27.2 C
Kollam
Saturday 5th September, 2026 | 08:07:30 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബര്‍ 5, ശനി | കൊല്ലവർഷം: 1202 ചിങ്ങം 20,...

പത്രം മലയാള ദിനപത്രങ്ങളിലൂടെ 2026 സെപ്റ്റംബര്‍ 5, ശനി | കൊല്ലവർഷം: 1202 ചിങ്ങം 20, മകീര്യം

തൃശൂർ കയ്പമംഗലത്ത് ചരക്ക് ലോറിക്കു പിറകിൽ കാറിടിച്ചു; എട്ടുപേർ മരിച്ചു

തൃശൂര്‍ കയ്പമംഗലം ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്കു പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴുപേര്‍ ഡിണ്ടിഗലിലുള്ള എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്നാണ് വിവരം. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്താണ് അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനം

ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ മര്‍ദനമേറ്റു. രമ്യ ഹരിദാസ് എംഎല്‍എ ചിറയിന്‍കീഴ് ആശുപത്രിയില്‍ ചികിത്സ തേടി. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലെത്തിയത്. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് അംഗം സജാദിന്റെ വീട്ടിലേക്കു പോയതെന്നും അവിടെ സജാദും സുഹൃത്തുക്കളും തന്നെ ആക്രമിച്ചെന്നും പരാതി നല്‍കിയെന്നും എംഎല്‍എ അറിയിച്ചു.

ദളിത് പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിച്ച കേസ്; പ്രതി സ്വതന്ത്ര ഭരദ്വജ് കസ്റ്റഡിയില്‍

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയുടെ അച്ഛന്റെ തലയിലടിച്ച പ്രതിയായ ഹിന്ദു തീവ്രവാദി സ്വതന്ത്ര ഭരദ്വജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സിജെപിയുടെ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത നിഷു ആസാദ് എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ സന്ദീപിനെ താന്‍ ആക്രമിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി മണിക്കൂറുകള്‍ക്കകമാണ് അറസ്റ്റ്. പ്രതിയെ അറസ്റ്റു ചെയ്യുമെന്ന് പോലീസ് ഉറപ്പു നല്‍കിയതോടെയാണ് പോലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം സിജെപി അവസാനിപ്പിച്ചത്.

ദേശീയ അധ്യാപക അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും; കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ കുമാറിന് പുരസ്‌കാരം

ഇന്ന് അധ്യാപക ദിനം. ദേശീയ അധ്യാപക അവാര്‍ഡു നേടിയ 82 പേര്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും. കണ്ണൂര്‍ ഇരിക്കൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ.പി. സുനില്‍ കുമാറാണ് ദേശീയ അധ്യാപക അവാര്‍ഡു നേടിയ മലയാളി.

മെസി തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തിന്റെ ആദ്യ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു

മെസി വരുമെന്ന പേരില്‍ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയ്ക്കായി ആദ്യ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ വഴിവിട്ട ഇടപെടലുകളും സ്പോണ്‍സര്‍ക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ കിട്ടിയതും ഉള്‍പ്പെടെ എസ്ഐടി അന്വേഷിക്കും.

ബിജെപി സംസ്ഥാന ഘടനയില്‍ അഴിച്ചുപണി; എം.ടി. രമേശിനും എസ്. സുരേഷിനും മേഖലകളുടെ ചുമതല

ബിജെപി സംസ്ഥാനത്തെ രണ്ടു മേഖല ക്ലസ്റ്ററാക്കി വിഭജിച്ച് വടക്കന്‍ മേഖല ചുമതല മുതിര്‍ന്ന നേതാവ് എം.ടി. രമേശിനും തെക്കന്‍ മേഖല ചുമതല എസ് സുരേഷിനും നല്‍കി. ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇന്‍ ചാര്‍ജായും ചുമതല നല്‍കി. അനൂപ് ആന്റണിയെ സംസ്ഥാന സെല്‍ പ്രഭാരിയായും നിയമിച്ചു.

സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വീണ്ടും നിയമപോരാട്ടം

സംസ്ഥാന പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ സ്വതന്ത്ര ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വീണ്ടും നിയമപോരാട്ടം. സര്‍ക്കാരിന്റെ തുടര്‍ച്ചയായ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജാഫര്‍ ഖാന്‍ ഹൈക്കോടതിയില്‍ വീണ്ടും പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു.

