27.4 C
Kollam
Tuesday 8th September, 2026 | 11:17:45 PM
Home News Breaking News സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച് ലോട്ടറി വിറ്റയാൾക്കെതിരെ തട്ടിപ്പ് ആരോപണം

സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച് ലോട്ടറി വിറ്റയാൾക്കെതിരെ തട്ടിപ്പ് ആരോപണം

കണ്ണൂർ.സ്വന്തം വീട് സമ്മാനമായി പ്രഖ്യാപിച്ച് ലോട്ടറി വിറ്റയാൾക്കെതിരെ തട്ടിപ്പ് ആരോപണം.
കേളകം സ്വദേശി ബെന്നി തോമസിനെതിരെയാണ് ലോട്ടറി വാങ്ങിയവർ രംഗത്തെത്തിയത്.
ജപ്തി ഭീഷണിയും ഭാര്യയുടെ അസുഖവും പറഞ്ഞായിരുന്നു ലോട്ടറി മാതൃകയിൽ പണം സമാഹരിച്ചത്. ലോട്ടറി വകുപ്പിന്റെ പരാതിയിൽ ബെന്നിയെ അറസ്റ്റ് ചെയ്തതോടെ പണം നൽകി ടിക്കറ്റ് വാങ്ങിയവർ പെട്ടു.


ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട കടബാധ്യതകൾ തീർക്കാനെന്ന് പറഞ്ഞാണ് കണ്ണൂർ കേളകത്തെ ബെന്നി തോമസ്
ടിക്കറ്റുകൾ അച്ചടിച്ച് വിൽപ്പന തുടങ്ങിയത്.
ഒന്നാം സമ്മാനം 3300 സ്‌ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും. രണ്ടും മൂന്നും സമ്മാനം യൂസ്ഡ് കാർ. നാലാം സമ്മാനം പുതിയ ബുള്ളറ്റ്. ആകെ പതിനായിരം ടിക്കറ്റുകൾ. ഒരു ടിക്കറ്റിന് 1500രൂപ. മെയ് 25-നായിരുന്നു ആദ്യം നറുക്കെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ടിക്കറ്റുകൾ പ്രതീക്ഷിച്ച വേഗത്തിൽ വിറ്റില്ല. നറുക്കെടുപ്പ് ഡിസംബർ 20-ലേക്ക് മാറ്റി. പക്ഷേ നറുക്കെടുപ്പിന് ഒരു ദിവസം മുൻപ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തു. അതോടെ നറുക്കെടുപ്പും മുടങ്ങി. പതിനായിരം ടിക്കറ്റുകൾ വിറ്റാൽ ഏകദേശം ഒന്നരക്കോടി രൂപ ലഭിക്കുമായിരുന്നു. എന്നാൽ മൂന്ന് കോടിയോളം രൂപ സമാഹരിച്ചിട്ടുണ്ടാകാമെന്ന് വഞ്ചിക്കപ്പെട്ടവർ പറയുന്നു.

ലോട്ടറി വിൽപ്പന. പണം പിരിച്ച രീതി. നറുക്കെടുപ്പിന് തൊട്ടുമുൻപ് നടന്ന അറസ്റ്റ്.
എല്ലാത്തിലും ദുരൂഹതയുണ്ടെന്നാണ്
ലോട്ടറി വാങ്ങിയവരുടെ ആരോപണം. ബെന്നിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ
അറസ്റ്റിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചെന്നായിരുന്നു മറുപടി.
എന്നാൽ താൻ വിദേശത്താണെന്ന് ബെന്നി തന്നെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അറിയിച്ചിരുന്നുവെന്നും
ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ എസ് പിക്ക് ആക്ഷൻ കമ്മിറ്റി പരാതി നൽകി. പണം തിരികെ കിട്ടുക മാത്രമല്ല, ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here