സിപിഎമ്മില്‍ ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സ വേണമെന്ന് എം.എ.ബേബി
സിപിഎമ്മില്‍ ചവിട്ടി ഉഴിച്ചില്‍ നടത്തി സ്വയം ചികിത്സ വേണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി. വിശാല സംസ്ഥാന കമ്മിറ്റിയില്‍ നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനം ഉയരാന്‍ സാധ്യത. വിമര്‍ശനം നേതൃമാറ്റം വേണമെന്ന ആവശ്യത്തിലേക്ക് നീങ്ങാതിരിക്കാന്‍ സംസ്ഥാന നേതൃത്വം, ആക്രമണത്തിന് മുതിരാന്‍ സാധ്യതയുള്ള നേതാക്കളെ നേരില്‍ ബന്ധപ്പെട്ട് സമവായ നീക്കങ്ങള്‍ നടത്തുന്നതായാണു റിപ്പോര്‍ട്ട്.
ജില്ലാ, ജനറല്‍ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ
കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം.
മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ
മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും അനേകം പേര്‍ ബസ് സര്‍വീസ് നിര്‍ത്തിയെന്നും സ്വകാര്യ ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖല കൂടുതല്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ആലോചിക്കുന്നത്.
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് എന്‍ ഐ ടിയായിരിക്കും പ്രധാന വേദി.
ചിറയിന്‍കീഴിലെ സംഘർഷം: കെപിസിസി നടപടി
ചിറയിന്‍കീഴില്‍ എംഎല്‍എ രമ്യാ ഹരിദാസും പ്രവര്‍ത്തകരും തമ്മിലുണ്ടായ അടിപിടിയില്‍ കെപിസിസി ഇരു വിഭാഗത്തിനുമെതിരെ നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെന്‍ഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ടിന്മേലാണ് നടപടി.
മാളുകളിലെ തിയേറ്ററുകളില്‍ പരിശോധന തുടരാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്
കേരളത്തിലെ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ പരിശോധനകള്‍ തുടരാന്‍ ലീഗല്‍ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തും.
വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും
കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല, മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്.
സംസ്ഥാനത്ത് താപനില ഉയര്‍ന്നു
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. ഇന്നലെ കൊല്ലം പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 36.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതല്‍ 4.7 ഡിഗ്രി വരെ താപനില ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡല്‍ഹിയില്‍
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഡല്‍ഹിയില്‍. ഇന്നു നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
‘ഓപ്പറേഷന്‍ തൂഫാന്‍’ വലിയ സാമൂഹിക മാറ്റമുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ തൂഫാന്‍’ നടപടികള്‍ വലിയ സാമൂഹിക മാറ്റമാണ് ഉണ്ടാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രവാസികള്‍ക്ക് ഇപ്പോള്‍ ധൈര്യമായി തങ്ങളുടെ മക്കളെ പഠനാവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് അയക്കാം. ഈ നടപടികള്‍ക്ക് പ്രവാസ ലോകത്തുനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന്റെ പിഴത്തുക അഭിഭാഷക കൂട്ടായ്മ അടയ്ക്കും
പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന് ഹൈക്കോടതി ഉത്തരവനുസരിച്ചു വര്‍ധിപ്പിച്ച പിഴത്തുക ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. കോടതി വിധിയെ മാനിക്കുന്നതിനൊപ്പം ആറന്മുളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും അബിന്‍ വര്‍ക്കി.
കെ.എസ്.ആര്‍.ടി.സി പരിശീലനത്തിനായി ഐ.ഐ.എമ്മുമായി സഹകരിക്കുന്നു
കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന മികവും സേവന നിലവാരവും ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിക്കുന്നു. ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കും.
