Home Blog Page 928

സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ സംഘർഷം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി.

Also Read: ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത, ലക്ഷ്യങ്ങളിൽ വൈരുദ്ധ്യമെന്ന് വിദഗ്ധർ; യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്

അതേസമയം കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായി. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളിൽ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സംഘവും അഗ്നിശമന സംഘങ്ങളും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പ്രവർത്തനം തുടങ്ങി. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില യൂണിറ്റുകൾ മുൻകരുതലായി അടച്ചിട്ടതായും അധികൃതർ അറിയിച്ചു.

ഇന്ത്യ-യുഎഇ നിർണായക ചർച്ച

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ദില്ലിയിൽ വെച്ചാണ് റീം അൽ ഹാഷിമി എസ് ജയ്ശങ്കറുമായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. റീം അൽ ഹാഷിമിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ഡോ. എസ് ജയ്ശങ്കർ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.

ട്രംപും നെതന്യാഹുവും തമ്മിൽ ഭിന്നത, ലക്ഷ്യങ്ങളിൽ വൈരുദ്ധ്യമെന്ന് വിദഗ്ധർ; യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്

ദോഹ: ഇറാനെതിരായ യുദ്ധത്തിൽ ഒരേ ലക്ഷ്യങ്ങൾ പങ്കുവെക്കുമ്പോഴും അമേരിക്കയും ഇസ്രായേലും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ട്. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇറാന്‍റെ ആണവ പദ്ധതികളെ തടയുക എന്ന പൊതുതാൽപ്പര്യം ഉണ്ടെങ്കിലും മറ്റ് സൈനിക നടപടികളിൽ ഇരുവർക്കും വ്യത്യസ്ത മുൻഗണനകളാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം

ഇറാന്‍റെ ആണവ അഭിലാഷങ്ങൾക്കപ്പുറം അവരുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും പ്രവർത്തനങ്ങളും പൂർണ്ണമായും അവസാനിപ്പിക്കാനാണ് ഇസ്രായേൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ അമേരിക്കയുടെ ലക്ഷ്യങ്ങൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിനാണ് പദ്ധതിയിടുന്നത്. ഈ രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം സഖ്യകക്ഷികൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്.

യുഎസിന് മേൽ സമ്മർദം

ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിനായുള്ള ദീർഘകാല പോരാട്ടമാണ്. എന്നാൽ അമേരിക്കയ്ക്ക് മേൽ ആഭ്യന്തര സമ്മർദ്ദവും മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നുള്ള വിമർശനങ്ങളും വർദ്ധിച്ചുവരികയാണ്. യുദ്ധത്തിൽ അമേരിക്ക വഹിക്കുന്ന പങ്കിനെക്കുറിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, എത്രയും വേഗം ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യങ്ങൾ വരും ദിവസങ്ങളിൽ യുദ്ധത്തിന്‍റെ ഗതിയെ എങ്ങനെ ബാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പൊള്ളുന്ന ചൂട്! 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. തിരുവനന്തപുരം, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഉയർന്ന താപനില തുടരും.

രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്. ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാം അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്.പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള പ്രഭാഷണത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം

കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി,ഷാള്‍ അണിയിച്ച് കെ സുധാകരന്‍

കണ്ണൂര്‍. കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി ഒ മോഹനന്‍ മുന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹാശ്ശിസുകളും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കണ്ണൂരിലെ മുന്‍ മേയറാണ് ടി ഒ മോഹനന്‍.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ‘എന്റെ വാക്കു പാലിച്ചു’ എന്ന് ഷാള്‍ അണിയിച്ചശേഷം സുധാകരന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു.

also read.

