29.5 C
Kollam
Monday 14th September, 2026 | 05:44:34 PM
Home News Breaking News കുണ്ടറ കസ്റ്റഡി മർദന കേസ്: സിപിഒ ശ്രീജിത്തിന് സസ്‌പെൻഷൻ

കുണ്ടറ കസ്റ്റഡി മർദന കേസ്: സിപിഒ ശ്രീജിത്തിന് സസ്‌പെൻഷൻ

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട് സിപിഒ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ശാരീരികമായി ഉപദ്രവിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് കൊല്ലം ജില്ലാ പൊലീസ് മേധാവി നടപടി സ്വീകരിച്ചത്.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും മെമ്മോ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സിപിഒ ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്കലംഘനവും ക്രമക്കേടുകളും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.
കുണ്ടറ സെസൈറ്റിമുക്ക് സ്വദേശിയായ സിയാദിനെ വിദ്യാർഥിയെ കാണാതായെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 16-ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ പൊലീസ് ക്രൂരമായി മർദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തെ തുടർന്ന് സിയാദിന്റെ വാരിയെല്ലുകൾ ഉൾപ്പെടെ പൊട്ടിയതായും ഗുരുതര പരിക്കുകളോടെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.
ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം സിയാദ് മരണത്തിന് കീഴടങ്ങിയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് കുടുംബം പൊലീസിനെതിരെ കസ്റ്റഡി മർദനവും മരണത്തിനിടയാക്കിയെന്നുമുള്ള ആരോപണം ശക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.