പയ്യന്നൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് ആൺസുഹൃത്ത് പിന്മാറിയതിനെത്തുടർന്ന് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പയ്യന്നൂർ കാനായി സ്വദേശിനി ശ്രുതി (24) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ പെരുമ്പ പുഴയിൽനിന്ന് കണ്ടെടുത്തത്.
തിങ്കളാഴ്ച രാത്രിയാണ് ശ്രുതി പുഴയിൽ ചാടിയത്. തുടർന്ന് ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പയ്യന്നൂരിലെ ഷോപ്പിങ് കോംപ്ലക്സിൽ ജീവനക്കാരിയായിരുന്ന ശ്രുതി കാനായി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളും ചേർന്ന് ജനുവരിയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടു മാസത്തിനുശേഷം യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയതായി കുടുംബം പറയുന്നു.
ഇരുകുടുംബങ്ങളും സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഇരുവരെയും കൗൺസിലിങ്ങിന് വിധേയരാക്കി. അവിടെയും വിവാഹത്തിന് താൽപര്യമില്ലെന്ന് യുവാവ് അറിയിച്ചതോടെ ശ്രുതി കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് ഇറങ്ങിപ്പോയി പുഴയിൽ ചാടുകയായിരുന്നുവെന്നാണ് വിവരം.
യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



























