പത്രം മലയാള ദിനപത്രങ്ങളിലൂടെ
വാർത്തകൾ തയ്യാറാക്കിയത് :
രജനീഷ് മൈനാഗപ്പള്ളി
കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
കേരള മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്നു എഐസിസി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. വാര്‍ത്താസമ്മേളനം പ്രതീക്ഷിച്ച് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിക്കു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അരമണിക്കൂര്‍ ചര്‍ച്ച നടത്തി പിരിഞ്ഞശേഷമാണ് ഈ തീരുമാനത്തിലെത്തിയത്. പ്രഖ്യാപനം ഇന്നലെ വൈകുന്നേരം ഉണ്ടാകുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്.
യുഡിഎഫ് നിയമസഭാ കക്ഷി യോഗം കെപിസിസി ആസ്ഥാനത്ത്
കോണ്‍ഗ്രസ് നിയസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും യുഡിഎഫ് നിയമസഭാ കക്ഷി യോഗം രണ്ടു മണിക്കും കെപിസിസി ആസ്ഥാനത്തു ചേരും. ഈ യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും. എല്ലാ എംഎല്‍എമാരും എത്തണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിര്‍ദേശം നല്‍കി. ഘടകകക്ഷി നേതാക്കളേയും തിരുവനന്തപുരത്തേക്കു വിളിച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അഞ്ചുപേർ സിബിഐയുടെ പിടിയിൽ
നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസില്‍ യുവമോര്‍ച്ച നേതാക്കള്‍ അടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. 15 പേരെ ചോദ്യം ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ 30 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ വാങ്ങിയതെന്ന് സിബിഐ പറയുന്നു.
എസ്എസ്എൽസി ഫലപ്രഖ്യാപനം നാളെ
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ ഉച്ചയ്ക്കു പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി ഇല്ലാത്തതിനാല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേര്‍ന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.
സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ വിമർശനം
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനുമെതിരേ വിമര്‍ശനം ഉയർന്നു. സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ അകന്നുവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. വെള്ളാപ്പള്ളിയെ സംരക്ഷിച്ചത് ഗുണത്തേക്കാള്‍ ദോഷമായി. കണ്ണൂരില്‍ അണികള്‍ മാത്രമല്ല അംഗങ്ങളും പാര്‍ട്ടിയിൽ നിന്ന് അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രമല്ല, പികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിലും വീഴ്ചയുണ്ടായി. പാര്‍ട്ടി തിരുത്തണമെന്നും പ്ലീനം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യമുയര്‍ന്നു.
ഭരണസ്തംഭനം ഒഴിവാക്കാൻ ഉന്നതതല യോഗം
സര്‍ക്കാര്‍ രൂപീകരണം വൈകിയതിനാല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കല്‍, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍, പിഎന്‍ജിയിലേക്കുള്ള മാറ്റം, ദേശീയപാത വികസനം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ യോഗം വിലയിരുത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
നീറ്റ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പര്‍ കിട്ടിയെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. സിബിഐ അടുത്ത ദിവസം കേരളത്തിലെത്തും.
എ.കെ ആന്റണിയുമായും കൊടിക്കുന്നിലുമായും രാഹുൽ ഗാന്ധി ചർച്ച നടത്തി
കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കാന്‍ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയെ രാഹുല്‍ ഗാന്ധി വിളിച്ച് അഭിപ്രായം തേടി. കൊടിക്കുന്നില്‍ സുരേഷിനെയും ഹൈക്കമാന്‍ഡ് വിളിച്ചു.
കോൺഗ്രസ് ചർച്ചകളിൽ ഘടകകക്ഷികളുടെ ഇടപെടലിനെതിരെ എൻഎസ്എസ്
കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്ക് എന്തു കാര്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചോദിച്ചു. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 30 സീറ്റ് യുഡിഎഫിനു കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട സ്കൂൾ ഉത്തരവ്: ഹൈക്കോടതിയുടെ ഇടപെടൽ
ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മിക്സഡ് സ്‌കൂളാക്കാനുള്ള അനുമതി ഉത്തരവ് തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു. ഉത്തരവിനെതിരായ അപ്പീല്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ വന്നെങ്കിലും സ്റ്റേ അനുവദിക്കാന്‍ കോടതി വിസമ്മതിച്ചു.
പെരുമ്പാവൂർ കമ്പനി തീവെപ്പ് കേസിലെ പ്രതി പിടിയിൽ
പെരുമ്പാവൂരില്‍ തലയിണ കമ്പനി തീവച്ച് നശിപ്പിച്ച കേസില്‍ ഒരാള്‍ പിടിയിലായി. മുടിക്കല്‍ എല്ലുംവിളയില്‍ വീട്ടില്‍ സിദ്ദിഖിനെ(39)യാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 21-നാണ് കമ്പനി കത്തിനശിച്ചത്. 17 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.