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പ്; രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന് സംശയം

വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയിക്കുന്നതായി പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാന്‍ഡിലുള്ള റാണി ലക്ഷ്മിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

എറണാകുളത്ത് കൈക്കൂലി കേസ്; റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ വിജിലന്‍സ് പിടിയില്‍

എറണാകുളത്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ വിജിലന്‍സ് പിടിയിലായി. കടവന്ത്ര സ്വദേശി എന്‍.കെ. കൃപയാണ് വിജിലന്‍സിന്റെ പിടിയിലായത്. കലൂര്‍ സ്വദേശിയുടെ വസ്തു തരം മാറ്റുന്നതിന് 10 ലക്ഷം കൈക്കൂലി വാങ്ങിയതിന് കണയന്നൂര്‍ തഹസില്‍ദാര്‍ ജോസഫ് ആന്റണി പിടിയിലായിരുന്നു.

കൊല്ലം കുണ്ടറയില്‍ ലോക്കപ്പ് പൂട്ടാത്ത സംഭവം; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

കൊല്ലം കുണ്ടറയില്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനാല്‍ കസ്റ്റഡി തടവുകാരന്‍ ചാടിപ്പോയ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി

ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി വ്യക്തമാക്കി. പൊതുവേദികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഐ എസ് എം

സ്ത്രീകള്‍ വീട്ടില്‍ത്തന്നെ ഇരിക്കണമെന്ന് പറയാന്‍ കാന്തപുരത്തിന് യാതൊരു അര്‍ഹതയുമില്ലെന്ന് മുജാഹിദ് വിദ്യാര്‍ത്ഥി വിഭാഗമായ ഐ എസ് എം അറിയിച്ചു. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ രാജ്യത്തെ ഭരണഘടന പൗരന്മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാവില്ലെന്നും ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി വ്യക്തമാക്കി.

ബാലഗോകുലത്തിന്റെ ശോഭാ യാത്രയില്‍ പങ്കെടുത്ത് സര്‍വകലാശാല വിസിമാര്‍

ബാലഗോകുലത്തിന്റെ ശോഭാ യാത്രയില്‍ പങ്കെടുത്ത് സര്‍വകലാശാല വിസിമാര്‍. തൃശ്ശൂര്‍ നഗരത്തില്‍ നടന്ന ബാലഗോകുലത്തിന്റെ മഹാശോഭാ യാത്ര കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജിത റാണിയാണ് ഉദ്ഘാടനം ചെയ്തത്. കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലും ശോഭാ യാത്രയുടെ ഭാഗമായി.

പി എം ശ്രീ നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

പി എം ശ്രീ നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ട് ഊബര്‍ ടാക്‌സിയില്‍ ലൈംഗികാതിക്രമം; ഡ്രൈവര്‍ അറസ്റ്റില്‍

ഊബര്‍ ടാക്‌സിയില്‍ ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൊറ്റമ്മലിലുള്ള സ്‌കൈലൈന്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ശിഹാബി (46) നെയാണ് കസബ പോലീസ് പിടികൂടിയിത്.

മാണി സി കാപ്പന് ശിക്ഷ ലഭിച്ചത് പാലായ്ക്ക് അപമാനമെന്ന് ജോസ് കെ മാണി

ചെക്ക് കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ശിക്ഷ ലഭിച്ചത് പാലായ്ക്ക് അപമാനമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചു. എംഎല്‍എ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പന്‍ തീരുമാനിക്കണമെന്നും, വിഷയത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തരേന്ത്യയില്‍ കനത്ത മഴ; ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി നഗര മേഖലയില്‍ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്; കോണ്‍ഗ്രസിന്റെയും സിജെപിയുടെയും പരിഹാസം

ഇന്നലെ പെയ്ത പെരുമഴയെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളില്‍ രണ്ടിടത്തും വെള്ളം കയറി. വിമാനത്താവളത്തില്‍ തന്നെ സര്‍ക്കാര്‍ ബീച്ചിന്റെ അനുഭവം നല്‍കുകയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഇതാണ് 7.8 ശതമാനം വളര്‍ച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെയും പ്രതികരിച്ചു.