കൂടുതൽ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി
കൂടുതല്‍ കുട്ടികളെ കായികരംഗത്തേക്ക് എത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സംസ്ഥാനത്ത് കൂടുതല്‍ സ്റ്റേഡിയങ്ങളും കായിക സൗകര്യങ്ങളും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 47-ാമത് സംസ്ഥാന പൊലീസ് ഗെയിംസ് ആന്‍ഡ് അത്‌ലറ്റിക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ദീപശിഖാ ഫണ്‍ റണ്‍ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാലിയേക്കര ടോള്‍ ബൂത്തില്‍ ഗതാഗതക്കുരുക്ക്: കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇടപെട്ടു
പാലിയേക്കര ടോള്‍ ബൂത്തില്‍ രണ്ടു കിലോമീറ്ററോളം വാഹനങ്ങള്‍ കാത്തുകെട്ടികിടന്നതോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എത്തി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രാമധ്യേ പാലിയേക്കര എത്തിയപ്പോഴായിരുന്നു സംഭവം.
പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് ആവർത്തിച്ച് കെ സി വേണുഗോപാല്‍
പി എം ശ്രീ പദ്ധതിയോടുള്ള എതിര്‍പ്പ് വീണ്ടും പ്രകടിപ്പിച്ച് എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഘപരിവാര്‍ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ സി വ്യക്തമാക്കി.
കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി സൂചന
കയ്പമംഗലത്ത് വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചതായി പോസ്റ്റുമോര്‍ട്ടത്തില്‍ സൂചന. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. തളിക്കുളത്തെ ഹോട്ടലില്‍ വിദ്യാര്‍ഥി സംഘം അവിടെയുണ്ടായിരുന്നവരുമായി തര്‍ക്കവും കൈയാങ്കളിയും ഉണ്ടായതായും പറയപ്പെടുന്നു.
പാളയം പ്രദീപാണു പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സജാദ്
ചിറയിന്‍കീഴിലെ തമ്മിലടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സജാദ്, എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പാളയം പ്രദീപാണെന്ന് ആരോപിച്ചു. പ്രദീപിനെതിരെ കൃത്യമായ നടപടി വേണമെന്നും എംഎല്‍എ രമ്യാ ഹരിദാസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മള്‍ട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രണം പി.ആര്‍ തട്ടിപ്പെന്ന് സന്ദീപ് വാര്യര്‍
മള്‍ട്ടിപ്ലക്സുകളിലെ അമിതവില നിയന്ത്രിക്കുമെന്ന തിരുവനന്തപുരം മേയറുടെ പ്രഖ്യാപനം പി.ആര്‍ തട്ടിപ്പാണെന്ന് എംഎല്‍എ സന്ദീപ് വാര്യര്‍. തിയേറ്ററുകള്‍ക്ക് വില നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ അദ്ദേഹം, നഗരസഭയുടെ ഭരണപരാജയം മറയ്ക്കാനുള്ള നാടകമാണിതെന്നും ആരോപിച്ചു.
മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമർശനം തള്ളി സണ്ണി ജോസഫ്
മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനം തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേതെന്നും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.
കാലടി പൊലീസ് സ്റ്റേഷനില്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം: നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കാലടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ് ഐ അജ്മല്‍, പൊലീസുകാരായ ധനേഷ്, രജിത്, നിസാര്‍ എന്നിവരെയാണ് റേഞ്ച് ഡി ഐ ജി സസ്പെന്‍ഡു ചെയ്തത്. ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവര്‍ സുജിത് ജയന്റെ പരാതിയിലാണ് നടപടി.
കായികമേളയുടെ വേദി മാറ്റിയതില്‍ വിവാദം വേണ്ടെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍
കായികമേളയുടെ വേദി കോഴിക്കോട്ടേക്കു മാറ്റിയതില്‍ വിവാദം വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. കണ്ണൂരില്‍ നടത്തുമെന്നു നേരത്തെ പ്രഖ്യാപിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞില്ല. സൗകര്യം ഇല്ലാത്തതുകൊണ്ടല്ല കണ്ണൂരിനെ മാറ്റിയത്. അടുത്ത തവണ കണ്ണൂരിനെ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് എംഎ ബേബി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരാതി ഉണ്ടെങ്കിലും പാര്‍ട്ടിക്കാര്‍ വോട്ടു മാറ്റി ചെയ്യാമോ എന്ന് എം എ ബേബി ചോദിച്ചു. എന്ത് അഭിപ്രായ ഭിന്നതയുണ്ടായാലും പാര്‍ട്ടിക്കാര്‍ സിപിഎമ്മിന് തന്നെ വോട്ടു ചെയ്യണമെന്ന് എം എ ബേബി.
