26 C
Kollam
Sunday 6th September, 2026 | 07:03:17 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബർ 6, ഞായർ | 1202 ചിങ്ങം 21, തിരുവാതിര

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബർ 6, ഞായർ | 1202 ചിങ്ങം 21, തിരുവാതിര

കൽക്കരി ക്ഷാമം: താപനിലയങ്ങൾ ഉത്പാദനം കുറച്ചു

കല്‍ക്കരി ക്ഷാമംമൂലം രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉത്പാദനം കുറച്ചു. ഇതോടെ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി വര്‍ധിക്കും. 36 ദശലക്ഷം വൈദ്യുതിയാണ് കേന്ദ്ര ഗ്രിഡില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ഇതില്‍ 12 ദശലക്ഷം യൂണിറ്റ് കുറഞ്ഞു. രാജ്യത്തെ 190 താപനിലയങ്ങളില്‍ 50 എണ്ണവും പ്രവര്‍ത്തനം നിലയ്ക്കുന്ന സ്ഥിതിയിലാണ്.

കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ ടൈറ്റൻസിന് കിരീടം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണില്‍ തൃശ്ശൂര്‍ ടൈറ്റന്‍സ് ചാമ്പ്യന്മാര്‍. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നാലുവിക്കറ്റിനാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. കാലിക്കറ്റ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നാണ് തൃശൂര്‍ കപ്പുയര്‍ത്തിയത്. അഹ്‌മദ് ഇമ്രാന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റന്‍ എം.എസ്. അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന് അവിസ്മരണീയ വിജയമൊരുക്കിയത്. അഹ്‌മദ് ഇമ്രാനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിള്‍സിന്റെ മൊഹമ്മദ് അസറുദ്ദീന്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കോര്‍: കാലിക്കറ്റ് 167/9, തൃശ്ശൂര്‍ 169/6.

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഈ മാസം 28 മുതൽ

തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടം ഈ മാസം 28 ന് തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍ എന്നിവരെ കൂടി സഹകരിപ്പിക്കും. 1034 വാര്‍ഡുകളിലും വാര്‍ഡ് തല തൂഫാന്‍ സമിതികള്‍ രൂപീകരിക്കും. 28 ന് തദ്ദേശ സ്ഥാപനങ്ങളില്‍ തൂഫാന്‍ ഫ്ളാഗ് ഉയര്‍ത്തുമെന്നും ചെന്നിത്തല.

മെസി തട്ടിപ്പ് വിവാദം: സ്പോൺസർക്ക് ബാങ്ക് ഗ്യാരന്റി ഒഴിവാക്കാൻ സർക്കാർ കൂട്ടുനിന്നു

മെസിയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് സ്പോണ്‍സര്‍ക്കു ബാങ്ക് ഗ്യാരന്റി ഒഴിവാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നെന്നു കായികവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട്. വിദേശ പണ ഇടപാടില്‍ വലിയ ചട്ട ലംഘനമുണ്ടായി. സ്പോണ്‍സര്‍ക്ക് ലാഭം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു. മത്സരം നടത്താനുള്ള സാമ്പത്തികസ്ഥിതി പരിശോധിക്കാതെയാണു റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോണ്‍സറാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലടി: അന്വേഷണത്തിന് സമിതി

രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ എം.എം ഹസന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. തമ്മിലടി ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്.

