തിരുവനന്തപുരം : ഭരതനാട്യം സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ സൈജു കുറുപ്പ്. ‘രാസലീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി തന്നെയാണ്. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ നിർമാണം ലിനി മറിയം ഡേവിഡും അനുപമ ബി നമ്പ്യാരും ചേർന്നാണ് നിർവഹിക്കുന്നത്.
ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ ചിത്രത്തിൻ്റെ ആദ്യ ഭാഗമായ ‘ഭരതനാട്യ’വും രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’വും വൻ പ്രേക്ഷക പ്രശംസ നേടിയിരുന്നു. സൈജു കുറുപ്പ്, കലാ രഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ഇരു ഭാഗങ്ങളും ഒരുക്കിയത്. കൃഷ്ണദാസ് മുരളി തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും.
ആദ്യ ഭാഗമായ ‘ഭരതനാട്യം’ ഒടിടി റിലീസിലൂടെയാണ് ശ്രദ്ധ നേടിയതെങ്കിൽ, ‘മോഹിനിയാട്ടം’ മികച്ച തിയറ്റർ വിജയം നേടിയിരുന്നു. രണ്ടാം ഭാഗത്തിൽ സുരാജ് വെഞ്ഞാറമൂട്, ബേബി ജീൻ എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, ദിവ്യ എം നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, വിജയ് ബാബു, ജിനിൽ റെക്സ്, ജിവിൻ റെക്സ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.






