പി എം ശ്രീ പദ്ധതിക്കെതിരെ മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍
കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനവുമായി മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍. പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രിയും യു.ഡി.എഫും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തില്‍ ഗാനവുമായി ഡോ. കെ.ജെ. യേശുദാസ്
അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തില്‍ പാട്ടുപാടിയും ചിന്തകള്‍ പങ്കുവച്ചും ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസ് . കൊവിഡ് കാലം മുതല്‍ അമേരിക്കയിലെ ഡാലസില്‍ വിശ്രമജീവിതം നയിക്കുന്ന യേശുദാസ്, സമീപകാലത്തായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് സൗജന്യ ശുദ്ധജലം
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗ് ഫൈനല്‍ ദിനത്തില്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും കാണികള്‍ക്ക് പ്രയോജനകരമാകും.
കായംകുളം താലൂക്ക് ആശുപത്രിയില്‍ സംഘര്‍ഷം: സ്റ്റാഫ് നഴ്സിന് പരിക്കേറ്റു
കായംകുളം താലൂക്ക് ആശുപത്രിയില്‍ അക്രമി സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്റ്റാഫ് നഴ്സിന് പരിക്കേറ്റു. കെ.ടി.ഡി.സി ബിയര്‍ പാര്‍ലറിലുണ്ടായ തല്ലിനെ തുടര്‍ന്ന് പരിക്കേറ്റ ഇരുവിഭാഗം ആളുകളും ഒരേസമയത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു.
ഇടുക്കിയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ കൊലപ്പെടുത്തി
ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയില്‍ മദ്യലഹരിയില്‍ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.
അട്ടപ്പാടി ഭവാനിപ്പുഴയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി
അട്ടപ്പാടി ഭവാനിപ്പുഴയില്‍ കണ്ടെത്തിയ ചാക്കുകള്‍ക്കകത്ത് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹമെന്ന് സംശയം. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.
സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട: 10971 പേരെ അറസ്റ്റ് ചെയ്തു
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, കഞ്ചാവ്, ഹെറോയിന്‍ എന്നിവയുള്‍പ്പെടെ വന്‍തോതിലുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. ലഹരിക്കെതിരായ ബോധവത്ക്കരണ ക്ലാസുകളും പോലീസ് ഊര്‍ജ്ജിതമായി നടത്തുന്നുണ്ട്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സുഹൃത്തും ജീവനൊടുക്കി
പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനു പിറകേ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കല്‍ സ്വദേശി പ്രവീണ്‍ (21)ആണ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന കാര്യം മറച്ചുവച്ച് വിവാഹവാഗ്ദാനം നല്‍കി പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഡേവിഡ് എന്നറിയപ്പെടുന്ന പത്തനംതിട്ടക്കാരനായ ബിനുവിനെയാണ് (48) പിടികൂടിയത്.
പോക്സോ കേസിൽ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവ്
പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 20 കാരനായ പ്രതിക്ക് എട്ടു വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ജിം ട്രെയിനര്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് പിടിയിലായത്. കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഗുജറാത്ത് ആസ്ഥാനമായുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികളുടെ സംഭാവന
ഗുജറാത്ത് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തതും സജീവമായി പ്രവര്‍ത്തിക്കാത്തതുമായ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2022-23 ല്‍ 1,500 കോടിയിലധികം രൂപ സംഭാവന ലഭിച്ചെന്ന് കണക്ക്. ഇത് ബിജെപി ഒഴികെയുള്ള, കോണ്‍ഗ്രസടക്കം എല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാള്‍ കൂടുതലാണ്.