അമല നാഷണൽ ബുക്ക് ഫെസ്റ്റിവൽ സെപ്റ്റംബർ 24 മുതൽ 26 വരെ

അമല നാഷണല്‍ ബുക്ക് ഫെസ്റ്റിവലിന്റെ (നാലാം എഡിഷൻ) സെപ്റ്റംബർ 24 മുതൽ 26 വരെ തൃശൂർ അമല മെഡിക്കൽ കോളേജ് കാമ്പസിൽ നടക്കും. സെപ്റ്റംബർ 24-ന് രാവിലെ 11 മണിക്ക് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ വെച്ച് മികച്ച സ്‌കൂള്‍ ലൈബ്രറിക്കും മികച്ച കൈയെഴുത്ത് മാഗസിനും അവാര്‍ഡ് നല്‍കും. കോളേജ് മാഗസിന്‍-അവസാന പതിപ്പ്, ഡിജിറ്റല്‍ മാഗസിന്‍ 4.O ചടങ്ങില്‍ പ്രകാശനം ചെയ്യും. ഇന്ത്യ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ വിശിഷ്ടാതിഥിയാകും. തുടര്‍ന്ന് നടി ശ്രുതി ജയന്റെ ആവിഷ്‌കാര പ്രകടനവും സംവേദനാത്മക സെഷനുമുണ്ടാകും. സെപ്റ്റംബർ 25-ന് രാവിലെ 10ന് വായനയും ആരോഗ്യവും വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനവും പ്രശസ്ത എഴുത്തുകാരന്‍ ഡോ. മനോജ് വെള്ളനാടും പങ്കെടുക്കുന്ന ടോക്ക് ഷോ നടക്കും. 11.15 ന് ദര്‍ശന ക്ലബ്ബിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പ്രത്യേക പ്രകടനം. 12.30 ന് വെള്ളിത്തിരയിലെ അപ്പോത്തിക്കരി എന്ന വിഷയത്തില്‍ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് മാര്‍ട്ടിന്‍ ജോസഫും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ കവിപ്രസാദ് ഗോപിനാഥും സംസാരിക്കുന്നു. ഉച്ചക്ക് 2.30 ന് മെന്റലിസ്റ്റ് മൃദുലിന്റെ ലൈവ് മെന്റലിസം ഷോ. 3.30 ന് പറയാന്‍ മറന്ന പാട്ടുകള്‍ എന്ന വിഷയത്തില്‍ ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ് സംസാരിക്കും. വൈകീട്ട് 4.45 ന് നിഴല്‍ ബാന്‍ഡിന്റെ തത്സമയ സംഗീത പ്രകടനം. സെപ്റ്റംബർ 26-ന് രാവിലെ 10 ന് ജെന്‍സിയും എഴുത്തും എന്ന വിഷയത്തില്‍ അവതാരകനും ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ നിശാന്ത് എം.വിയും നടനും ഗ്രാഫിക് ഡിസൈനറുമായ അനീഷ് ഗോപാലും സഞ്ചാരിയും എഴുത്തുകാരനുമായ എഡ്വിന്‍ ഹിച്ച്ഹിക്കറുമായി ഒരു സംവേദനാത്മക സെഷന്‍. രാവിലെ 11.45 ന് വന്ധ്യതയും സമൂഹവും എന്ന വിഷയത്തില്‍ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി.മണികണ്ഠന്‍ സംസാരിക്കുന്നു. ഉച്ചക്ക് 1.45 ന് ഉട്ടോപ്യന്‍ അജിത്തിന്റെയും ദീപ്തിയുടെയും പ്രചോദനാത്മകമായ സെഷന്‍. വൈകീട്ട് 3 ന് മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇതിഹാസ മലയാള ചലച്ചിത്രകാരന്‍മാരായ സിബി മലയില്‍, കമല്‍, ബ്ലെസി, സുന്ദര്‍ ദാസ് എന്നിവര്‍ പങ്കെടുക്കും. പരിപാടികളുടെ പ്രവേശനം സൗജന്യമാണ്.

പുതുക്കാട് പൊലീസ് സ്റ്റേഷനിലെ നാല് പേർക്ക് കൂട്ട സസ്പെൻഷൻ

തൃശൂര്‍ പുതുക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള നാലു പേര്‍ക്കു കൂട്ട സസ്പെന്‍ഷന്‍. എസ്ഐ സി.എം മഹേഷ്, സിപിഒമാരായ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ക്രിമിനല്‍ കേസ് പ്രതികളെ പിന്‍തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാത്തതിനാണ് നടപടി.

കയ്പമംഗലം അപകടം: ലോറി ഡ്രൈവർ പിടിയിൽ

തൃശൂര്‍ കയ്പമംഗലത്ത് എട്ടു വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ പിടിയില്‍. പുണെസ്വദേശിയായ ദൂക്കാറാം കംപ്ലയാണ് പിടിയിലായത്. കയ്പമംഗലം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കയ്പമംഗലം അപകടം: ലോറി ഡ്രൈവർക്കെതിരെ കേസ്; അന്വേഷണം തുടങ്ങി

കയ്പമംഗലം അപകടത്തില്‍ നടുറോഡില്‍ നിയമവിരുദ്ധമായി ചരക്കുലോറി നിര്‍ത്തിയിട്ട ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ്-മോട്ടോര്‍ വാഹന വകുപ്പുകളുടെ അന്വേഷണം തുടങ്ങി. ദേശീയപാത അതോറിറ്റിയുടെയും കരാര്‍ കമ്പനിയുടെയും ഭാഗത്ത് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. ദേശീയപാതയില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന നാട്ടുകാരുടെ ആക്ഷേപം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തള്ളി.

