നീറ്റ് ക്രമക്കേട്: എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
നീറ്റ് പരീക്ഷയുടെ നടത്തിപ്പു ചുമതലയുള്ള എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കും. നീറ്റ് അടക്കമുള്ള ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. രാത്രി എട്ടു മണിക്കാണ് നടപടി വിവരം പുറത്തുവിട്ടത്.
ചോദ്യപേപ്പർ ചോർച്ച: 10 കോടി പിഴയും 10 വർഷം തടവും
പരീക്ഷ ചോദ്യപേപ്പർ ചോർത്തുന്നവർക്കുള്ള ശിക്ഷ പത്തു കോടി രൂപ വരെ പിഴയും പത്തു വർഷം വരെ തടവുമായി വർധിപ്പിക്കാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. കേസുകളിലെ വിചാരണ 3 മാസത്തിനകം പൂർത്തിയാക്കുമെന്നും ബില്ലിൽ പറയുന്നു.
പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ പ്രത്യേക കർമസേന
നീറ്റ് പരീക്ഷ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ സംബന്ധമായ ക്രമക്കേടുകൾ അന്വേഷിക്കുന്നതിനായി ഡൽഹി പോലീസ് പ്രത്യേക കർമസേന രൂപീകരിച്ചു. വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രവേശന പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് പരീക്ഷകളിലും സുതാര്യത ഉറപ്പാക്കാനാണ് ഈ നീക്കം. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഈ കർമ്മസേനയുടെ അന്വേഷണ പരിധിയിൽ വരും.
കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു
റഷ്യൻ സമുദ്ര മേഖലയിലെ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എംവി ഒമോർഫി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ 10 ജീവനക്കാരിൽ മൂന്ന് പേർ ഇന്ത്യക്കാരാണ്. ഇതിൽ ഒരാളാണ് കൊല്ലപ്പെട്ടത്.
വൈദ്യുതി പ്രതിസന്ധിയും ഫണ്ട് വെട്ടിക്കുറയ്ക്കലും: സമരവുമായി സിപിഎം
വൈദ്യുതി പ്രതിസന്ധിയിലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതിലും സമരവുമായി സിപിഎം. വൈദ്യുതി പ്രതിസന്ധിക്കെതിരേ 26 ന് വൈകുന്നേരം ഏഴിന് മെഴുകുതിരി സമരം നടത്തും. എല്ലാ വീടുകളിലും മെഴുകുതിരി തെളിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരേ 30 ന് എൽഡിഎഫ് ജനപ്രതിനിധികൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഓഗസ്റ്റ് 1, 3 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കും മാർച്ച് നടത്തും.
സിപിഎമ്മിനെ പുതുക്കിപ്പണിയുമെന്ന് എം.വി.ഗോവിന്ദൻ
സിപിഎമ്മിനെ പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എന്നാൽ താൻ സെക്രട്ടറി സ്ഥാനത്തുനിന്നു മാറുന്നത് നിങ്ങളുടെ സ്വപ്നമാണെന്നും അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും താൻ ഉൾപ്പെടെ എങ്ങനെ മാറണമെന്ന കാഴ്ചപ്പാട് രൂപപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദ്യാർഥി പ്രക്ഷോഭം: മെഴുകുതിരി തെളിയിച്ച് കോൺഗ്രസ് പ്രതിഷേധം
ഡൽഹിയിൽ വിദ്യാർഥികൾക്കുനേരെ നടന്ന അക്രമങ്ങളെ അപലപിക്കാൻ ഇന്നു വൈകുന്നേരം ജില്ലാ തലത്തിൽ മെഴുകുതിരി തെളിച്ചു പ്രതിഷേധ ജാഥ നടത്താൻ കോൺഗ്രസ് ആഹ്വാനം ചെയ്തു.