നരേന്ദ്രമോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ജെന്‍സികളെ കൈയിലെടുക്കാന്‍ ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയും ദിമാഗി നക്സല്‍ പരാമര്‍ശത്തിലൂടെ യുവജനങ്ങളെ അധിക്ഷേപിക്കുകയുംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ പോലീസ് വെടിവയ്പിന് ഇരയായ വിദ്യാര്‍ത്ഥികളെ പൊതുസമക്ഷം എത്തിച്ച പുതിയ വിഡിയോയുമായാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. എ കെ 47 തോക്കിലൂടെ തകര്‍ത്ത വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തിരികെ നല്‍കാന്‍ പ്രധാനമന്ത്രിക്കാകുമോയെന്നു രാഹുല്‍ ചോദിച്ചു.
ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം
ജെഎന്‍യു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപവുമായി 10 വിദ്യാര്‍ഥികള്‍. പരാതികളില്‍ സര്‍വകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. ഒരു മാസം മുന്‍പാണ് പരാതി നല്‍കിയത്. ക്യാംപസില്‍ താമസിക്കുന്ന അധ്യാപകന്‍ വിദ്യാര്‍ഥികളെ വീട്ടിലേക്ക് ക്ഷണിച്ചെന്നും പരാതിയുണ്ട്.
മധ്യപ്രദേശില്‍ വ്യാജമദ്യം കഴിച്ച് ഒന്‍പതുപേര്‍ മരിച്ചു
മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാജമദ്യം കഴിച്ച് ഒന്‍പതുപേര്‍ മരിച്ചു. നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബണ്ട തഹസില്‍ മേഖലയിലെ ദുരന്തത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഐഎസ്ആര്‍ഒ സ്വകാര്യവത്കരണ നീക്കത്തില്‍ ജീവനക്കാരുടെ ആശങ്ക
ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ ആശങ്ക അറിയിച്ച് ഐഎസ്ആര്‍ഒ ജീവനക്കാരുടെ ഒന്‍പത് സംഘടനകള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന് കത്തെഴുതി. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ പങ്കാളിത്തമാകാമെങ്കിലും ഐഎസ്ആര്‍ഒ പൊതുമേഖലാ സ്ഥാപനമായി നിലനില്‍ക്കണമെന്ന വികാരമാണ് കത്തിലെ ഉള്ളടക്കം.
ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് വിശദീകരണം
ഐഎസ്ആര്‍ഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒ നേതൃത്വം നല്‍കുന്ന ദേശീയ ബഹിരാകാശ ആവാസവ്യവസ്ഥ നിര്‍മ്മിക്കുകയെന്ന വലിയ ദൗത്യങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇന്‍സ്പേസ് സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കും. എന്‍സില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തും. പുതിയ ബഹിരാകാശ നയം വിപണിയെ വളര്‍ത്തിയെന്നും ഇസ്രൊ അറിയിച്ചു.
ഡല്‍ഹിയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു
ഡല്‍ഹിയിലെ സത്യനികേതന് സമീപം അഞ്ചു നില കെട്ടിടം തകര്‍ന്ന് നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹോസ്റ്റലായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണു തകര്‍ന്നത്. ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ബെംഗളൂരുവില്‍ അടിയന്തരമായി തിരിച്ചിറക്കി
ലണ്ടനിലേക്ക് 270 യാത്രക്കാരുമായി പുറപ്പെട്ട വെര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അടിയന്തരമായി തിരിച്ചിറക്കി.
മണിപ്പൂരില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
മണിപ്പൂരില്‍ 2026-ലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 19,60,620 വോട്ടര്‍മാരുള്ള പട്ടികയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണുള്ളത്.
സിബില്‍ സ്‌കോര്‍ തട്ടിപ്പ് കേസ്: പ്രതികളെ ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി
സിബില്‍ സ്‌കോര്‍ തട്ടിപ്പ് കേസിലെ പ്രതികളായ ജന്നി വര്‍ഗ്ഗീസിനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ഫ്രോഡ് പട്ടികയില്‍ ഉള്‍പ്പെടുത്തി ബാങ്ക് ഓഫ് മാഹാരാഷ്ട്ര. ഇവര്‍ക്കെതിരെ സിബിഐ അന്വേഷണത്തിനും ശുപാര്‍ശ ചെയ്തു. സിബില്‍ സ്‌കോര്‍ കുറവുള്ളവരുടെ ആധാരം കൈക്കലാക്കിയ പ്രതികള്‍ ഉടമയറിയാതെ കോടികള്‍ തട്ടിയെടുക്കുകയായിരുന്നു.