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ വധിക്കപ്പെട്ടു

ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യന്‍ കരസേന, ജമ്മു കശ്മീര്‍ പോലീസ്, ശ്രീനഗര്‍ സെക്ടര്‍ സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ അഷ്ദര്‍’ എന്ന ദൗത്യത്തിലൂടെയാണ് ഭീകരനെ വധിച്ചത്.

അപകടത്തില്‍പ്പെട്ട ഫുക്കറ്റ് ഡല്‍ഹി വിമാനത്തിന്റെ പൈലറ്റിനെ പിരിച്ചുവിട്ടു

അപകടത്തില്‍പ്പെട്ട ഫുക്കറ്റ് ഡല്‍ഹി വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡന്റിനെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയര്‍ക്രാഫ്റ്റ് അക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം ശരിവച്ചു.

ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് അപകടമാണെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി

ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് അപകടമാണെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ബാര്‍ട് വെവര്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കടന്നു കയറ്റം യൂറോപ്പിന്റെ വ്യാവസായിക അടിത്തറയെ തകര്‍ക്കാനും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു സാമ്പത്തിക ആയുധമായി മാറാനും ഇടയാക്കിയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മഹാരാഷ്ട്രയില്‍ വനിതാ ഗുസ്തിതാരവും കുട്ടികളും ആത്മഹത്യ ചെയ്തു

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയില്‍ വനിതാ ഗുസ്തിതാരം കുട്ടികളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പതുകാരി അശ്വിനി മനോഹര്‍ പോള്‍ ആണ് നാല്‍ദുര്‍ഗ് കോട്ടയില്‍ നിന്ന് ചാടിമരിച്ചത്. അശ്വനിയും അഞ്ചര വയസും രണ്ടരവയസുമുളള കുട്ടികളും മരിച്ചു. രണ്ടര വയസുളള മറ്റൊരു കുട്ടി വെന്റിലേറ്ററിലാണ്.

റഷ്യയുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദൂതന്മാരുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റഷ്യയുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. തങ്ങള്‍ തത്കാലം വ്യോമാക്രമണങ്ങള്‍ നിര്‍ത്തുകയാണെന്നും റഷ്യയും ആക്രമണം നിര്‍ത്തണമെന്നും സെലന്‍സ്‌കി പറഞ്ഞു. യുഎസ് പ്രതിനിധികള്‍ റഷ്യയിലും യുക്രൈനിലും എത്തുന്ന പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് സെലന്‍സ്‌കിയുടെ നിര്‍ദേശം.

ഇറാന്‍ ഭരണകൂടം തകര്‍ച്ചയിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

അമേരിക്ക ആക്രമണം പുനരാരംഭിച്ചതോടെ ഇറാന്‍ ഭരണകൂടം തകര്‍ച്ചയിലാണെന്നും ഉടന്‍ തന്നെ നിലംപൊത്തുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ ഭരണകൂടം മുന്‍പെങ്ങുമില്ലാത്തവിധം ദുര്‍ബലമായ അവസ്ഥയിലാണെന്ന് ഇസ്രായേല്‍ സൈനിക തലവന്മാര്‍ പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

കെസിഎ പിങ്ക് വനിതാ ട്വന്റി-20; റൂബീസിന് തുടര്‍ച്ചയായ മൂന്നാം വിജയം

കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി റൂബീസ് മുന്നേറി. സഫയറിനെ അഞ്ച് റണ്‍സിനാണ് റൂബീസ് കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ പേള്‍സ്, ആംബറിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചു. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേള്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു. 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ എ. അക്ഷയയും 39 റണ്‍സെടുത്ത അഷിമ ആന്റണിയുമാണ് പേള്‍സ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്.

