കൊല്ലം: നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായതോടെ ഹൈന്ദവ ഭവനങ്ങളിൽ ബൊമ്മക്കൊലു ഒരുക്കി തുടങ്ങി. നവരാത്രി ആഘോഷങ്ങളിലെ പ്രധാന ആചാരങ്ങളിലൊന്നായ ബൊമ്മക്കൊലു, ദേവീദേവന്മാരുടെയും ദേവിയുടെ വിവിധ ഭാവങ്ങളുടെയും പ്രതീകാത്മകമായ അവതരണമാണ്.
പരമ്പരാഗതമായി മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നിങ്ങനെ ഒറ്റസംഖ്യകളിലുള്ള പടികളാണ് കൊലുവിനായി ഒരുക്കുന്നത്. ഒൻപത് പടികളിൽ സരസ്വതീദേവി, അഷ്ടലക്ഷ്മി, ദശാവതാരം, ശ്രീരാമപട്ടാഭിഷേകം, ഗണപതി, സുബ്രഹ്മണ്യൻ, ശിവ–പാർവതി, ശ്രീകൃഷ്ണ–രാധ തുടങ്ങിയ ദേവീദേവന്മാരുടെ രൂപങ്ങൾക്കൊപ്പം കർഷകൻ, കച്ചവടക്കാരൻ, പാർക്ക്, ഗ്രാമീണജീവിതം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന ചെറുരൂപങ്ങളും ഇടംപിടിക്കും.
വിവിധ നിറങ്ങളിലുള്ള തുണികൾ വിരിച്ച് പൂക്കളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചാണ് കൊലു ഒരുക്കുന്നത്. ദേവിയുടെ മുഖം ചാർത്തി ആടയാഭരണങ്ങൾ അണിയിച്ച പ്രധാന രൂപമാണ് കൊലുവിലെ പ്രധാന ആകർഷണം.
ഒൻപത് രാത്രികളും പത്ത് ദിവസവും നീളുന്ന നവരാത്രി പരാശക്തിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുന്ന പുണ്യകാലമായാണ് വിശ്വാസികൾ ആചരിക്കുന്നത്. ഒക്ടോബർ 20ന് മഹാനവമി, ആയുധപൂജയും ഒക്ടോബർ 21ന് വിജയദശമി, വിദ്യാരംഭം, പൂജയെടുപ്പ് ചടങ്ങുകളും നടക്കും. ഇതോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.


