ശബരിമല തന്ത്രി: ബ്രഹ്‌മദത്തൻ യോഗ്യനെന്ന് വിദഗ്ധസമിതി
ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ തന്ത്രിയാകാൻ യോഗ്യനാണെന്ന് ദേവസ്വം ബോർഡ് നിയോഗിച്ച വിദഗ്ധസമിതി. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്‌മദത്തന് താന്ത്രിക വിദ്യയിൽ പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തിയത്. ഇന്നു ചേരുന്ന ബോർഡ് യോഗം അന്തിമ തീരുമാനമെടുക്കും.
‘രക്ഷാപ്രവർത്തന’ക്കേസ്: എം.ആർ അജിത് കുമാറിനെതിരായ സസ്പെൻഷൻ ഉത്തരവ് പുറത്ത്
‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിയിൽ എംആർ അജിത് കുമാർ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദം ചെലുത്തി പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന കുറ്റപത്രവുമായി സസ്പെൻഷൻ ഉത്തരവ്. എഡിജിപിയുടെ ഓഫീസിൽ ഉണ്ടായിരുന്ന 2 ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ ഇടപെട്ടെന്ന മൊഴികളടക്കം ചേർത്താണ് സസ്പെൻഷൻ ഉത്തരവ്.
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: തകർത്ത ടാക്സിക്ക് ഇഡി നഷ്ടപരിഹാരം നൽകി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനുശേഷം ഇഡി ഉദ്യോഗസ്ഥർ മടങ്ങവേ സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നഷ്ടപരിഹാരം നൽകി. സിഐടിയു അംഗമായ ടാക്സി ഡ്രൈവർക്ക് ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നൽകിയത്. സിപിഎം പണം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും നൽകിയില്ല.
കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം നൽകും
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ പിരിച്ച് വിട്ട ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകും.
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്തശേഷം വിട്ടയച്ചു.
പ്രതി ഓടി രക്ഷപ്പെട്ട സംഭവം: നാല് പോലീസുകാർക്ക് സസ്‌പെൻഷൻ
പോലീസ് കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തിൽ നാല് പോലീസുകാർക്ക് സസ്‌പെൻഷൻ. വടക്കേക്കാട് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശി മുഹമ്മദ് ഷിഫാൻ (30) ആണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത് എന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നും 158 അറ്റൻഡർമാർ വേണ്ടിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
സിക്കിം തുരങ്ക അപകടം: മരിച്ച അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തും
സിക്കിമിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന ഉണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹന്റെ മൃതദേഹം ഇന്നു രാവിലെ ഏഴ് മണിയോടെ കൊച്ചിയിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആർസിസി പുതിയ മന്ദിരം സെപ്റ്റംബർ 30 നകം തുറക്കാൻ നിർദ്ദേശം
അഞ്ച് മാസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ പുതിയ ബഹുനില മന്ദിരം സെപ്റ്റംബർ 30 നകം പ്രവർത്തനസജ്ജമാക്കാൻ മന്ത്രി കെ മുരളീധരൻ ഊരാളുങ്കൽ സൊസൈറ്റിക്കു നിർദ്ദേശം നൽകി.
നിയമസഭാ മന്ദിരത്തിൽ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് തുറന്നു
നിയമസഭാ മന്ദിരത്തിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് പ്രവർത്തനം തുടങ്ങി. പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ വി മുരളീധരൻ, ബിബി ഗോപകുമാർ എന്നിവരും പങ്കെടുത്തു.
കട്ടപ്പന ബിആർസി തട്ടിപ്പ്: രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി
കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെന്ററിൽ ഒരു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ പുറത്താക്കി. താത്കാലിക ജീവനക്കാരായ അശോക് വി. ജോസഫ്, അഞ്ജലിദാസ് എന്നിവരെയാണ് പുറത്താക്കിയത്.
കേരളത്തിൽ നിന്ന് ചന്ദനം കടത്തി: നാല് മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ
കേരളത്തിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തി ബെംഗളൂരുവിൽ വിൽപ്പന നടത്തിയ നാല് മലയാളികളെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. സംഘവുമായി ബന്ധമുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചെന്ന് പോലീസ്.
ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തിയിട്ടില്ലെന്ന് കെഎസ്ആർടിസി
ക്യാൻസർ രോഗികൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന സാമൂഹ്യമാധ്യമങ്ങളിലും മറ്റ് ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
അടിവസ്ത്രത്തിൽ രണ്ട് കോടിയുടെ സ്വർണ്ണം: നെടുമ്പാശ്ശേരിയിൽ യുവാവ് പിടിയിൽ
അടിവസ്ത്രത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണ മിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശി ജംഷിദ് എന്ന യുവാവാണ് കസ്റ്റംസ് പിടിയിലായത്.
നായ്ക്കളെ വളർത്തുന്നതിന്റെ മറവിൽ കഞ്ചാവ് കച്ചവടം: രണ്ട് പേർ അറസ്റ്റിൽ
നെടുമ്പാശേരിയിൽ വീടിനകത്ത് നായ്ക്കളെ വളർത്തി അതിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയെന്ന കേസിൽ വീട്ടുടമയുൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആവണംകോട് ഗ്യാസ് ഗോഡൗണിന് സമീപം പാലയ്ക്കാപ്പിള്ളി സ്വദേശി ശ്രീകാന്ത് (38), വെങ്ങോല നെടുംതോട് സ്വദേശി അബൂബക്കർ (30) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
ആലപ്പുഴ ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദിനെ പോലീസ് തിരയുന്നു.
ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥി കോഴിക്കോട് മരിച്ചു. മുക്കം മണാശ്ശേരി സ്വദേശിയായ ഷമീഷ് കാവുങ്ങലിന്റെ മകനും മണാശ്ശേരി ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയുമായ കെ. അമൻ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേന്ദമംഗല്ലൂർ പുൽപ്പറമ്പിന് സമീപമായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണതിന് പിന്നാലെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
സിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള ചർച്ച നിർണായകം
സിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും തമ്മിലുള്ള ഇന്നത്തെ ചർച്ച നിർണായകം. പോലീസ് എല്ലാ തടസങ്ങളും സൃഷ്ടിച്ചിട്ടും കൂടുതൽ പേർ സമരത്തിനെത്തുന്നത് സർക്കാരിനെ അമ്പരപ്പിച്ചു. ഇന്റർനെറ്റില്ല, മെട്രോയില്ല, ഓൺലൈൻ ടാക്സികളുമില്ല. എന്നിട്ടും സമരം ശക്തമായി തുടരുകയാണ്.
ഡൽഹിയിൽ നിരോധനാജ്ഞ: നിയന്ത്രണം കടുപ്പിച്ച് പോലീസ്
ഡൽഹിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് പോലീസ്. ഓൺലൈൻ ടാക്സി സർവീസുകൾക്കും ഫുഡ് ഡെലിവറി സർവ്വീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ ഈ മേഖലകൾ സന്ദർശിക്കരുതെന്നും വിലക്കി.
വിദ്യാർഥി പ്രക്ഷോഭം: ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
വിദ്യാർഥി പ്രക്ഷോഭകർക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്നാരോപിച്ചുള്ള രണ്ട് ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി സമ്മതിച്ചു. തിങ്കളാഴ്ച ഈ ഹർജികൾ കോടതി പരിഗണിക്കും.
സർക്കാരുമായി രഹസ്യ ധാരണയില്ലെന്ന് സോനം വാങ്ചുക്ക്
സർക്കാരുമായി രഹസ്യ ധാരണയുണ്ടാക്കിയാണ് 26 ദിവസം നീണ്ട ഉപഹാരം അവസാനിപ്പിച്ചതെന്ന വിമർശനങ്ങളെ തള്ളി സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക്. തന്റെ സത്യസന്ധത തെളിയിക്കാൻ 26 ദിവസത്തെ കഠിനമായ നിരാഹാരം പോരെയെന്ന് അദ്ദേഹം വിമർശകരോട് വൈകാരികമായി ചോദിച്ചു.