തൃശൂർ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തര പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം

കയ്പ്പമംഗലം വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ദേശീയപാതകളില്‍ അടിയന്തരമായി സംയുക്ത പരിശോധന നടത്താന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ എച്ച് എ ഐ പ്രോജക്ട് ഡയറക്ടര്‍, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധ നടത്തി ബുധനാഴ്ച വൈകിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

കുണ്ടറ പൊലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ നിന്ന് ചാടിപ്പോയ പ്രതി വൈജേഷ് പിടിയില്‍. മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യം തുടരും

മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളുടെ ജാമ്യം തുടരും. ബത്തേരി കോടതിയില്‍ പ്രതികള്‍ ഇന്നലെ ഹാജരായി. മുട്ടില്‍ മരം മുറിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ 12 കേസുകളാണ് ഇന്നലെ പരിഗണിച്ചത്.

വണ്ടർ വാട്ടർഫാൾസ് എക്സിബിഷൻ തൃശൂരിൽ

ജലവിസ്മയങ്ങളും കുടുംബ വിനോദങ്ങളും ഒരുമിക്കുന്ന മെഗാ എക്സിബിഷൻ – വണ്ടര്‍ വാട്ടര്‍ഫാള്‍സ് എക്സിബിഷന്‍ തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍. ഡി ജെ അമ്യൂസ്മെന്റ്സ് ഒരുക്കുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ആസ്വദിക്കാവുന്ന വൈവിധ്യമാര്‍ന്ന വിനോദങ്ങളും ദൃശ്യവിസ്മയങ്ങളും ഉള്‍ക്കൊള്ളുന്ന എക്സിബിഷൻ എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ രാത്രി 9.30 വരെയാണ്.

ലഹരിക്കച്ചവട ആരോപണം: സിപിഎം നേതാവ് എം.എം.അനസ് അലി മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്റെ ആരോപണംമൂലം കുടുംബാംഗങ്ങള്‍ക്കുപോലും പുറത്തിറങ്ങി നടക്കാനാകാതായെന്ന് വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം നേതാവ് എം.എം.അനസ് അലി . അനസ് അലി മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം: പോസ്റ്റുകൾ പുനഃസ്ഥാപിച്ച് മെറ്റ

മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കിയ പോസ്റ്റുകള്‍ മെറ്റ പുനഃസ്ഥാപിച്ചു. കേന്ദ്ര ഐടി മന്ത്രാലയത്തിനും മെറ്റക്കും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തു നല്‍കി മണിക്കൂറുകള്‍ക്കം പോസ്റ്റുകള്‍ പുനസ്ഥാപിച്ചു. പോസ്റ്റുകള്‍ നീക്കിയതിന് പിന്നില്‍ സാങ്കേതിക തകരാര്‍ ആണെന്നാണ് മെറ്റയുടെ വിശദീകരണം. ആശാവര്‍ക്കര്‍മാര്‍ക്ക് ഓണം ഉത്സവബത്ത, നബിദിന ആശംസ തുടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരേയാണ് കത്ത് നല്‍കിയത്.

ഇടതുപക്ഷത്തിന്റെ വികസന തടസ്സങ്ങൾ കേരളത്തെ പിന്നോട്ടടിച്ചു: പി.കെ. കുഞ്ഞാലിക്കുട്ടി

ഇടതുപക്ഷം സൃഷ്ടിച്ച വികസന തടസ്സങ്ങളാണ് കേരളത്തെ പത്തു വര്‍ഷത്തോളം പിന്നോട്ടടിച്ചതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മഷിയിട്ടു നോക്കിയാല്‍പോലും ഒരു വികസനവും ഉണ്ടായില്ലെന്നും, ഈ തകര്‍ച്ചകളെല്ലാം റിപ്പയര്‍ ചെയ്ത് യുഡിഎഫ് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റം ചർച്ചയാകില്ല

