Home Blog Page 963

പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ

ന്യൂഡൽഹി: പാക് ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ യുപി സ്വദേശിയായ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. ആദർശ് ജോലി ചെയ്തിരുന്നത് കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐ എസ് ഐ ക്ക് കൈമാറി എന്നാണ് കണ്ടെത്തൽ. യുപി എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് പോസ്റ്റിലാണ് ആദർശ് ജോലി ചെയ്തിരുന്നത്.

പണത്തിനായി തന്ത്രപ്രധാന വിവരങ്ങൾ ഐഎസ്ഐ ഏജൻറിന് കൈമാറി എന്നാണ് കണ്ടെത്തൽ. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ നിർണായക വിവരങ്ങൾ കൈമാറി. തുടർന്ന് യുപി എടിഎസിൻറെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ നിരീക്ഷണത്തിൽ ആയിരുന്നു. ഐഎസ്‌ഐ ഏജൻറുമായി ആദർശ് ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. ആദർശിനെ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബൈബിൾ സൊസൈറ്റി ജില്ലാ വാർഷികം ആഘോഷിച്ചു

തിരുവനന്തപുരം:
ദൈവവചനം മനുഷ്യന് എക്കാലവും പ്രചോദനം നൽകുന്നതാണന്ന് മലങ്കര ഓർത്തഡോക്സ് സഭാ ബിഷപ്പ് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ജില്ലാ വാർഷീക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈ എം സി എ ഹാളിൽ നടന്ന സമ്മേളനത്തിൽ ബൈബിൾ സൊസൈറ്റി റീജിനൽ കോഓഡിനേറ്റർ ഷെവലിയർ ഡോ.കോശി എം ജോർജ് അധ്യക്ഷനായി.കേരള ഓക്സിലറി സെക്രട്ടറി റവ ജേക്കബ് കൂടത്തിങ്കൽ സന്ദേശം നൽകി. സാൽവേഷൻ ആർമി സഭയുടെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ലെഫ്.കേണൽ ജേക്കബ് ജെ ജോസഫിനെ ആദരിച്ചു.റവ.ഡോ വെൽവറ്റ് ജോൺ, റവ.ഡബ്ളിയു. ലിവിങ്സ്റ്റൺ, ഡോ.ആർതർ ജേക്കബ്, ലെഫ്.കേണൽ.എൻ ഡി ജോഷ്വ, എം സന്തോഷ് കുമാർ, ജി ഗുണമണി, പി. തോമസ് കോശി, കുഞ്ഞ് കുഞ്ഞമ്മ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ലോകസമാധാനത്തിനായും മധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നടക്കുന്ന യുദ്ധം അവസാനിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. ഇന്ന് കൊച്ചിയിലാണ് ചടങ്ങ്. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം-രാമനാട്ടുകര ആറുവരിപ്പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കും.

ദേശീയപാതയുടെ ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്വാഭാവികമായും അവിടെ ഉണ്ടായിരിക്കേണ്ട മന്ത്രിക്ക് ക്ഷണമില്ലാതിരിക്കുന്നത് ശരിയല്ലെന്നും ജനാധിപത്യപരമായ മര്യാദയല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുള്ളിൽ DYFI – പൊലീസ് കയ്യാങ്കളി

ശാസ്താംകോട്ട. പൊലീസ് സ്റ്റേഷനുള്ളിൽ DYFI – പൊലീസ് കയ്യാങ്കളി.
ഇന്നലെ ശാസ്താംകോട്ട പൊലീസ്
സ്റ്റേഷനിൽ ആയിരുന്നു സംഭവം

മുതുപിലാക്കാട്ടെ പ്രാദേശിക പ്രശ്നവുമായി  ബന്ധപ്പെട്ട്
ചിലരെ പൊലീസ് വിളിച്ചുവരുത്തി

ഇവരോട് DYFI ക്കാർ അനുവാദം ചോദിക്കാതെ സ്റ്റേഷനിൽ കയറി
സംസാരിക്കാൻ ശ്രമിച്ചു. പൊലീസ് തടഞ്ഞതോടെ വാക്കു തർക്കമായി



ബലം പ്രയോഗിച്ച് DYFI ക്കാരെ പൊലീസ്
പുറത്തിറക്കി

സ്റ്റേഷന് പുറത്തും പൊലീസുമായി
തർക്കം തുടർന്നു. ഏരിയാ  സെക്രട്ടറി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നിവരടക്കം പൊലിസു കാരുമായി സംഘർഷമുണ്ടാക്കി

സംഭവത്തിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല
സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ഇൻഡിഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്‌സ് രാജിവച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനി വൻതോതിലുള്ള പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡിഗോ വൻതോതിലുള്ള പ്രതിസന്ധി നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈനിന്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താൽക്കാലികമായി മേൽനോട്ടം വഹിക്കും.