സോഷ്യൽ മീഡിയയിൽ സജീവമാകാൻ മന്ത്രിമാരോട് പ്രധാനമന്ത്രി
കേന്ദ്രമന്ത്രിമാർ ഇൻസ്റ്റഗ്രാം അടക്കം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ ഊർജിതമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. യുവജനങ്ങളുമായി നേരിട്ട് സംവദിക്കുകയും വേണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ വൻ വർദ്ധനവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒറ്റരാത്രികൊണ്ട് 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് കൂടി. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 10.20 കോടി കടന്നു. ഇന്നലെ രാത്രി 11.30 വരെ 308 മില്യണിലേറെ പേരാണ് മോഡിയുടെ സെൽഫി വീഡിയോ കണ്ടത്.
ഇൻസ്റ്റഗ്രാമിൽ സജീവമാകാനുള്ള നിർദ്ദേശത്തെ പരിഹസിച്ച് സിജെപി
ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ മന്ത്രിമാരോട് പ്രധാനമന്ത്രി ക്യാബിനറ്റ് മീറ്റിംഗിൽ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ എന്നാണ് സിജെപിയുടെ ചോദ്യം.
മുംബൈ ദാദറിൽ യുവതിയോട് പോലീസിന്റെ അപമര്യാദയായ പെരുമാറ്റം
മുംബൈ ദാദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ സിവിൽ ഡ്രസ്സിലുള്ള പോലീസ് ഉദ്യോഗസ്ഥൻ യുവതിയോട് അപമര്യാദയായി പെരുമാറുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി.
ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കും വരെ പ്രക്ഷോഭമെന്ന് രാഹുൽ ഗാന്ധി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കുംവരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജിയില്ലാതെ ഇവിടം വിട്ട് ആരും പോകില്ല. ധർമ്മേന്ദ്ര പ്രധാനന്റെ രാജി ചോദിച്ച് വാങ്ങിയില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയാണെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
കുറ്റപ്പെടുത്താൻ എളുപ്പമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു
പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു. കുറ്റപ്പെടുത്താൻ ആർക്കും പറ്റും. പരിഹാരം കാണലാണ് പ്രധാനം. പ്രതിപക്ഷത്തിന് പറയാനുള്ളത് പാർലമെന്റിലെ ചർച്ചയിൽ പറയണം. സഭ അലങ്കോലപ്പെടുത്തിയാൽ പിന്നെ ചർച്ച എങ്ങനെ നടക്കുമെന്നും റിജ്ജു ചോദിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കുളള ശിക്ഷ കൂട്ടാനുള്ള ബിൽ മന്ത്രിസഭ അംഗീകരിച്ചു.
പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ സന്ദർശിച്ച് രാഹുൽ ഗാന്ധി
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചു പരിക്കേറ്റ 19 കാരനായ സാഹിൽ എന്ന വിദ്യാർഥിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ക്രിമിനലാണെന്നും വിദ്യാഭ്യാസ സമ്പ്രദായം തകർന്നതിന് അദ്ദേഹം രാജിവെക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിലും ചോദ്യപ്പേപ്പർ ചോർച്ച: പരീക്ഷകൾ റദ്ദാക്കി
വീണ്ടും ചോദ്യപ്പേപ്പർ ചോർച്ച. ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലയുടെ രണ്ട് എൻജിനീയറിങ് പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോർന്നത്. തുടർന്ന് പരീക്ഷകൾ റദ്ദാക്കി.
സോനം വാങ്ചുക്കുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് സിജെപി
സോനം വാങ്ചുക്കും സിജെപിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് കോക്രോച്ച് ജനത പാർട്ടി. സിജപി നേതാവ് സൗരവ് ദാസാണു നിലപാട് വ്യക്തമാക്കിയത്.
സമരക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്നത് വ്യാജ പ്രചാരണമെന്ന് പോലീസ്
ഡൽഹി ജന്തർ മന്തറിൽ സമരത്തിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് ഡൽഹി പോലീസ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നു പൊലീസ് ആവശ്യപ്പെട്ടു.
കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു
രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ കേന്ദ്ര സഹമന്ത്രി രവനീത് സിങ് ബിട്ടു രാജിവച്ചു. റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജി.
ആർഎംഎൽ ആശുപത്രി അധികൃതർക്കെതിരെ മലയാളി ഡോക്ടറുടെ പരാതി
ഡൽഹിയിലെ ആർഎംഎൽ ആശുപത്രി അധികൃതർക്ക് എതിരെ പരാതിയുമായി മലയാളി ഡോക്ടർ രംഗത്ത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ് ആശുപത്രിയിലായ കുട്ടികളെ കുറിച്ച് അധികൃതർ വിവരം നൽകുന്നില്ലെന്നാണ് പരാതി.
കേരള ഹൗസിൽ കനയ്യ കുമാറും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം
ഡൽഹിയിലെ കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറും കേരള ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. കനയ്യ കുമാർ കേരള ഹൗസിൽ ബുക്ക് ചെയ്ത മുറി നൽകാത്തതാണ് തർക്കത്തിനിടയാക്കിയത്.
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു
ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷം ബാക്കിനിൽക്കെയാണ് രാജി.
സൗദിയെ ആക്രമിക്കാതിരിക്കാൻ ഇറാനും പാകിസ്ഥാനും തമ്മിൽ രഹസ്യ ധാരണ
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, സൗദി അറേബ്യയെ ആക്രമിക്കാതിരിക്കാൻ ഇറാനുമായി പാകിസ്ഥാൻ രഹസ്യ ധാരണയുണ്ടാക്കിയെന്ന് ഇസ്രായേലി മാധ്യമം റിപ്പോർട്ട് ചെയ്തു. പകരമായി, ഉപരോധം മറികടന്ന് ഇറാന്റെ എണ്ണ വിൽക്കാൻ പാകിസ്ഥാൻ സഹായിക്കുമെന്നും കരാറിലുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി യുഎസ്
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറക്കുമതി തീരുവ കൂട്ടി ഡോണൾഡ് ട്രംപിന്റെ പ്രഹരം. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ.
അമേരിക്കൻ സൈനിക താവളങ്ങളിൽ നിന്ന് അകലം പാലിക്കാൻ ഇറാന്റെ മുന്നറിയിപ്പ്
അമേരിക്കൻ സൈനിക സാന്നിധ്യമുള്ള ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾ അമേരിക്കൻ സൈനിക താവളങ്ങൾക്കു സമീപത്തുനിന്ന് 500 മീറ്റർ അകലം പാലിക്കണമെന്ന് ഇറാൻ.
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ: 50,000 പേരെ മാറ്റിപ്പാർപ്പിച്ചു
ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർന്നു. ഒരാഴ്ചക്കിടെ ഏകദേശം 50,000 പേരെയാണ് മാറ്റിപാർപ്പിച്ചത്.
കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ താരം തൂലിക മന്നിന് ഉത്തേജക വിലക്ക്
ഗ്ലാസ്കോയിൽ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്യാമ്പിനെ ഉലച്ച് വീണ്ടും ഉത്തേജകമരുന്ന് വിവാദം. വനിതകളുടെ 78 കിലോ ഗ്രാം ജൂഡോയിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന തൂലിക മന്നിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് താത്കാലിക വിലക്കേർപ്പെടുത്തി.
ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ലിപ്കാർട്ടും
ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്കും. നിലവിൽ ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്ന സൊമാറ്റോ, സ്വിഗ്ഗി എന്നീ പ്ലാറ്റ്ഫോമുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന നീക്കമാകും ഇത്. തുടക്കത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുക. ഫ്ലിപ്കാർട്ടിന്റെ ക്വിക്ക് കൊമേഴ്സ് സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ അവതരിപ്പിച്ചതും ഇതേ മാതൃകയിലായിരുന്നു. നിലവിൽ സൊമാറ്റോയും സ്വിഗ്ഗിയും ആധിപത്യം പുലർത്തുന്ന ഫുഡ് ഡെലിവറി വിപണിയിലേക്ക് ഫ്ലിപ്കാർട്ടിന്റെ വലിയ ഉപഭോക്തൃ അടിത്തറയും ശക്തമായ ലോജിസ്റ്റിക്സ് ശൃംഖലയും എത്തുന്നതോടെ മത്സരരംഗം കൂടുതൽ ചൂടുപിടിക്കും. ഫ്ലിപ്കാർട്ടിന്റെ പ്രധാന ആപ്പിലൂടെയും ഇതിനായി പ്രത്യേകം തയ്യാറാക്കുന്ന ആപ്പിലൂടെയും ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യാനാകും. കേന്ദ്ര സർക്കാരിന്റെ ‘ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്’ പ്ലാറ്റ്‌ഫോമുമായി സഹകരിച്ചായിരിക്കും പ്രവർത്തനം ഏകോപിപ്പിക്കുകയെന്നാണ് വിവരം.
ഡീസെൻട്രലൈസ്ഡ് ആപ്പായ ‘ബിറ്റ്ചാറ്റ്’ തടയാൻ കേന്ദ്ര നിർദ്ദേശം
ഡൽഹിയിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങൾക്ക് പിന്നാലെ, ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിലും സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന ‘ബിറ്റ്ചാറ്റ്’ ആപ്പിന്റെ റിപ്പോസിറ്ററികൾ തടയാൻ കേന്ദ്ര സർക്കാർ ഗിറ്റ്ഹബിന് നിർദ്ദേശം നൽകി. മൊബൈൽ നെറ്റ്വർക്കുകളോ ഇന്റർനെറ്റോ സെൻട്രൽ സെർവറുകളോ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ഒരു ഡീസെൻട്രലൈസ്ഡ് പിയർ-ടു-പിയർ മെസ്സേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. ഫോൺ നമ്പറോ ഇമെയിലോ നൽകി ബിറ്റ്ചാറ്റിൽ അക്കൗണ്ട് തുടങ്ങേണ്ടതില്ല. ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള ഫോണുകൾ തമ്മിൽ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കപ്പെടുകയും, ഒരു ഉപയോക്താവിൽ നിന്ന് മറ്റൊരാളിലേക്ക് സന്ദേശങ്ങൾ കൈമാറപ്പെടുകയും ചെയ്യുന്നു. കേന്ദ്രീകൃത സെർവറോ ഐഡന്റിറ്റിയോ ഇല്ലാത്തതിനാൽ, ആര് ആർക്കാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താനോ വിവരങ്ങൾ ട്രാക്ക് ചെയ്യാനോ സാധിക്കില്ല. അടിയന്തര ഘട്ടങ്ങളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനും, അക്രമങ്ങൾ സംഘടിപ്പിക്കുന്നതിനും, ക്രമസമാധാന തകർച്ചയ്ക്കും ഇത്തരം ഓഫ്‌ലൈൻ ആപ്പുകൾ ദുരുപയോഗം ചെയ്യപ്പെടാം എന്ന് ഐ4സി ചൂണ്ടിക്കാട്ടുന്നു.
‘ബത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്
നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ എത്തിയിരിക്കുന്ന ‘മാന്ത്രികം’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ എത്തുന്നത് നർമ്മ മുഹൂർത്തങ്ങളും പ്രണയ നിമിഷങ്ങളുമൊക്കെയായാണ്. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
‘ഖലീഫ’യിലെ ‘അസലായവളേ’ ഗാനം ട്രെൻഡിംഗിൽ
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഖലീഫ’യിലെ, ജേക്സ് ബിജോയ് ഈണം പകർന്ന ‘അസലായവളേ’ എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഒന്നര മില്യൺ കാഴ്ചക്കാരെയാണ് ഈ ഗാനം യൂട്യൂബിൽ നിന്ന് നേടിയത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. വലിയ ശ്രദ്ധ നേടുന്ന ഈ ഗാനം, 2 ദിനം കൊണ്ട് 2 മില്യൺ കാഴ്ചക്കാരെയും പിന്നിടുമെന്ന് ഉറപ്പായി കഴിഞ്ഞു. തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്.