ടിവികെ പ്രാദേശിക നേതാവ് വെട്ടേറ്റു മരിച്ചു
ചെന്നൈക്കടുത്ത് അഡയാറില്‍ ടിവികെ പ്രാദേശിക നേതാവും ക്രിമിനലുമായ കണ്ണന്‍ എന്നയാളെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. അടുത്തിടെയാണ് ഇയാള്‍ എഐഎഡിഎംകെ വിട്ട് ടിവികെയില്‍ സജീവമായത്.
ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം
ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ തകര്‍ത്തും തീയിട്ടും അമേരിക്കയും ഇറാനും. ഇക്കഴിഞ്ഞ ദിവസം 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇറാന്റെ 3 കപ്പലുകളെ അമേരിക്ക ആക്രമിച്ചപ്പോള്‍, തിരിച്ചടിയായി 6 കപ്പലുകള്‍ ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം.
ഈജിപ്തില്‍ പ്രമുഖ ടെലിവിഷന്‍ അവതാരക ഉള്‍പ്പെടെ 12 പേര്‍ക്ക് വധശിക്ഷ
മയക്കുമരുന്ന് ഇടപാടു കേസില്‍ പ്രതിയായ ഈജിപ്തിലെ പ്രമുഖ ടെലിവിഷന്‍ അവതാരക സാറ ഖലീഫ (39) ഉള്‍പ്പെടെ 12 പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഈജിപ്തിലെ കെയ്‌റോ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ജക്കാര്‍ത്തയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
ജക്കാര്‍ത്തയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. ഒന്നര ലക്ഷത്തിലേറെ യാത്രക്കാര്‍ കുടുങ്ങി. സിംഗപ്പൂര്‍, ദോഹ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലടക്കം നാനൂറിലധികം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. സുനാമി മുന്നറിയിപ്പില്ലെങ്കിലും പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക ഉപരോധങ്ങളില്‍ പ്രതികരിച്ച് ഇറാന്‍
അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്റെ ഭരണകൂട തീരുമാനങ്ങള്‍ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാന്‍ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്റെ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന്‍ സര്‍ക്കാരിനാണ്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
യമനില്‍ കരയുദ്ധം ശക്തം
യമനില്‍ കരയുദ്ധം. സഖ്യസേനയുടെയും സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് നേരെ ഹൂത്തി വിമതര്‍ ആക്രമണം കടുപ്പിച്ചു. സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ക്വാന്റാസ് എയര്‍വേയ്സ് വിമാനം തിരിച്ചിറക്കി
ടേക്ക് ഓഫിന് പിറകേ ഇടതു വശത്തെ എന്‍ജിനില്‍ തീ പടര്‍ന്നതോടെ വിമാനം തിരിച്ചിറക്കി. ന്യൂസിലാന്‍ഡിലെ ക്വീന്‍സ് ടൌണില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ക്വാന്റാസ് എയര്‍വേയ്സ് വിമാനമാണു തിരിച്ചിറക്കിയത്.
അണ്ടര്‍-20 ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ
എഎഫ്‌സി അണ്ടര്‍-20 ഏഷ്യാ കപ്പ് പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. ഡാനി ലെയ്ഷ്‌റാം, വിശാല്‍ യാദവ്, മുഹമ്മദ് അര്‍ബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വിയോടെ തുടക്കമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. എവര്‍ട്ടണിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയില്‍ കുരുങ്ങി. രണ്ട് തവണ പിന്നില്‍ നിന്ന ശേഷം എവര്‍ട്ടണ്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇഞ്ചുറി ടൈമിലായിരുന്നു എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍.
