25.5 C
Kollam
Monday 28th September, 2026 | 05:53:38 AM
Home News Breaking News ഭൂകമ്പം നാശം വിതച്ച വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം….’ഓപ്പറേഷൻ അമിസ്താദ്’

ഭൂകമ്പം നാശം വിതച്ച വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം….’ഓപ്പറേഷൻ അമിസ്താദ്’

ഭൂകമ്പം നാശം വിതച്ച വെനസ്വേലയിലേക്ക് ഇന്ത്യയുടെ സഹായഹസ്തം. ‘ഓപ്പറേഷൻ അമിസ്താദ്’ എന്ന് പേരിട്ടിരിക്കുന്ന ദുരിതാശ്വാസ ദൗത്യ സംഘം കരാക്കസിൽ എത്തി. മെഡിക്കൽ സംഘവും ഫീൽഡ് ഹോസ്പിറ്റലും അടങ്ങുന്ന ആദ്യഘട്ട സഹായ സംഘമാണ്.


ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളിലാണ് സഹായസാമഗ്രികൾ എത്തിച്ചത്. ഡൽഹിയിൽ നിന്നും 14,000 കിലോമീറ്ററിലധികം ദൂരം 23 മണിക്കൂർ കൊണ്ട് സഞ്ചരിച്ചാണ് വിമാനങ്ങൾ കാരക്കാസിലെ മൈക്വതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.


66 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഉണ്ട്. ഇതിൽ 35 ടണ്ണിലധികം അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. ഇതോടൊപ്പം ഇന്ത്യൻ ആർമിയുടെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിലെ ഒമ്പത് മെഡിക്കൽ ഓഫീസർമാർ അടങ്ങുന്ന 41 അംഗ രക്ഷാപ്രവർത്തക സംഘമാണ് വെനസ്വേലയിൽ എത്തിയിരിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ അതിവേഗം പ്രവർത്തിപ്പിക്കാൻ കഴിയുന്ന, ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ട് അത്യാധുനിക പോർട്ടബിൾ മിനി ഹോസ്പിറ്റൽ യൂണിറ്റുകളും (BHISHM Cubes) ഇന്ത്യ അയച്ചിട്ടുണ്ട്.

ജൂൺ 24 ബുധനാഴ്ചയുണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾക്ക് ശേഷം വെനസ്വേലയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.