ഇ85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്കൂട്ടറുമായി ഹോണ്ട
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പുതിയ ഇരുചക്രവാഹനം എഡിവി160 അവതരിപ്പിച്ചു. ഏറ്റവും പ്രധാനമായി, ഇ85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മികവേറിയ ഇന്ത്യയിലെ ആദ്യത്തെ സ്കൂട്ടർ എന്ന അവകാശവാദത്തോടെയാണ് കമ്പനി എഡിവി 160 പുറത്തിറക്കിയിരിക്കുന്നത്. എഡിവി160 ന്റെ ഇ85 മികച്ച പവർ നൽകുന്നതാണ്. 16.3ബിഎച്പി കരുത്തും 14.9എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 157സിസി, സിംഗിൾ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഈ സ്കൂട്ടറിന് കരുത്ത് പകരുന്നത്, കൂടാതെ സിവിടിയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ വിൽപ്പനയിലുള്ള പരമ്പരാഗത പെട്രോൾ സ്കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, 85 ശതമാനം വരെ എഥനോൾ, 15 ശതമാനം പെട്രോളും അടങ്ങിയ ഇന്ധനത്തിൽ പ്രവർത്തിക്കാൻ ഈ എഞ്ചിൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും, എന്ന് വിപണിയിൽ എത്തുമെന്നോ വില എത്രയെന്നോ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ബാലസാഹിത്യ കൃതി ‘മീൻകള്ളത്തിപ്പക്ഷി’
നമുക്കുചുറ്റും കാണുന്ന പരിചിതകാഴ്ചകളെ അനായാസം ഉള്ളിൽത്തട്ടുന്ന അനുഭവമാക്കി മാറ്റുന്ന പതിമൂന്ന് കഥകളുടെ സമാഹാരം. സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും തുല്യതയ്ക്കും പ്രാധാന്യം നൽകി രചിക്കപ്പെട്ട കഥകളോരോന്നും കുട്ടികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. പക്ഷിമൃഗാദികളും പ്രകൃതിയും വ്യത്യസ് തലമുറകളിലെ മനുഷ്യരും ചേർന്നുള്ള വ്യത്യസ്തമായ ബാലസാഹിത്യകൃതി. ‘മീൻകള്ളത്തിപ്പക്ഷി’. അനിത കെ. കാര. കൈരളി ബുക്സ്. വില 190 രൂപ.
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങൾ
തലമുടിയുടെ നല്ല വളർച്ചയ്ക്ക് ആവശ്യമായ പോഷകമാണ് ബയോട്ടിൻ. മുടികൊഴിച്ചിൽ അകറ്റാനും, കരുത്തുള്ള മുടിക്കും ബയോട്ടിൻ ലഭിക്കാനും ഈ ഭക്ഷണങ്ങൾ കഴിക്കാം. മുട്ടയിൽ ധാരാളം ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് കട്ടിയും കരുത്തുമുള്ള തലമുടി ലഭിക്കാൻ സഹായിക്കും. ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തി കഴിക്കുന്നതും ഗുണകരമാണ്. ചീരയിൽ ബയോട്ടിൻ, അയൺ, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് തലമുടി നന്നായി വളരാൻ സഹായിക്കും. ബദാമിൽ ധാരാളം ബയോട്ടിനും വിറ്റാമിൻ ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് തലമുടിയുടെ വളർച്ച കൂട്ടാൻ സഹായിക്കും. സാൽമണിൽ ധാരാളം ബയോട്ടിനും ഒമേഗ 3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും മുടിയുടെ വളർച്ച കൂട്ടാനും സഹായിക്കും. വാൾനട്ട്, സൺഫ്‌ളവർ സീഡ്, ചിയ സീഡ് എന്നിവയിൽ ധാരാളം ബയോട്ടിനും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.






