കണ്ണൂരില്‍ ടി ഒ മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ ഒരു തരത്തിലും എതിര്‍പ്പില്ലെന്ന് കെ സുധാകരന്‍ പറഞ്ഞതായി മോഹനന്‍ പിന്നീട് വ്യക്തമാക്കി. കണ്ണൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ടു തവണ യുഡിഎഫ് പരാജയപ്പെട്ടു. ആ മണ്ഡലം തിരിച്ചുപിടിക്കുക എന്നാണ് ദൗത്യം. ആ ദൗത്യം നേതാക്കളെല്ലാം കൂട്ടായി ഏറ്റെടുക്കും. തെരഞ്ഞെടുപ്പില്‍ പൂര്‍ണ സഹകരണം കെ സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരു ടീമായിത്തന്നെ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു പോകുമെന്നും ടി ഒ മോഹനന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി കെ സുധാകരന്‍ സജീവമായി ഇറങ്ങുമെന്നാണ് വിവരം. മറ്റന്നാള്‍ ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫിന്റെ പ്രചാരണത്തിന് ഇറങ്ങും. തുടര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടിയും പ്രതാരണത്തിനിറങ്ങും. കെ സുധാകരന്റെയും അനുകൂലികളുടെയും പ്രവര്‍ത്തനം ഹൈക്കമാന്‍ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ട്.

പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്, ആ പാവത്തിനെ മാധ്യമങ്ങള്‍ അധിക്ഷേപിച്ചു

തിരുവനന്തപുരം . കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 140 സ്ഥാനാര്‍ത്ഥികളെയും യുഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു അപസ്വരവും ഇല്ലാതെയാണ് സീറ്റു വിഭജനം യുഡിഎഫ് പൂര്‍ത്തിയാക്കിയത്. കേരള കോണ്‍ഗ്രസ് അടക്കം വിട്ടു വീഴ്ചകള്‍ ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ടീം യുഡിഎഫ് ആയിട്ടാണ് പ്രവര്‍ത്തിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മൂന്നു ദിവസം എടുത്തു എന്നാണ് ഇപ്പോള്‍ വാര്‍ത്ത. പണ്ട് എത്ര ദിവസമാണ് എടുത്തിരുന്നത്?. തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ഇരുന്ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിനുള്ളിലെ പ്രൊസീജിയറെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ നിന്നും നേതാക്കളുടെ സമിതി കേന്ദ്ര നേതൃത്വത്തിന് ശുപാര്‍ശ ചെയ്യുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് അന്തിമ അംഗീകാരം നല്‍കേണ്ടത്.

കെ സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍, അത്തരത്തിലൊരു തീരുമാനവും പാര്‍ട്ടി സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ്. എംപിമാര്‍ മത്സരിക്കമോ വേണ്ടയോ എന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് ഒരു പങ്കുമില്ല, കേന്ദ്രനേതൃത്വമാണ് അതില്‍ തീരുമാനമെടുക്കേണ്ടത്. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധിക്ഷേപിച്ച് തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ട.

also read:

അങ്ങനെ ആരെങ്കിലും കരുതുന്നുവെങ്കില്‍, ഈ വാര്‍ത്ത കൊണ്ടൊന്നും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകില്ല. നൂറിലധികം സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും വികാരമാണത്. ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് ജനങ്ങളുടെ വികാരമാണ്, അഭിലാഷമാണ്. അതിനാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും തകര്‍ക്കാനാവില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങള്‍ മത്സരിക്കണോ എന്നത് ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കേണ്ടത്. സത്യത്തില്‍ മാധ്യമങ്ങള്‍ കെ സുധാകരനെ അപമാനിക്കുകയായിരുന്നു. അദ്ദേഹം പാര്‍ട്ടിക്ക് എതിരായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?. പാര്‍ട്ടിയാണ് വലുത്, ഞാന്‍ എത്രയോ ചെറുതാണ് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ആ പാവത്തിനെ മാധ്യമങ്ങള്‍ എന്തിനാണ് അധിക്ഷേപിച്ചത്. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. കെസി വേണുഗോപാലും വിഡി സതീശനും തമ്മില്‍ കൊച്ചിയിലെ സീറ്റിനെപ്പറ്റി വഴക്കിട്ടുവെന്ന വാര്‍ത്ത കെ സി തന്നെയാണ് തന്നോടു പറഞ്ഞതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം

കൊച്ചി: സ്വർണവിലയിൽ അപ്രതീക്ഷിത മുന്നേറ്റം. കേരളത്തിൽ ഇന്നലെ 5,000 രൂപയ്ക്കുമേൽ താഴ്ന്ന പവൻ വില ഇന്ന് 480 രൂപ വർധിച്ച് 1,10,680 രൂപയായി. 60 രൂപ ഉയർന്ന് 13,835 രൂപയാണ് ഇന്ന് ഗ്രാമിന് രേഖപ്പെടുത്തിയത്.