കോപ്പര്‍ വില കുതിച്ചുയര്‍ന്നതോടെ കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ ഇടിവ്
കോപ്പര്‍ വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പ്രമുഖ വയര്‍, കേബിള്‍ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവ്. പോളികാബ്, ഫിനോലെക്‌സ്, ആര്‍ആര്‍ കേബിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരി വില 6 ശതമാനം വരെ താഴേക്ക് പതിച്ചു. ഉല്‍പ്പാദനച്ചെലവ് ഉയര്‍ന്നതോടെയാണ് കമ്പനികള്‍ കേബിള്‍, വയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. ഫിനോലെക്സ് കേബിള്‍സ് ലൈറ്റ് ഡ്യൂട്ടി കേബിളുകള്‍ക്കും കമ്മ്യൂണിക്കേഷന്‍ കേബിളുകള്‍ക്കും 3 ശതമാനം വില വര്‍ധിപ്പിച്ചു. പോളികാബ് ഇന്ത്യ 90 മീറ്റര്‍, 180 മീറ്റര്‍ വയറുകള്‍ക്ക് 3 ശതമാനം വില കൂട്ടി. ആര്‍ആര്‍ കേബിള്‍ 2 ശതമാനം മുതല്‍ 3.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും തല്‍ക്കാലം ഇത് നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക വിപണിയില്‍ കോപ്പര്‍ ശേഖരം കുത്തനെ കുറഞ്ഞതോടെയാണ് വില റെക്കോഡ് ഉയരങ്ങളിലേക്ക് എത്തിയത്.
ഹൈദരാബാദില്‍ വന്‍കിട ഡാറ്റാ സെന്ററുമായി ഹൈപ്പര്‍വോള്‍ട്ട്
ഐടി ഭീമനായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഉപസ്ഥാപനമായ ഹൈപ്പര്‍വോള്‍ട്ട് ഹൈദരാബാദില്‍ വന്‍കിട നിര്‍മിത ബുദ്ധി ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നു. ഇതിനായി 264 ഏക്കര്‍ ഭൂമി കമ്പനി സ്വന്തമാക്കി. 1 ജിഗാവാട്ട് വരെ ശേഷിയുള്ള ഡാറ്റാ സെന്റര്‍ കാമ്പസാണ് ഇവിടെ ഉയരുക. അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഹൈപ്പര്‍വോള്‍ട്ടും പങ്കാളികളായ സ്ഥാപനങ്ങളും ചേര്‍ന്ന് ഏകദേശം 70,000 കോടി രൂപ വരെ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐ കമ്പനികളുടെയും മറ്റും ആവശ്യങ്ങള്‍ക്കുവേണ്ടി അതിവേഗ ലിക്വിഡ്-കൂള്‍ഡ് കംപ്യൂട്ടിങ് സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ ക്യാമ്പസ് ആയി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോഹൻലാൽ ചിത്രമായ ‘ഓപ്പറേഷന്‍ ഗംഗ’ പ്രഖ്യാപിച്ചു
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എല്‍367ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോര്‍ജിയയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ രാംപാല്‍, ആദില്‍ ഹുസൈന്‍, ഭാഗ്യശ്രീ ബോര്‍സെ, പാര്‍ത്ഥിപന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
അപൂർവ്വ നേട്ടവുമായി നടി മമിത ബൈജു
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 200 കോടി രൂപയിലധികം കളക്ഷന്‍ നേടിയ മൂന്ന് ചിത്രങ്ങളുടെ ഭാഗമാകുന്ന മൂന്നാമത്തെ ഇന്ത്യന്‍ നടിയെന്ന ബഹുമതി സ്വന്തമാക്കി മലയാളത്തിന്റെ സ്വന്തം മമിത ബൈജു. ഇതിനുമുമ്പ് ബോളിവുഡ് സൂപ്പര്‍നായികമാരായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചിട്ടുള്ളത്. കേവലം 23 ദിവസങ്ങള്‍ക്കുള്ളിലാണ് മമിതയുടെ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലെത്തിയത് എന്നതാണ് ഈ നേട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ജൂലൈ 23-ന് റിലീസ് ചെയ്ത വിജയ് ചിത്രമായ ‘ജനനായകന്‍’ ആയിരുന്നു ഈ വിജയക്കുതിപ്പിലെ ആദ്യ ചിത്രം. പിന്നാലെ സൂര്യ നായകനായ ‘വിശ്വനാഥ് ആന്റ് സണ്‍സ്’. തുടര്‍ന്ന് ഓണം റിലീസായി എത്തിയ നിവിന്‍ പോളി ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.
