെങ്കിലും തുടർസൂചനകളൊന്നും ലഭിച്ചില്ല.

വീട്ടിൽനിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന കൈയുറയും പൊലീസ് കണ്ടെടുത്തു. സംഭവദിവസം പ്രദേശത്ത് നാടോടി സംഘങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ ആർക്കെങ്കിലും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here