കൊച്ചി: പുതിയ ഗാർഹിക പാചകവാതക കണക്ഷനുകൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് പകരം 10 കിലോഗ്രാമിന്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ നൽകുന്ന സംവിധാനം കേരളത്തിലും നടപ്പാക്കിത്തുടങ്ങി. പാചകവാതക വിലയും പുതിയ കണക്ഷനുള്ള നിരക്കുകളും ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റമെന്നാണ് ഏജൻസികളുടെ വിശദീകരണം.
10 കിലോഗ്രാമിന്റെ സിലിണ്ടർ, റെഗുലേറ്റർ തുടങ്ങിയവ ഉൾപ്പെടുന്ന പുതിയ കണക്ഷന് 5,000 രൂപ വരെ ഈടാക്കുന്നുണ്ട്. കണക്ഷൻ പിന്നീട് സറണ്ടർ ചെയ്താലും ഈ തുക തിരികെ ലഭിക്കില്ലെന്ന വ്യവസ്ഥയിലാണിതെന്ന് ഗ്യാസ് ഏജൻസികൾ പറയുന്നു. നേരത്തെ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന്റെ പുതിയ കണക്ഷന് 4,000 രൂപ വരെ നൽകിയാൽ മതിയായിരുന്നു.
കേരളത്തിൽ സബ്‌സിഡി സിലിണ്ടർ റീഫിൽ ചെയ്യാൻ നിലവിൽ 960 രൂപ വരെ ചെലവാകും. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ സിലിണ്ടറിന് കിലോഗ്രാമിന് രണ്ടിരട്ടിയിലേറെ വില വരും. സിലിണ്ടറിന്റെ അളവ് കുറയുന്നതിനാൽ പുതിയ ഉപഭോക്താക്കൾക്ക് ഒരു വർഷം കൂടുതൽ തവണ സിലിണ്ടർ നിറയ്ക്കേണ്ടിവരാനും സാധ്യതയുണ്ട്.
അതേസമയം, നിലവിലുള്ള ഗാർഹിക ഗ്യാസ് കണക്ഷനുകൾക്ക് 14.2 കിലോഗ്രാമിന്റെ പഴയ സിലിണ്ടർ തന്നെ നൽകുന്നത് തുടരുകയാണ്. നിലവിൽ സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് അതും തുടരാൻ അനുമതിയുണ്ട്.




