ടാറ്റ നെക്സോണിന്റെ പുതിയ തലമുറ മോഡലിന്റെ പരീക്ഷണം ആരംഭിച്ചു
ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്യുവിയായ നെക്സോണിന്റെ പുതിയ തലമുറ മോഡലിന്റെ പരീക്ഷണം ആരംഭിച്ചു. 2027ല്‍ ഔദ്യോഗികമായി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നെക്സോണിന് കാര്യമായ ഡിസൈന്‍ മാറ്റങ്ങളും പുതിയ സാങ്കേതികവിദ്യകളും അധിക ഫീച്ചറുകളും ലഭിച്ചേക്കും. ‘ഗരുഡ്’ എന്ന കോഡ് നാമത്തിലാണ് പുതിയ മോഡല്‍ വികസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ നെക്സോണില്‍ എന്‍ജിന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ പ്ലാറ്റ്ഫോം, ഡിസൈന്‍, ഇന്റീരിയര്‍, സാങ്കേതികവിദ്യകള്‍ എന്നിവയില്‍ കാര്യമായ പരിഷ്‌കാരങ്ങളുണ്ടാകും. 2027 ടാറ്റ നെക്സോണ്‍ പുതിയ ‘അറ്റ്ലസ്’ പ്ലാറ്റ്ഫോമിലേക്ക് മാറും. പുതിയ തലമുറ മോഡലില്‍ കൂടുതല്‍ ഫീച്ചറുകളും പുതിയ പ്ലാറ്റ്ഫോമും ലഭിക്കുന്നതിനാല്‍ നിലവിലെ മോഡലിനേക്കാള്‍ നേരിയ വില വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ട്.
പുസ്തക പരിചയം: സെന്‍
സെന്‍ അപൂര്‍വമായൊരു വിടര്‍ച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളില്‍ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിന്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുന്‍പോ അതിനു പിന്‍പോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. ‘സെന്‍ നടപ്പ് സെന്‍ ഇരിപ്പ്’. ഓഷോ. എച്ആന്‍ഡ്സി ബുക്സ്. വില 617 രൂപ.
ആരോഗ്യത്തിന് ക്യാബേജ്
നിരവധി പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ക്യാബേജ്. നേരിയ പച്ചനിറത്തിലും പര്‍പ്പിള്‍ നിറത്തിലുമെല്ലാം കാബേജ് ലഭ്യമാണ്. ഉയര്‍ന്ന അളവിലുള്ള നാരുകളും പ്ലാന്റ് സ്റ്റെറോളുകളും നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും മലവിസര്‍ജ്ജനം ക്രമമാക്കുകയും ചെയ്തുകൊണ്ട് ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്നു. പോളിഫെനോളുകള്‍, സള്‍ഫര്‍ സംയുക്തങ്ങള്‍, ആന്തോസയാനിനുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ വിട്ടുമാറാത്ത വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും പൊട്ടാസ്യവും ആന്തോസയാനിനുകളും സഹായിക്കുന്നു. വിറ്റാമിന്‍ കെ ധാരാളമായി അടങ്ങിയിട്ടുള്ള ക്യാബേജ് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിവുണ്ട്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. എന്നാല്‍ ക്യാബേജ് അമിത അളവില് കഴിക്കരുത്. അമിതമായി കാബേജ് കഴിക്കുന്നത് വയറുവീര്‍ക്കലിനും മലബന്ധത്തിനും കാരണമായേക്കാം. ഹൈപ്പര്‍തൈറോയിഡ് ഉള്ളവരില്‍ തൈറോക്സിന്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ ബാധിച്ചേക്കാം എന്നതുകൊണ്ട് കാബേജ് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്.





