രാഷ്ട്രീയ മര്യാദകളെക്കുറിച്ച് പന്ന്യൻ രവീന്ദ്രൻ
മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കള്‍ ‘പോടാ’, ‘ചെറ്റ’ എന്നീ പദപ്രയോഗങ്ങള്‍ നടത്തി കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്നുവെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പിണറായി വിജയനെതിരെയാണ് പരോക്ഷ വിമര്‍ശനം ഉയർത്തിയത്.
നെടുമങ്ങാട് നൂറ്റമ്പതോളം കേസുകളിലെ പ്രതി അറസ്റ്റിൽ
നൂറ്റമ്പതോളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി. നെടുമങ്ങാട് സ്വദേശിയായ യാത്ര വിജയന്‍ എന്ന വിജയന്‍ (57) ആണ് പിടിയിലായത്. ഒരു ഫ്രൂട്സ് കടയിലെ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
അവയവ കച്ചവടക്കേസിൽ വിദേശത്തേക്ക് മനുഷ്യക്കടത്തെന്ന് സംശയം
വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയെന്നു പോലീസ് സംശയിക്കുന്നു. മുഖ്യപ്രതി നജീബിന്റെ മെഡിക്കല്‍ ടൂറിസം സെന്റര്‍ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങി.
കൂട്ടബലാത്സംഗം: പ്രതിക്ക് പന്ത്രണ്ട് വർഷം കഠിന തടവ്
തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിനീഷ് വിജയനെ ഇടുക്കി അഡീഷണല്‍ ആന്റ് സെഷന്‍സ് കോടതി 12 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷം രൂപ നല്‍കാനും വിധിയുണ്ട്.
അബ്ദുൽ റഹീം മേയ് 20-ന് നാട്ടിലെത്തിയേക്കും
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിനെ 19-ന് മോചിപ്പിക്കും. നടപടിക്രമങ്ങള്‍ അതിനകം പൂര്‍ത്തിയാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മേയ് 20-ന് റഹീം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലുവയിൽ മോഷ്ടാവിനെ വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം
ആലുവ മണപ്പുറം റോഡില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ച കള്ളനെ വിട്ടയച്ചു. മോചിതനായ ഇയാള്‍തന്നെ വീണ്ടും മോഷണ ശ്രമം നടത്തിയെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
തമിഴ്നാട്ടിൽ എഐഎഡിഎംകെ വിമതർക്കെതിരെ നടപടി
തമിഴ്നാട് നിയമസഭയില്‍ വിജയിക്ക് അനുകൂലമായി നിലപാടെടുത്ത 25 എംഎല്‍എമാരെ എഐഎഡിഎംകെ സ്ഥാനങ്ങളില്‍നിന്നു നീക്കി. എടപ്പാടി പളനിസ്വാമിയാണ് നടപടിയെടുത്തത്.
കർണാടകയിൽ ഹിജാബ് നിയന്ത്രണം റദ്ദാക്കി
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂല്‍ തുടങ്ങിയ മതപരമായ ചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവാദം നൽകിക്കൊണ്ട് ബിജെപി സർക്കാരിന്റെ പഴയ ഉത്തരവ് നിലവിലെ സർക്കാർ റദ്ദാക്കി.
നീറ്റ് നിർത്തലാക്കണമെന്ന് വിജയ്
നീറ്റ് പരീക്ഷാ രീതി നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ് ആവശ്യപ്പെട്ടു.
അമുൽ പാൽ വില വർദ്ധിപ്പിച്ചു
അമുല്‍ പാല്‍ വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചു.
പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി നന്ദിഗ്രാം സീറ്റ് ഉപേക്ഷിച്ചു
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപ്പുര്‍ സീറ്റ് നിലനിര്‍ത്തി നന്ദിഗ്രാം ഉപേക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് പ്രഖ്യാപനം നടത്തിയത്.
ആസാമിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുന്നു
മെയ് 26-ന് ആസാം നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ നിർദ്ദേശം ചെലവ് ചുരുക്കലിന്റെ ഭാഗമെന്ന് കേന്ദ്രം
ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നും മാധ്യമങ്ങള്‍ ഇത് തെറ്റിദ്ധരിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
മണിപ്പൂരിൽ ക്രൈസ്തവ വൈദികർക്ക് നേരെ ആക്രമണം
മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ക്രൂയിസ് കപ്പലുകളിൽ വൈറസ് ബാധ സംശയിക്കുന്നു
ഹാന്റ വൈറസിന് പിന്നാലെ മറ്റൊരു ക്രൂയിസ് കപ്പലില്‍ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരെ നിരീക്ഷണത്തിലാക്കി.