“കമ്പനിയുടെ സംസ്കാരവും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് വിശ്വാസ്യതയിലും പ്രൊഫഷണലിസത്തിലും അധിഷ്ഠിതമായ മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ എയർലൈനിന്റെ നേതൃത്വത്തിലേക്ക് തിരിച്ചെത്തുന്നത്,” ഇന്റർഗ്ലോബ് ഏവിയേഷൻ ചെയർമാൻ വിക്രം സിംഗ് മേത്ത പറഞ്ഞു. ഇന്റർഗ്ലോബ് ഏവിയേഷന്റെ കീഴിലുള്ള എയർലൈൻ ബ്രാൻഡാണ് ഇൻഡിഗോ.


2022 സെപ്തംബറിലാണ് ഇൻഡിഗോയുടെ തലപ്പത്തേക്ക് പീറ്റർ എൽബേഴ്‌സ് എത്തുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ അദ്ദേഹം സമ്മർദ്ദത്തിലായിരുന്നു. നൂറ് കണക്കിന് ഇൻഡിഗോ വിമാന സർവീസുകൾ പ്രവർത്തന രഹിതമായതോടെ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. കമ്പനിക്ക് 2,000 കോടി രൂപ സാമ്പത്തിക നഷ്ടമുണ്ടായതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു. വ്യോമയാന നിയന്ത്രണ ഏജൻസി (ഡിജിസിഎ) ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിച്ചിരുന്നു.

ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി വീണ്ടും എത്തും

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം, വെള്ളി തുടങ്ങിയവയുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറി റിട്ട.ജസ്റ്റിസ് കെടി ശങ്കരന്‍ വീണ്ടും എത്തും. 13 മുതല്‍ 15 വരെ പരിശോധനയ്ക്കായി എത്തുമെന്ന് കാണിച്ച് ദേവസ്വം ബോര്‍ഡിന് കത്തു ലഭിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ആറന്മുള സ്‌ട്രോങ് റൂമിലെ പരിശോധന തുടരുകയാണ്. സ്വര്‍ണത്തിനു പുറമേ പവിഴം,ഇന്ദ്രനീലം, വജ്രം എന്നിവ ഉള്‍പ്പെടെ അമൂല്യങ്ങളായ കല്ലുകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. കിരീടം, സ്വര്‍ണം, വെള്ളി എന്നിവയില്‍ പതിച്ചിട്ടുള്ള കല്ലുകള്‍ ഇളക്കിയെടുക്കാതെയാണ് പരിശോധന.
ശബരിമലയില്‍ നടവരവായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, വിലപിടിപ്പുള്ള പൂജാ പാത്രങ്ങള്‍ തുടങ്ങിയവ ദേവസ്വം റജിസ്റ്ററിലും മഹസറിലും രേഖപ്പെടുത്തിയ ശേഷം സന്നിധാനത്തെ സ്‌ട്രോങ്‌റൂമിലാണു സൂക്ഷിച്ചിട്ടുള്ളത്. തീര്‍ഥാടന കാലത്ത് ഓരോ ആഴ്ചയിലും മാസപൂജ സമയത്ത് അടയ്ക്കുമ്പോഴും ഇവ ശേഖരിച്ച് ആറന്മുള സ്റ്റോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനം ഇന്ന്, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതൽ മുട്ടം വരെയുള്ള ഭാഗങ്ങളിൽ റൂറൽ പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണി മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡ് നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും.

എറണാകുളത്ത് നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട് – എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളേജ് റോഡിൽ തിരിഞ്ഞ് കാലടിയിലെത്തി പോകേണ്ടതാണ്. അങ്കമാലിയിൽ നിന്നും എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എംസി റോഡിൽ നിന്ന് നായത്തോട് വഴിതിരിഞ്ഞ് എയർപോർട്ടിലേക്ക് പോകേണ്ടണ്ടതാണ്. മുട്ടം മുതൽ നെടുമ്പാശ്ശേരി വരെയുള്ള റോഡിലും വശങ്ങളിലും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.