കേരള ക്രിക്കറ്റ് ലീഗ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പ്പിച്ച് തൃശ്ശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍

ട്രിവാന്‍ഡ്രം റോയല്‍സിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി കേരള ക്രിക്കറ്റ് ലീഗില്‍ തൃശ്ശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍ പ്രവേശിച്ചു. ട്രിവാന്‍ഡ്രം ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ തൃശ്ശൂര്‍ ഒന്‍പതുവിക്കറ്റ് നഷ്ടത്തിലാണ് അവസാന ഓവറില്‍ വിജയം കണ്ടത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കേ 15 റണ്‍സാണ് തൃശ്ശൂരിന് വേണ്ടിയിരുന്നത്. എന്നാല്‍ ആനന്ദ് ജോസഫിന്റെ അവിശ്വസനീയ ബാറ്റിങ്ങാണ് തൃശ്ശൂരിനെ വിജയത്തിലേക്കെത്തിച്ചത്. മൂന്ന് പന്തില്‍ നിന്ന് 16 റണ്‍സാണ് ആനന്ദ് ജോസഫ് അടിച്ചെടുത്തത്.

ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കെസിഎല്‍ ഫൈനലില്‍

ആലപ്പി റിപ്പിള്‍സിനെ 36 റണ്‍സിന് തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് കേരള ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ്സ്റ്റാര്‍സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനെ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സില്‍ തളച്ചാണ് ഗ്ലോബ്സ്റ്റാര്‍സ് കിരീടപ്പോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്.

കെസിഎല്‍ ഫൈനല്‍ ഇന്ന്; ഗ്രീൻഫീൽഡിൽ സിത്താര കൃഷ്ണകുമാറിന്റെ സംഗീത നിശ

കെസിഎല്‍ ഫൈനല്‍ ഇന്നു രാത്രി എട്ടുമണിക്ക് നടക്കും. തൃശൂര്‍ ടൈറ്റന്‍സും കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തമ്മിലാണു കലാശപ്പോരാട്ടം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പൂരത്തിന് കാണികളെ സംഗീത ലഹരിയിലാറാടിക്കാന്‍ പ്രമുഖ ഗായിക സിത്താര കൃഷ്ണകുമാറും സംഘവുമെത്തും. ‘പ്രോജക്ട് മലബാറിക്കസ്’ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് ഷോ വൈകുന്നേരം അഞ്ചരയ്ക്ക് കാര്യവട്ടത്ത് ആരംഭിക്കും.

ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ ഈ മാസം 22 ന് ക്രിക്കറ്റ് മത്സരം

ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ ഈ മാസം 22 ന് ക്രിക്കറ്റ് മത്സരം നടക്കും. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി തോചിഗി പ്രിഫെക്ചറിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ രാവിലെ 9.30 നാണ് സുസുക്കി കപ്പ് ആരംഭിക്കുക. ട്വന്റി-20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിനെ നയിക്കും.

റിലയൻസ് ജിയോയുടെ ഐപിഒ ഉടൻ വിപണിയിലെത്തിയേക്കും

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്, 4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 37,700 കോടി രൂപ) ബൃഹത്തായ ഐപിഒയുടെ അവസാന ഘട്ടത്തിലാണ്. ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യത്തോടെയോ, അതായത് നവരാത്രി അല്ലെങ്കില്‍ ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ഈ ഐപിഒ വിപണിയിലെത്തിയേക്കും. ഒക്ടോബര്‍ 11-ന് ആരംഭിച്ച് 20-ന് വിജയദശമിയോടെ അവസാനിക്കുന്ന നവരാത്രി ഉത്സവകാലത്ത് ഐപിഒ ആരംഭിക്കാനാണ് കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ചയോടെ തന്നെ ഇതിന്റെ നിക്ഷേപക റോഡ്ഷോകള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ആകെ ഓഹരി വിഹിതത്തിന്റെ 2.9 ശതമാനത്തിന് തുല്യമായ 27 കോടി പുതിയ ഓഹരികളാണ് വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്നത്.