സിപിമ്മില്‍ വിശാല സംസ്ഥാന സമിതി യോഗത്തില്‍ നേതൃമാറ്റം അജണ്ടയാക്കില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതാക്കള്‍. പാര്‍ട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും ചര്‍ച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചര്‍ച്ചയ്ക്കു വന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കണമെന്ന് എ. വിജയരാഘവൻ

തെരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാന്‍ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവന്‍. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിക്കെന്നും, ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കുന്നംകുളം ആർത്താട്ടിൽ വാഹനാപകടം: മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

കുന്നംകുളം ആര്‍ത്താറ്റുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രാത്രി 11.40 നായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്ന, മൂന്നുവയസ്സുകാരന്‍ എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേക്ക് ഇടിച്ചുകയറിയ കാര്‍ റോഡരികിലെ വൈദ്യുതപോസ്റ്റും തകര്‍ത്തു.

മണി ചെയിൻ സാമ്പത്തിക തട്ടിപ്പ്: ആൽഗ മാർക്കറ്റിംഗ് കമ്പനിയുടെ ഡയറക്ടർമാർക്ക് തടവും പിഴയും

മണി ചെയിന്‍ സാമ്പത്തിക തട്ടിപ്പില്‍ ആല്‍ഗ മാര്‍ക്കറ്റിംഗ് കമ്പനിയുടെ ഏഴു ഡയറക്ടര്‍മാര്‍ക്ക് അഞ്ചര വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ വീതം പിഴയും ശിക്ഷ. 2011 ലെ കേസിലാണ് തലശ്ശേരി സിജെഎം കോടതി ശിക്ഷ വിധിച്ചത്. പ്രവീണ്‍ ഗോപാലന്‍, ജയ്സണ്‍ ജോണ്‍, ഐ ടി നന്ദകുമാര്‍, കെ സജീവന്‍, വി ഗിരീഷ്, അനീഷ് ബാബു, പി അബ്ദുല്‍ സമദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

വൈറ്റിലയിൽ നാട്ടുകാർ കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു

നാലുദിവസമായി തുടരുന്ന അപ്രഖ്യാപിത പവര്‍ കട്ടില്‍ പ്രതിഷേധിച്ച് ശനിയാഴ്ചരാത്രി നാട്ടുകാര്‍ വൈറ്റില കെ.എസ്.ഇ.ബി. ഓഫീസ് ഉപരോധിച്ചു.

റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

കാസര്‍കോട് റാണിപുരത്ത് റോപ് വേയില്‍നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കൃഷ്ണന്‍ (24)ആണ് മരിച്ചത്. വിനോദ സഞ്ചാരികളെ കയറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

ലോൺ തട്ടിപ്പിന് ഇരയായവരുടെ വീട്ടിൽ ജപ്തി നടപടി തടഞ്ഞ് നാട്ടുകാർ

എറണാകുളം സ്വദേശി നടത്തിയ ലോണ്‍ തട്ടിപ്പിന് ഇരയായവരുടെ വീട്ടില്‍ ജപ്തി നടപടിയുമായി എത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. വയനാട് മാനന്തവാടി പനവല്ലിയിലെ തോമസിന്റെ വീട്ടില്‍ എത്തിയ ഉദ്യോഗസ്ഥരെയാണു നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാരുമായി ചര്‍ച്ച നടത്തിയ ഉദ്യോഗസ്ഥര്‍ തത്കാലം ജപ്തി നടപടികള്‍ ഒഴിവാക്കാനും ബുധനാഴ്ച ചര്‍ച്ച നടത്താനും തീരുമാനിച്ചു.

കയ്പമംഗലം അപകടം: മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമെന്ന് രാജീവ് ചന്ദ്രശേഖർ

കയ്പമംഗലത്തെ വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുവച്ച് കേന്ദ്ര സര്‍ക്കാരില്‍ കുറ്റം ചുമത്താനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.

പന്തളത്ത് പൊലീസ് മര്‍ദനം

പന്തളത്തു പോലീസ് മര്‍ദനം. മാങ്ങാരം സ്വദേശി ഷിഫാസിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും പന്തളം സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേര്‍ന്ന് മര്‍ദിച്ചു. ചേരിക്കലിന് സമീപം നടന്ന ഓണാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതായപ്പോള്‍ പൊലീസ് ജീപ്പിന്റെ സഹായം തേടിയതാണ് പോലീസുകാരെ പ്രകോപിപ്പിച്ചത്.