ബ്രിട്ടീഷ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിക്ക് വിജയം
ബ്രിട്ടനിലെ സൗത്ത് കേംബ്രിഡ്ജ്ഷെയര്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം സ്വദേശി ജിയോ സെബാസ്റ്റ്യന്‍ വിജയിച്ചു.
യുക്രൈനിൽ റഷ്യൻ ചാരന് തടവുശിക്ഷ
യുക്രൈനില്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോർത്തിയ സ്കോട്ടിഷ് പൗരനായ റോസ് ഡേവിഡ് കട്ട്മോറിന് കോടതി തടവുശിക്ഷ വിധിച്ചു.
ബെയ്റൂട്ടിൽ ഇസ്രായേൽ ആക്രമണം
ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ച് ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു.
ഡോണാൾഡ് ട്രംപ് ചൈനയിൽ എത്തി
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ദ്വിദിന സന്ദര്‍ശനത്തിനായി ബീജിങ്ങിലെത്തി. ചൈനീസ് ഭരണകൂടം അദ്ദേഹത്തിന് വൻ സ്വീകരണമൊരുക്കി.
ഐപിഎൽ: വിരാട് കോലിക്ക് സെഞ്ചുറി, ആർസിബിക്ക് വിജയം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിനു തകര്‍ത്ത് ആർസിബി പ്ലേ ഓഫിനരികിലെത്തി. 60 പന്തില്‍ 105 റണ്‍സുമായി വിരാട് കോലി പുറത്താകാതെ നിന്നു.
ഹോക്കി ഇന്ത്യ വിശദീകരണവുമായി രംഗത്ത്
ജൂനിയര്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ പി.ആര്‍. ശ്രീജേഷ് രംഗത്തെത്തി. എന്നാൽ കരാര്‍ അവസാനിച്ചതിനാലാണ് മാറ്റമെന്ന് ഹോക്കി ഇന്ത്യ വിശദീകരിച്ചു.
ബാങ്കുകളുടെ അറ്റാദായത്തിൽ റെക്കോർഡ് വളർച്ച
2025-26 സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകൾ 1.98 ലക്ഷം കോടി രൂപ അറ്റാദായം നേടി. കിട്ടാക്കടം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ഫൈബർ ഒപ്റ്റിക് കേബിളുകൾ നിരീക്ഷണത്തിന് ഉപയോഗിക്കാം
ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് കേബിളുകൾ ശബ്ദ തരംഗങ്ങൾ തിരിച്ചറിഞ്ഞ് രഹസ്യ നിരീക്ഷണത്തിന് ഉപയോഗിക്കാൻ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
അശ്വിനി അയ്യർ തിവാരിയുടെ ‘സിസ്റ്റം’ ട്രെയിലർ പുറത്ത്
സൊനാക്ഷി സിന്‍ഹ, ജ്യോതിക എന്നിവർ അഭിനയിക്കുന്ന ‘സിസ്റ്റം’ മേയ് 22 മുതൽ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും.
മാത്യു തോമസ് ചിത്രം ‘കപ്പ്’ ഒടിടിയിലേക്ക്
മാത്യു തോമസ്, ബേസിൽ ജോസഫ് എന്നിവർ അഭിനയിക്കുന്ന ‘കപ്പ്’ മെയ് 15-ന് മനോരമ മാക്സിലൂടെ ഒടിടിയിൽ എത്തും.
2026 മോഡൽ സ്കോഡ കോഡിയാക് ഇന്ത്യയിൽ
പുതിയ അഡാസ് (ADAS) ഫീച്ചറുകളുമായി എത്തിയ സ്‌കോഡ കോഡിയാക്കിന് 37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.
വി.ഡി സതീശന്റെ പുസ്തകം ‘ഡയലോഗ്’
വി.ഡി സതീശന്‍ പ്രമുഖരുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമായ ‘ഡയലോഗ്’ ഒലീവ് പബ്ളിക്കേഷന്‍സ് പുറത്തിറക്കി. വില 195 രൂപ.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും ആരോഗ്യഗുണങ്ങളും
ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതികൾ ശ്രദ്ധേയമാകുന്നു. എന്നാൽ ഗര്‍ഭിണികളും രോഗികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഇത് പിന്തുടരാവൂ.
.