ബില്‍ പേയ്മെന്റ്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ്

വിവിധ ഗാര്‍ഹിക ബില്ലുകള്‍ ഇനി വാട്‌സ്ആപ്പിലൂടെ പേയ്‌മെന്റ് ചെയ്യാം. ഭാരത് കണക്ട് എന്ന ബില്‍ പേയ്മെന്റ് സംവിധാനത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പുതിയ സേവനം ഇന്ത്യയില്‍ ഘട്ടംഘട്ടമായാണ് ലഭ്യമാക്കുന്നത്. വൈദ്യുതി, ഗ്യാസ്, വെള്ളം, ഫാസ്റ്റാഗ്, ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, വായ്പ തിരിച്ചടവ് തുടങ്ങി 30 വിഭാഗങ്ങളിലായി 22,722 ബില്ലര്‍മാരുടെ സേവനം വാട്‌സ്ആപ്പില്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്പിന്റെ ഹോം സ്‌ക്രീനില്‍ മുകളില്‍ കാണുന്ന രൂപ ചിഹ്നത്തില്‍ ടാപ്പ് ചെയ്താണ് ബില്‍ പേയ്മെന്റ്‌സ് വിഭാഗത്തിലേക്ക് പ്രവേശിക്കേണ്ടത്. തുടര്‍ന്ന് ആവശ്യമായ ബില്‍ വിഭാഗവും ബില്ലറും തെരഞ്ഞെടുക്കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ശേഷം അവ സ്ഥിരീകരിക്കാം. വാട്‌സ്ആപ്പ് ബില്‍ തുക ലഭ്യമാക്കും. തുക പരിശോധിച്ച ശേഷം പേയ്മെന്റ് പൂര്‍ത്തിയാക്കാം.

‘തെമിസ് – ദി ഗോഡസ് ഓഫ് ജസ്റ്റിസ്’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

മിഥുന്‍ നളിനി, വിജയകുമാര്‍, ഡയാന ഹമീദ്, സറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃഷ്ണജിത് എസ് വിജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തെമിസ് – ദി ഗോഡസ് ഓഫ് ജസ്റ്റിസ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. റോസ് ലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ സി പി ഷാജി, ഡോ. ജോജി കുര്യാക്കോസ്, ജാക്‌സണ്‍ ജേക്കബ്, നിഷാദ് ജോയി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, മജീദ്, സലാം ബാപ്പു, കെ എസ് പ്രസാദ്, സഹീര്‍ മുഹമ്മദ്, പ്രതാപന്‍, നന്ദന്‍ ഉണ്ണി, ജോമി ജേക്കബ്, ആശ അരവിന്ദ്, അനു പ്രഭ, സരിക്ഷ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഷാജി ഓണക്കൂര്‍, ഡോ. ജോജി കുര്യാക്കോസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് സെജോ ജോണ്‍, പ്രവീണ്‍ കൃഷ്ണ, പ്രവീണ്‍ നീരജ് തുടങ്ങിയവര്‍ സംഗീതം പകരുന്നു.

കാര്‍ത്തിയുടെ ‘സര്‍ദാര്‍ 2’ സെപ്റ്റംബര്‍ 10 ന് തിയേറ്ററുകളിലേക്ക്

കാര്‍ത്തി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ‘സര്‍ദാര്‍ 2’. 2022 ല്‍ പുറത്തെത്തിയ സ്പൈ ആക്ഷന്‍ തത്രില്ലര്‍ ചിത്രം സര്‍ദാറിന്റെ സീക്വല്‍ ആയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. സര്‍ദാര്‍ ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യു.എ സെര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10 നാണ് ആഗോള തലത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ ആവേശം നിറയ്ക്കും എന്നാണ് ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ നല്‍കുന്ന സൂചന. ആദ്യ ഭാഗത്തില്‍ നിന്ന് സീക്വലില്‍ എത്തിയിരിക്കുന്ന മറ്റൊരാള്‍ രജിഷ വിജയന്‍ ആണ്. എസ് ജെ സൂര്യയാണ് രണ്ടാം ഭാഗത്തിന് ആവേശം വര്‍ധിപ്പിക്കുന്ന ഒരു കാസ്റ്റിംഗ്. ആഷിക രംഗനാഥ്, മാളവിക മോഹനന്‍, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ടാറ്റ കര്‍വ് സീരിസ് എക്സ് വിപണിയില്‍