തുടര്‍ച്ചയായി 11 ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയിൽ വർധനവ് ഉണ്ടായത്.


കഴിഞ്ഞ ദിവസങ്ങളിലായി വിലയിൽ ഉണ്ടായ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ‌ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകിയിരുന്നു. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് ഇന്ന് അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തിയത്. എന്നാൽ, സ്വർണത്തിൽ നിക്ഷേപം നടത്തിയവർക്ക് വർധനവ് പ്രതീക്ഷ നൽകുന്നു.


‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണനിക്ഷേപ പദ്ധതികൾ, സ്വർണക്കട്ടികൾ എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. പരമ്പരാഗത രീതിയിൽ നിന്നും മാറി വിവാഹ ആവശ്യക്കാർ കൂടുതലും സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങളാണ് സ്വീകരിച്ചു വരുന്നത്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണാഭരണം പോലെ തോന്നിപ്പിക്കുന്ന ആഭരണങ്ങൾ വാങ്ങുകയും വാടകയ്ക്ക് എടുക്കുകയും ചെയ്യുന്ന ട്രെൻഡാണ് നിലവിൽ കേരളത്തിലുള്ളത്.

മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു

കൊച്ചി: മാര്‍ച്ച് 23ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു. പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനമായതോടെയാണ് തീരുമാനം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) ആണ് സമരം മാറ്റിവച്ചത്.

20 ശതമാനം സിലിണ്ടറുകള്‍ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും കമ്മീഷണര്‍ ഉറപ്പുനല്‍കി.


സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് സിലിണ്ടര്‍ വിതരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കും. പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് വേഗത്തില്‍ കണക്ഷന്‍ നല്‍കും. എല്ലാ ജില്ലയിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കെ.എച്ച്.ആര്‍.എ പ്രതിനിധികളെ ഉള്‍പ്പെടുത്തി സിലിണ്ടര്‍ വിതരണം ഏകോപിപ്പാക്കാനാണ് തീരുമാനം.

ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍,ഇടതു പക്ഷത്തെ മന്ത്രി വരുമോ?

തിരുവനന്തപുരം. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കും. ഇതുവരെ 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് രണ്ടുഘട്ടമായി പ്രഖ്യാപിച്ചിട്ടുള്ളത്. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്.

തിരുവനന്തപുരം, മാവേലിക്കര തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇടതുപക്ഷത്തു നിന്നുള്ള മുന്‍മന്ത്രിയായ നേതാവിനെ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനായി നേതാവുമായി ബിജെപി നേതൃത്വം നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും സൂചനയുണ്ട്.

also read:

ബിജെപിയുടെ രണ്ടാംഘട്ട പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ആറന്മുളയില്‍ മുതിര്‍ന്ന നേതാവും പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ഗുരുവായൂരില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ മത്സരിക്കും. ഇതുവരെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ന് ചെറിയ പെരുന്നാള്‍…ഗള്‍ഫിൽ നിയന്ത്രണങ്ങളോടെ ആഘോഷം

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. നമസ്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍.


റംസാന്‍ 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കുന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേരും. സ്നേഹത്തിന്‍റെ കൂടിച്ചേരലുകളുടേയും ആഘോഷം കൂടിയാണ് ചെറിയ പെരുന്നാള്‍.നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്.


യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം
ഗള്‍ഫിലെ മലയാളികള്‍ക്ക് ഇത് അതിജീവനത്തിന്‍റെ ചെറിയ പെരുന്നാള്‍ കൂടിയാണ്. നിയന്ത്രണങ്ങളോടെ മേഖലയിലെങ്ങും പെരുന്നാള്‍ പ്രാര്‍ത്ഥനകള്‍ നടക്കും. ഒമാനിലും നാട്ടിലും ഗള്‍ഫിലാകെയും ഒന്നിച്ചാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍, ഗള്‍ഫിലെ പ്രവാസികള്‍ രാജ്യമേതെന്ന വ്യത്യാസമില്ലാതെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ്. എങ്കിലും ജനജീവിതം സ്തംഭിച്ചിട്ടില്ല. പെരുന്നാള്‍ നമസ്കാരം പള്ളികള്‍ക്കുള്ളില്‍ മാത്രമാണ്. പുറത്ത് തുറന്ന സ്ഥലത്തെ ഈദ്ഗാഹുകളില്ല.