എറണാകുളം ശിവക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

എറണാകുളം ശിവക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. ദേവസ്വം ഓഫീസര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവക്ഷേത്ര ഉപദേശക സമിതി സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.

ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കേടായ കെ.എസ്.ഇ.ബി. ബസ്: യാത്രക്കാരെ രക്ഷപ്പെടുത്തി

മൈസൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് ബന്ദിപ്പൂര്‍ വനമേഖലയില്‍ രാത്രി കേടായി. വന്യമൃഗ ഭീഷണിയുള്ള പ്രദേശത്ത് കുടുങ്ങിയ 32 യാത്രക്കാരെ വയനാട് പൊലീസും കെ.എസ്.ആര്‍.ടി.സിയും ചേര്‍ന്ന് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.

മഞ്ചേശ്വരം ഹൊസങ്കടിയിൽ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മഞ്ചേശ്വരം ഹൊസങ്കടിയില്‍ കര്‍ണാടക സ്വദേശിയായ രമേശ് എന്ന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയ്ക്കും നെഞ്ചിനും ഏറ്റ മാരകമായ മുറിവുകളാണ് മരണകാരണം.

ഡൽഹിയിലെ സമരത്തെ പൊലീസ് നേരിട്ട രീതിയിൽ സുപ്രീംകോടതി ജഡ്ജിയുടെ വിമർശനം

ഡല്‍ഹിയിലെ സിജെപി സമരത്തെ പൊലീസ് നേരിട്ട രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി ജഡ്ജി. പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന കാഴ്ചകള്‍ വേദനജനകവും ആശങ്ക ഉയര്‍ത്തുന്നതെന്നും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ വിമര്‍ശിച്ചു. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ യശോവര്‍ധന്‍ ആസാദ് രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഇങ്ങനെ വിമര്‍ശിച്ചത്. ഇതിനിടെ, സിജെപി പ്രതിഷേധത്തിലെ അതിക്രമത്തില്‍ പ്രതിയായ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി മല്ലികാർജുൻ ഖർഗെയെ വീണ്ടും നിയമിച്ചു

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി വീണ്ടും നിയമിച്ചു. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാജ്യസഭയിലെ വിവിധ പാര്‍ലമെന്ററി സമിതികള്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ സി പി രാധാകൃഷ്ണന്‍ പുനസംഘടിപ്പിച്ചതിലൂടെയാണ് ഖര്‍ഗെക്ക് പുനര്‍നിയമനം ലഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ ഖര്‍ഗെ കര്‍ണാടകത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരായ ജോണ്‍ ബ്രിട്ടാസും ജോസ് കെ മാണിയും എം പി ലാഡ്സ് സമിതിയില്‍ അംഗങ്ങളായി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഡല്‍ഹിയില്‍ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്

ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസ്: 10 പ്രതികളും കുറ്റക്കാരെന്ന് കോടതി

2013 ലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസില്‍ 10 പ്രതികളും കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരാണ് 2013 ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എഐസിസിയിൽ അഴിച്ചുപണി

എഐസിസിയില്‍ അഴിച്ചുപണി. സച്ചിന്‍ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയായ ഭൂപേഷ് ബാഘേലിന് പകരക്കാനായാണ് സച്ചിന്റെ നിയമനം. അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. രണ്‍ദീപ് സിങ് സുര്‍ജെവാലയ്ക്കാണ് ഗുജറാത്തിന്റെ ചുമതല. കര്‍ണാടകത്തിന്റെ അധികച്ചുമതലയുമുണ്ട്. പഞ്ചാബിന്റെ ചുമതലയില്‍നിന്ന് മാറ്റിയ ബാഘേലിന് അസമിന്റെ ചുമതല നല്‍കി.

മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന ഇടതുപാർട്ടികൾ നിരസിച്ചു

വിജയ് മന്ത്രിസഭയില്‍ ചേരണമെന്ന അഭ്യര്‍ത്ഥന ഇടതുപാര്‍ട്ടികള്‍ വീണ്ടും നിരസിച്ചു. മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നതു തുടരുമെന്ന് ഇടതുനേതാക്കള്‍ അറിയിച്ചു. സിപിഎമ്മിന്റേയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിമാരുടെ പ്രഖ്യാപനം.

തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമം

തമിഴ്നാട് ഈറോഡില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിലെ മുന്‍ പാചകത്തൊഴിലാറിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഭാര്യ ആലമ്മാളിനെ പിരിച്ചുവിട്ടതിന്റെ പകയിലാണ് സാമ്പാറില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചതെന്നു പോലീസ്.

യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെ മധ്യസ്ഥതയിൽ ചർച്ച

യുക്രൈന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച. യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങള്‍ അടുത്ത മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും മോസ്‌കോയില്‍ വിമാനമിറങ്ങിയതിന് പിന്നാലെയാണ് റഷ്യ ആക്രമണം നിര്‍ത്തിയത്.

മിസ് വേൾഡ് 2026 കിരീടം ജൊഹെയ്റി മോളക്കിന്

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോളക്ക് മിസ് വേള്‍ഡ് കിരീടം. വിയറ്റ്നാമില്‍ നടന്ന മിസ് വേള്‍ഡ് 2026 സൗന്ദര്യമത്സരത്തിലാണ് ജൊഹെയ്റി ജേതാവായത്. കഴിഞ്ഞ വര്‍ഷത്തെ മിസ് വേള്‍ഡായ തായ്ലാന്‍ഡിന്റെ ഓപല്‍ സുചാത ചുവാങ്സ്രി ജൊഹെയ്റിയെ മിസ് വേള്‍ഡ് കിരീടമണിയിച്ചു. സ്പെയിനിന്റെ എലിസബത്ത് റെയ്ന്‍സ് രണ്ടാം സ്ഥാനവും മലേഷ്യയുടെ താനുസിയ ചെട്ടി മൂന്നാം സ്ഥാനവും നേടി. ഇന്ത്യയുടെ നികിത പോര്‍വാല്‍ ടോപ് 40 ല്‍ ഇടംനേടി.

ഖാർഗ് ദ്വീപിൽ ഇറാന്റെ എണ്ണക്കപ്പൽ ആക്രമിച്ച് അമേരിക്ക

ഖാര്‍ഗ് ദ്വീപില്‍ ഇറാന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച് അമേരിക്ക. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ബൊളീവിയയിലെ സൈനിക ക്യാമ്പിൽ സ്ഫോടനം: രണ്ടു പേർ കൊല്ലപ്പെട്ടു

ബൊളീവിയയിലെ സൈനിക ക്യാമ്പില്‍ സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പേര്‍ക്ക് ഗുരുതര പരിക്ക്.

ദുലീപ് ട്രോഫി ഫൈനൽ: സൗത്ത് സോണിനെതിരെ കെ.എൽ. രാഹുൽ കളിക്കില്ല

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിതിരെ സീനിയര്‍ താരം കെ എല്‍ രാഹുല്‍ കളിക്കില്ല. ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ചെന്നൈയില്‍ നടക്കാനിരിക്കെ, സൗത്ത് സോണ്‍ നായകന്‍ തിലക് വര്‍മയാണ് രാഹുലിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, ഈസ്റ്റ് സോണ്‍ നായകന്‍ ഇഷാന്‍ കിഷന്‍ ടീമിന്റെ പൂര്‍ണ കരുത്ത് ഫൈനലിലുണ്ടാവുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യ

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഗ്രൂപ്പ് മത്സരത്തില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18.1 ഓവറില്‍ 55 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്ഥാന്‍ വനിതാ ടീമിന്റെ ട്വന്റി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യന്‍ താരം ശ്രീചരണിയാണ് പ്ലെയർ ഓഫ് ദി മാച്ച്.

ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയിൽ യു.എ.ഇ.യുടെ മുന്നേറ്റം

ഇന്ത്യയിലേക്കുള്ള സ്വര്‍ണം ഇറക്കുമതിയില്‍ യുഎഇയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റം. ജൂണില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 160 കോടി ഡോളറില്‍ നിന്ന് 17.7% ഇടിഞ്ഞ് 132 കോടി ഡോളറാണ്. എന്നാല്‍, യുഎഇയില്‍ നിന്നുള്ളത് 23.6 കോടിയില്‍ നിന്ന് 175.2% കുതിച്ച് 64.94 കോടി ഡോളറിലെത്തി. മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിയില്‍ 28.4 കോടി ഡോളറിന്റെ കുറവുണ്ടായപ്പോള്‍ യുഎഇയില്‍ നിന്നുള്ളത് 41.35 കോടി ഡോളര്‍ ഉയര്‍ന്നു. ജൂണില്‍ മൊത്തം സ്വര്‍ണ ഇറക്കുമതിയില്‍ 33% യുഎഇയില്‍ നിന്നാണ്. 2025 ജൂണില്‍ ഇത് വെറും 12.8 ശതമാനമായിരുന്നു. നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ആകെ 1101 കോടി ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 749 കോടിയേക്കാള്‍ 47.1% വര്‍ധന. യുഎഇയില്‍ നിന്നുള്ള ഇറക്കുമതി 140 കോടിയില്‍ നിന്ന് 125% വര്‍ധിച്ച് 314 കോടി ഡോളറിലെത്തി. ഇന്ത്യയും യുഎഇയും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രകാരം 1% ഇളവോടെ സ്വര്‍ണം ഇറക്കുമതി ചെയ്യാം. ഇതാണ് സ്വര്‍ണം ഉല്‍പാദക രാജ്യമല്ലാതിരുന്നിട്ടും യുഎഇയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യയിലേക്ക് സ്വര്‍ണമെത്താന്‍ കാരണം.

അത്യാധുനിക എഐ ടൂത്ത് ബ്രഷുമായി ഡൈസൻ

പല്ലുതേയ്ക്കാന്‍ അത്യാധിനിക എഐ ടൂത്ത് ബ്രഷുമായി ബ്രിട്ടീഷ് കമ്പനിയായ ഡൈസന്‍. ഡൈസന്‍ ക്യാമറജെറ്റ് എന്നാണ് ടൂത്ത് ബ്രഷിന്റെ പേര്. പല്ല് തേയ്ക്കലും ഫ്‌ളോസ് ചെയ്യലും ഒരൊറ്റ ഉപകരണത്തില്‍ സാധ്യമാക്കുന്നതാണിത്. പല്ലുകള്‍ക്കിടയിലെ ചെറിയ വിടവുകള്‍ ടൂത്ത് ബ്രഷിലെ എഐ ക്യാമറ കണ്ടെത്തും. തുടര്‍ന്ന് വിടവില്‍ മൗത്ത് വാഷ് സ്‌പ്രേ ചെയ്യപ്പെടും. ഫ്‌ളോസ് ചെയ്യുന്നതിന് സമാനമായി പല്ലുകള്‍ മൊത്തത്തില്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കുമെന്ന് ഡൈസന്‍ അവകാശപ്പെടുന്നു. ആറു വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ ടൂത്ത്ബ്രഷ്. വിപണിയിലെ പ്രീമിയം ഇലക്ട്രിക് ടൂത്ത്ബ്രഷുകളേക്കാള്‍ 69 ശതമാനം വരെ കൂടുതല്‍ പ്ലാക്ക് നീക്കം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. പല്ല് തേക്കന്നതിനിടെ സെക്കന്‍ഡില്‍ 28 തത്സമയ ചിത്രങ്ങള്‍ ടൂത്ത്ബ്രഷിന്റെ എഐ ക്യാമറ സ്‌കാന്‍ ചെയ്യും.

മോഹൻലാലിന്റെ മകൾ വിസ്മയയുടെ ‘തുടക്കം’ ഒടിടി റിലീസിന്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തിയിരുന്നു. തിയറ്ററിലെ വിജയക്കുതിപ്പിന് പിന്നാലെ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. സെപ്റ്റംബര്‍ 18 വെള്ളിയാഴ്ച മുതല്‍ തുടക്കം ഒടിടിയില്‍ കാണാനാകും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതിനോടകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ചമന്‍ ചാക്കോ.