കൂപ്പെ എസ്യുവി കര്‍വിന് സീരിസ് എക്സ് അവതриപ്പിച്ച് ടാറ്റ മോട്ടോഴ്സ്. വിവിധ മോഡലുകളിലായി പെട്രോള്‍, ഡീസല്‍, ഡീസല്‍ ഡിസിടി മോഡലുകളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 9.99 ലക്ഷം രൂപ മുതല്‍ 18.5 ലക്ഷം രൂപ വരെയാണ്. സാധാരണ വേരിയന്റുകളില്‍ ലഭിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായിട്ടാണ് സീരീസ് എക്സ് നിരയെ ടാറ്റ അണിനിരത്തിയിരിക്കുന്നത്. മാത്രമല്ല, ‘ഡാര്‍ക്ക് എഡിഷന്‍’ ഇനിമുതല്‍ മിഡ്-ലെവല്‍ വേരിയന്റുകള്‍ മുതല്‍ ലഭ്യമാകും എന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്‍ജിന്‍ വിഭാഗത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെ പരിചിതമായ 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.2 ലിറ്റര്‍ ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് ഡിസിഎ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമാണ് ഇതിലുള്ളത്.

പുസ്തക പരിചയം: ‘കാകപുരം’ നോവല്‍

ഫിക്ഷന്റെ രൂപമവലംബിക്കുന്ന വര്‍ത്തമാന കാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്ന് പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയില്‍ പകര്‍ന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി വാര്‍ത്തെടുക്കുന്നു. വേദയും കശ്യപയും കണാദരനും തക്ഷകനും സ്വസ്തികനുമെല്ലാം ഒരു വലിയ രാഷ്ട്രീയവിപര്യയത്തിന്റെ ഇരകളും രക്തസാക്ഷികളും അതിനെതിരേ പോരാടുന്നവരുമായി ആഖ്യാനത്തില്‍ പങ്കുചേരുന്നു. ക്രമേണ ഇരുണ്ടു മാനമാകുന്ന ഒരു രാഷ്ട്രീയചക്രവാളത്തെ ചൂണ്ടിക്കാട്ടി ക്കൊണ്ടാണ് നോവലിന്റെ പര്യവസാനം. അപ്പോഴും ചിലരെല്ലാം ഉണര്‍ന്നിരിക്കുന്നു എന്ന പ്രത്യാശയും അതു ശേഷിപ്പിക്കുന്നുണ്ട്. രാമനഗരം വീണ്ടും കാകപുരമായി മാറുമെന്ന പ്രത്യാശയാണത്. ‘കാകപുരം’ – റിഹന്‍ റഷീദ്. ഡിസി ബുക്സ്. വില 284 രൂപ.

ആരോഗ്യ ടിപ്സ്: വെയിലേറ്റ ശേഷമുള്ള തലവേദനയും പ്രതിരോധ മാര്‍ഗ്ഗങ്ങളും

പുറത്ത് വെയിലത്ത് ഏറെനേരം ചെലവഴിച്ച ശേഷം വീട്ടിലെത്തുമ്പോള്‍ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങള്‍ പലര്‍ക്കും സാധാരണമാണ്. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷന്‍ ആണ്. ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയും ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കില്‍ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ചൂടില്‍ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തലവേദന, ക്ഷീണം, ബലഹീനത, ഓക്കാനം എന്നിവ ഉണ്ടാകാം. വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ വൈകുകയോ ഭക്ഷണം ഒഴിവാക്കുകയോ ചെയ്യുന്നത് ചിലരില്‍ തലവേദനയ്ക്കും ബലഹീനതയ്ക്കും കാരണമാകും. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ ഭക്ഷണവും മരുന്നും സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധിക്കണം. ആദ്യം തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തേക്ക് മാറുക. ശരീരത്തിന് വിശ്രമം നല്‍കുക. ഇടവിട്ട് ആവശ്യത്തിന് വെള്ളം കുടിക്കാം. തണുത്ത വെള്ളത്തില്‍ നനച്ച തുണി കഴുത്തിലും നെറ്റിയിലും ശരീരത്തിന്റെ ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഭാഗങ്ങളിലും വയ്ക്കാം. കട്ടിയുള്ള വസ്ത്രങ്ങള്‍ മാറ്റി ശരീരത്തിന് വായു ലഭിക്കുന്ന രീതിയില്‍ വിശ്രമിക്കുക. തലവേദന കുറഞ്ഞുവെന്ന് കരുതി ഉടന്‍ തന്നെ പുറത്തേക്ക് പോകുന്നത് ഒഴിവാക്കുക. ശരീരത്തിന് സാധാരണ താപനിലയിലേക്കും ജലാംശ നിലയിലേക്കും തിരിച്ചെത്താന്‍ സമയം നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here