ബൈക്കിൽ എത്തി യുവതിയെ അടിച്ചു വീഴ്ത്തി മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശികളെ  അറസ്റ്റ് ചെയ്തു


കായംകുളം. ബൈക്കിൽ എത്തി യുവതിയുടെ മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കേസിലെ പ്രതികളെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു.മാല മോഷ്ടിക്കുന്നതിന് മുൻപ് പ്രതികൾ അമ്പലപ്പുഴയിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ ആണ് പ്രതികളെ കുരുക്കിയത്.

കൊല്ലം ഇരവിപുരം സ്വദേശികളായ മെന്റൽ അപ്പു എന്ന അൽത്താഫ്,
തൗഫീഖ്  എന്നിവരെയാണ് കായംകുളം പോലീസ് ഇരവിപുരത്തു നിന്നും പിടികൂടിയത്.



ഈ മാസം അഞ്ചാം തീയതി രാവിലെ സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയുടെ മുതുകത്ത് അടിച്ച ശേഷം മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് രണ്ടു പ്രതികളെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ അൽത്താഫ് തൗഫീഖ് എന്നിവർ
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ യുവതിയെ പിന്തുടർന്ന് കായംകുളം സെന്റ്.മേരീസ് സ്കൂളിന് മുൻവശം വെച്ച് യുവതിയെ ആക്രമിച്ച് സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി മാലയിൽ പിടിച്ചതോടെ കൊളുത്ത് അകന്ന് മാല വസ്ത്രത്തിനുള്ളിലേക്ക് വീഴുകയും, അടി കൊണ്ട യുവതി സ്കൂട്ടർ മറിഞ്ഞ് താഴെ വീഴുകയും ആയിരുന്നു.

Also read:

സംഭവം കണ്ട് ആൾക്കാർ ഓടി വന്നപ്പോൾ പ്രതികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ 4 ദിവസം കൊണ്ട് കായംകുളം മുതൽ കൊല്ലം വരെ 250 ഓളം CCTV ക്യാമറകൾ  പരിശോധിച്ചാണ് ഹെൽമെറ്റ് ധരിച്ചിരുന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.   കായംകുളത്ത് മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് മുമ്പ് പ്രതികൾ അമ്പലപ്പുഴയിൽ നിന്നും നടന്നു പോയ ആളിന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ചെടുത്തിരുന്നു. ഈ മൊബൈൽ ഫോണും പ്രതികളിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒന്നാം പ്രതിയായ അൽത്താഫ് ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം , വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, അടിപിടി കേസുകളിൽ പ്രതിയും , 2023 ൽ കാപ്പാ  നിയമപ്രകാരം നടപടി നേരിട്ട ആളുമാണ്. രണ്ടാം പ്രതിയായ തൗഫീഖ് കിളികൊല്ലൂർ, പോത്തൻകോട്, കരീലക്കുളങ്ങര, ചവറ, കഴക്കൂട്ടം, കൊല്ലം വെസ്റ്റ് , കരുനാഗപ്പളളി തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, മയക്കുമരുന്ന് വിപണനം മുതലായ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

മറ്റാരുണ്ട്, സമരം ചെയ്യുന്ന മാലാഖമാർക്കൊപ്പം

നഴ്സുമാരുടെ സമരത്തെ പരിപൂർണമായി തളളി മാനേജ്മെൻ്റുകൾ. കടുത്ത നടപടികളും ഭീഷണികളും തുടരുകയാണ്.  സമരം ശക്തിയാർജിക്കുമ്പോഴും മാലാഖമാരോട് മുഖം തിരിക്കുന്ന നിലപാട് ആവർത്തിക്കുകയാണ് KPHA.

സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ
അരയും തലയും മുറുക്കിത്തന്നെയാണ്. ശമ്പളം കൂട്ടിക്കൊടുക്കാനാവില്ലെന്ന് കട്ടായം. സമരത്തിനിറങ്ങുന്നവരെ കൂട്ടത്തോടെ പിരിച്ചു വിടുമെന്ന് തന്നെയാണ് ഇപ്പോഴും തുടരുന്ന ഭീഷണി. കൊച്ചി ലേക് ഷോർ ആശുപത്രിയിൽ നഴ്സുമാരെ ചർച്ചയ്ക്ക് വിളിക്കാൻ പോലും മാനേജ്മെൻ്റ് തയ്യാറായില്ല.. കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലെ സമരം വർധിത വീര്യത്തോടെ തുടരുമ്പോഴും പിരിച്ച് വിട്ടവരെ തിരിച്ചെടുക്കാനാവില്ലെന്ന് ആവർത്തിക്കുകയാണ് ബേബി മെമ്മോറിയൽ ആശുപത്രി. സിഇഒയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ സമവായ സ്വരം പാടെ മാറ്റിയ ആശുപത്രിയുടെ ഇന്നത്തെ നിലപാട് മാധ്യമങ്ങളുടേത് കളള പ്രചാരണമെന്നായിരുന്നു

Also read:



എന്നാൽ, ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെൻ്റുമായി  നടന്ന ചർച്ചയുടെ ചിത്രം ബിജെപി സിറ്റി ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രകാശ് ബാബു പുറത്തുവിട്ടു. ചർച്ച നടന്നില്ലെന്ന് തെളിയിച്ചാൽ സ്ഥാനമൊഴിയുമെന്നും പ്രകാശ് ബാബു.
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും മാനേജ്മെൻ്റിൻ്റെ ധിക്കാര നിലപാട് തുടരുന്നു. 2000 രൂപ ദിവസക്കൂലിക്ക് പുതിയ നഴ്സുമാരെ ജോലിക്കെടുത്തു. അടിസ്ഥാന ശമ്പളമെന്ന ആവശ്യത്തിൽ ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ സമരം  തുടരുന്നതിനിടെയാണ് പുതിയ ആളുകള പ്രവേശിപ്പിച്ചുള്ള വെല്ലുവിളി. അതേ സമയം ആലപ്പുഴ KM ചെറിയാൻ ആശുപത്രിയിൽ അടിസ്ഥാന ശമ്പളം 30000 രൂപയാക്കാമെന്ന് സമരത്തിനൊടുക്കം മാനേജ്മെൻ്റ് സമ്മതിച്ചു. കരാർ ഒപ്പിടുന്നതോടെ നഴ്സുമാർ ഇവിടത്തെ സമരം അവസാനിപ്പിക്കും.

മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ, ഇടതുതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

തിരുവനന്തപുരം: കേരളത്തില്‍ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇടതുമുന്നണി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു.

മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രചാരണ മുദ്രാവാക്യം. സി.പി.ഐ.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഈ പുതിയ വാചകം പുറത്തിറക്കിയത്. 2016-ല്‍ ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നും 2021-ല്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നതുമായിരുന്നു ഇടതുമുന്നണിയുടെ ഹിറ്റ് മുദ്രാവാക്യങ്ങള്‍.

Also read:


ശക്തമായ പ്രചാരണവുമായി എല്‍ഡിഎഫ് മുന്നോട്ടുപോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന വീഡിയോയില്‍ നടി ഭാവനയാണ് പ്രധാന വേഷത്തില്‍ എത്തിയത്. സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്. നടി മഞ്ജു വാര്യർ ഉള്‍പ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്കൂളുകള്‍, ആശുപത്രികള്‍, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയ സർക്കാരിന്റെ പ്രധാന പദ്ധതികളെ വീഡിയോയില്‍ കോർത്തിണക്കിയിരിക്കുന്നു.

യുവാക്കളെ ആകർഷിക്കുന്നതിനായി റാപ്പർ വേടൻ ആലപിച്ച കാത്തിരുന്ന കാലമേ…” എന്ന് തുടങ്ങുന്ന പ്രചാരണ ഗാനവും നേരത്തെ പുറത്തിറക്കിയിരുന്നു. ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനോടെയുള്ള ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായിരുന്നു. ‘പെണ്‍പോരാട്ടത്തിന് എല്‍ഡിഎഫ് സർക്കാർ 3.0’ എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഭാവന ഉള്‍പ്പെട്ട വീഡിയോ പുറത്തുവിട്ടത് എന്നത് ശ്രദ്ധേയമാണ്. മുൻ തിരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാനും ഭരണത്തുടർച്ച ഉറപ്പാക്കാനുമായി അതീവ ഗൗരവത്തോടെയുള്ള പ്രചാരണ തന്ത്രങ്ങളാണ് ഇത്തവണയും എല്‍ഡിഎഫ് ആവിഷ്കരിച്ചിരിക്കുന്നത്.