ജോജു ജോർജ് നായകനായ ‘വരവ്’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജോജു ജോര്‍ജ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ‘വരവി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ച മുതല്‍ വരവ് ഒടിടിയില്‍ കാണാനാകും. സീ 5 ആണ് സ്ട്രീമിംഗ് അവകാശം നേടിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജൂലൈ 16ന് ആയിരുന്നു തിയറ്ററുകളില്‍ എത്തിയത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിര്‍വ്വഹിച്ച എ.കെ. സാജന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കിയത്. ജോജുവിനൊപ്പം വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, വിന്‍സി അലോഷ്യസ്, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

കാർണിവൽ എംപിവിയുടെ ഹൈബ്രിഡ് പതിപ്പുമായി കിയ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ കിയ തങ്ങളുടെ കാര്‍ണിവല്‍ എംപിവിയുടെ ഹൈബ്രിഡ് പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. അടുത്തിടെ പുറത്തിറക്കിയ സൊറെന്റോയിലെ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. കാര്‍ണിവല്‍ ഹൈബ്രിഡിന് കരുത്തുപകരുന്നത് 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്. സൊറെന്റോയിലേതുപോലെ 178 ബിഎച്ച്പി കരുത്തും 265 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ സൊറെന്റോയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം കൂടി ശക്തമായ ഇലക്ട്രിക് മോട്ടോര്‍ ആണ് ഇതില്‍ ഉണ്ടാവുക. ഇതോടെ അധികമായി 72 ബിഎച്ച്പി കരുത്തും 304 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഇതിന് സാധിക്കും. കാര്‍ണിവല്‍ ഹൈബ്രിഡില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കിയ കാര്‍ണിവല്‍ ലഭിക്കുന്നത്.

പുതിയ പുസ്തകം: ‘ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം’

നഷ്ടപ്രണയത്തിന്റെ വേദനയെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഒരു യുവതിയുടെ ഹൃദയസ്പര്‍ശിയായ കഥ. ചിലപ്പോള്‍ ജീവിതത്തില്‍ നാമേറെ സ്നേഹിച്ചിരുന്ന ഒന്നിനെ നഷ്ടമാവുമ്പോള്‍ അതിനേക്കാള്‍ മികച്ച ഒന്നിനെ കാലം നമുക്കായി കരുതിവെച്ചിട്ടുണ്ടാകും എന്ന വലിയ സത്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. ചില നഷ്ടങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളിലേക്കും മികച്ച തീരുമാനങ്ങളിലേക്കും നമ്മെ നയിക്കുന്നു. ‘ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം’. വിസ്മയ വിശ്വന്‍. ഡിസി ബുക്സ്. വില 189 രൂപ.

ഇരുമ്പിന്റെ കുറവ് സ്ത്രീകളിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം

നാലില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ക്കും ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കുന്നില്ലെന്ന് പഠനം. 15-നും 49-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 57 ശതമാനം പേര്‍ക്കും വിളര്‍ച്ച ഉണ്ടെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ-5 കണ്ടെത്തി. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 67.1 ശതമാനം പേരെയും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 59.1 ശതമാനം പേരെയും ഈ അവസ്ഥ ബാധിച്ചിട്ടുണ്ട്. രക്തത്തിലൂടെ ഓക്സിജന്‍ എത്തിക്കുന്ന ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശരീരം ഇരുമ്പിനെ ആശ്രയിക്കുന്നു. ഇരുമ്പിന്റെ അപര്യാപ്തമായ അളവ് ശരീരത്തില്‍ ഇരുമ്പിന്റെ കുറവിന് കാരണമായേക്കാം. ഇത് ക്ഷീണം, ബലഹീനത, തലവേദന, തലകറക്കം, ശ്വാസംമുട്ടല്‍ എന്നിവയിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, ഫോലേറ്റ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ എ എന്നിവയുടെ കുറവ്, അണുബാധകള്‍, രക്തനഷ്ടം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ മൂലവും വിളര്‍ച്ച ഉണ്ടാകാം. ഇരുമ്പിന്റെ അളവ് കൂട്ടാന്‍ ഭക്ഷണത്തില്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍, കടല, കിഡ്നി ബീന്‍സ്, സോയാബീന്‍, എള്ള്, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ സസ്യാഹാരങ്ങളില്‍ ഉള്‍പ്പെടുത്തുക. ചായയിലും കാപ്പിയിലും ഇരുമ്പിന്റെ ആഗിരണം കുറയ്ക്കാന്‍ കഴിയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണത്തോടൊപ്പം ഇവ കുടിക്കുന്നത് ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here