Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 11, തിങ്കള്‍ | 1201 മേടം 28

പത്രം മലയാള ദിനപത്രങ്ങളിലൂടെ |2026 മേയ് 11, തിങ്കള്‍ | 1201 മേടം 28

Advertisement
വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട്ടില്‍ ദളപതി വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പതു മന്ത്രിമാരും വിജയ്‌ക്കൊപ്പം അധികാരമേറ്റു. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ആണ്ടവന്‍ മീതെ ആണയിട്ടായിരുന്നു വിജയുടെ സത്യപ്രതിജ്ഞ.

കോതമംഗലത്ത് പുഴയിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലത്ത് വടാട്ടുപാറ പലവന്‍പടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥികളായ ബിയോണ്‍ (തിരുവല്ല), ഹരീഷ് (തിരുവനന്തപുരം), അതുല്‍ (കോട്ടയം) എന്നിവരാണ് മരിച്ചത്.

ഇന്ധന ഉപഭോഗത്തിൽ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി

യുദ്ധസാഹചര്യത്തിൽ സാമ്പത്തിക സുരക്ഷിതത്വത്തിനായി ജനങ്ങള്‍ കര്‍ശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്നും സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തിനു സമാനമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

കേരള മുഖ്യമന്ത്രി പദം: കോൺഗ്രസിൽ അനിശ്ചിതത്വം തുടരുന്നു

കേരളത്തിൽ തെരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കോൺഗ്രസ് ഹൈക്കമാൻഡ്. വി.ഡി. സതീശന് അനുകൂലമായ ജനവികാരം ആറിയ ശേഷം പ്രഖ്യാപനം നടത്താനാണ് നീക്കമെന്ന് സൂചന. താൻ എംഎല്‍എമാര്‍ക്കിടയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സതീശൻ പ്രതികരിച്ചു.

പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ പൊളിറ്റ് ബ്യൂറോ ഇടപെടുമെന്ന് എം.എ. ബേബി

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതില്‍ സിപിഎം പൊളിറ്റ് ബ്യൂറോ ഇടപെടുമെന്ന് ജനറല്‍ സെക്രട്ടറി എം.എ. ബേബി സൂചിപ്പിച്ചു. പിണറായി വിജയന്‍ തുടരണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരമെങ്കിലും തീരുമാനം അദ്ദേഹം തന്നെ അറിയിക്കുമെന്നും ബേബി പറഞ്ഞു.

അനധികൃത അവയവ കൈമാറ്റം: മുഖ്യപ്രതി നജീബ് അറസ്റ്റിൽ

വ്യാജരേഖ ചമച്ച് അനധികൃത അവയവ കൈമാറ്റം നടത്തിവന്ന കേസിലെ മുഖ്യപ്രതി നജീബ് ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റിലായി. വൃക്ക നല്‍കുന്നവരില്‍ നിന്ന് വലിയ തുക ഈടാക്കി ചെറിയ വിഹിതം മാത്രം നല്‍കി നജീബ് പണം തട്ടിയെടുക്കുകയായിരുന്നു പതിവെന്ന് പൊലീസ് കണ്ടെത്തി.

എസ്.ഐയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി

കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയോടു ലൈംഗികാതിക്രമം നടത്തിയ എസ്ഐ മുജീബ് റഹ്‌മാനെതിരേ കേസെടുത്തു. വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

വിജയുടെ ആദ്യ പ്രഖ്യാപനം: 200 യൂണിറ്റ് വൈദ്യുതി സൗജന്യം

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ് ആദ്യം ഒപ്പിട്ടത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കാനുള്ള ഫയലിലാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു. താൻ വിശപ്പിന്റെ വില അറിയുന്നവനാണെന്നും അഴിമതിയില്ലാത്ത ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്പാനിഷ് ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് കിരീടം നിലനിര്‍ത്തി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോളുകൾ നേടിയത്.

ഇൻസ്റ്റാഗ്രാം ഡി.എം എൻക്രിപ്ഷൻ പിൻവലിച്ചു

ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസ്സേജുകളിലെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ മെറ്റാ ഔദ്യോഗികമായി പിന്‍വലിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗങ്ങൾ കണ്ടെത്താനുമാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു.

ആകാശവാണി നാടകോത്സവത്തിൽ മോഹൻലാൽ

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ ശബ്ദസാന്നിധ്യമായി മോഹന്‍ലാല്‍ എത്തുന്നു. ‘ദൈവത്തിന്റെ മനമാരു കണ്ടു’, ‘കടങ്കഥയിലെ വിരുന്നുകാരന്‍’ എന്നീ നാടകങ്ങളിലാണ് അദ്ദേഹം ശബ്ദം നൽകുന്നത്.

അലൂമിനിയം ഫോയിൽ ഉപയോഗം ശ്രദ്ധിക്കുക

ഭക്ഷണം അലുമിനിയം ഫോയിലില്‍ പൊതിയുന്നത് അത്ര സുരക്ഷിതമല്ലെന്ന് പഠനം. അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങളുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കാൻ സാധ്യതയുണ്ട്. ഭക്ഷണം നേരിട്ട് ഫോയിലിൽ തട്ടാതെ ബട്ടർ പേപ്പറിൽ പൊതിഞ്ഞ ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം.

വാർത്തകൾ തയ്യാറാക്കിയത്: രജനീഷ് മൈനാഗപ്പള്ളി
© 2026 kollam പ്രാദേശികം. എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here