Home Blog Page 887

ഏഴിന്‍റെ പരിപാടിക്ക് 6.50ന് വന്നു, ഒരാളും ഉണ്ടായില്ല; ദേഷ്യം വന്നതിൽ പ്രതികരിച്ച് സുരേഷ് ഗോപി, ‘തന്‍റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല’

തൃശൂർ: പിണറായിയുടേയും സതീശന്‍റെയും ദേഷ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി എംപി. തന്‍റെ ദേഷ്യം വേറെ തരമാണ്. കസേര മാറ്റുന്നതാണ് പ്രശ്നം. പ്ലാസ്റ്റിക് കസേര വേണം. തനിക്ക് നടുവേദനയുണ്ടെന്നും എംപി പറഞ്ഞു. കുഷ്യനുള്ള സീറ്റ് വേണ്ട. തന്‍റെ ദേഷ്യം പിണറായിയുടെ ദേഷ്യമല്ല. ഏഴിന് പരിപാടി വച്ചിട്ട് താൻ 6.50ന് വന്നു. ഒരാളും ഉണ്ടായില്ല. പിന്നെ ദേഷ്യം വരാതിരിക്കുമോ എന്നും സുരേഷ് ഗോപി ചോദിച്ചു. അന്തിക്കാട് സി സി മുകുന്ദന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി സി മുകുന്ദൻ തനിക്ക് വല്യേട്ടനാണ്. ഉൾക്കരുത്തുണ്ട് മുകുന്ദന്, വർത്തമാനത്തിലെ ശക്തിയുണ്ട്. മുകുന്ദേട്ടൻ എന്നു എന്നു മാത്രമേ വിളിക്കൂ എന്നും എംപി പറഞ്ഞു. എഫ്‍സിആർഎ വിഷയത്തിൽ ക്രിസ്തീയ സഭകൾക്ക് പേടിയില്ലെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കൃത്യമായ കണക്ക് കൊടുത്താൽ എഫ്‍സിആർഎ കുഴപ്പമില്ല. ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങൾക്ക് ഇതു പ്രശ്നമാകില്ല. ബിഷപ്പുമാർക്ക് ഓഡിയോ സന്ദേശം അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ വിഷയത്തിൽ പ്രതികരിക്കാൻ സുരേഷ് ഗോപി തയാറായില്ല. താൻ ആരുടെയും കാര്യത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ, മുകേഷ് എന്നിവരുടെ വിഷയത്തിലും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും എംപി പറഞ്ഞു.

ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയെന്ന് കർദിനാൾ

അതേസമയം, എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് ആശങ്കയുണ്ടെന്നും പുന:പരിശോധന വേണമെന്നും കർദിനാൾ ക്ലിമിസ് കാതോലിക ബാവ ആവശ്യപ്പെട്ടിരുന്നു. ഏകാധിപത്യപരമായ അധികാരം നൽകുന്നതാണ് ഈ ബില്ലെന്നും ഈ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിസ്സാരമായ കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്കരമാണ്. യഥാർത്ഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ബാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്. നിർബന്ധിത മതപരിവർത്തനം ചെയ്യുന്നവരെ ലക്ഷ്യമിടുമെന്ന് അഭ്യന്തര സഹമന്ത്രി തന്നെ പറയും.


ക്രൈസ്തവ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ എംപിമാർ പാർലമെന്റിൽ ഇല്ല. ഈ സമയത്തെ ബിൽ അവതരണത്തിൽ ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്. ബില്ലിൽ പുനരാലോചന വേണം. ന്യൂനപക്ഷ കമ്മീഷനിൽ നിലവിൽ ക്രൈസ്തവ പ്രാതിനിധ്യം ഇല്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടന ഉറപ്പ് നൽകുന്നതാണ്. സ്വഭാവികമായും ക്രൈസ്തവർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് വാണിജ്യ സിലിണ്ടർ വില കുത്തനെ കൂട്ടി

ന്യൂ ഡെൽഹി : പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുത്തനെ കൂട്ടി. 195 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. രാജ്യാന്തര തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതോടെയാണ് നടപടി. മാര്‍ച്ച് ഒന്നിന് 114 രൂപ 50  പൈസയുടെ വർധന വരുത്തിയിരുന്നു. പുതുക്കിയ വില നിലവിൽ വന്നതോടെ 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 2078.50 പൈസ നല്‍കേണ്ടി വരും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. മാര്‍ച്ച് ഏഴിന് ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 60 രൂപ വര്‍ധിപ്പിച്ചിരുന്നു. 920 രൂപയാണ് കൊച്ചിയില്‍ 14.2 കിലോയുള്ള ഗാര്‍ഹിക സിലിണ്ടറിന് വില. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 51 രൂപയും വര്‍ധിപ്പിച്ചു.

പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ധനവിലയില്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഹോര്‍മുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞതോടെ ഇന്ധനനീക്കത്തില്‍ വന്‍ പ്രതിസന്ധിയും ഉടലെടുത്തിരുന്നു. 

ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനിടെ എഫ് സി ആർ എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെൻറിൽ

ന്യൂ ഡെൽഹി :വിവാദം കത്തുന്നതിനിടെ എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിന്മേൽ ലോക്സഭയിൽ ഇന്ന് ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോ​ഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.

ലോക്സഭയിൽ മാർച്ച് 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ ഇന്ന് ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി. ബില്ലിലുള്ള വിവാദ വ്യവസ്ഥകൾ നീക്കം ചെയ്യണമെന്ന് കേരള കൺസിൽ ഓഫ് ചർച്ചസും (കെ സി സി ) ആവശ്യപ്പെട്ടിരുന്നു.
ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്ന് സിബിസിഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിക്കുന്നു. കേരളത്തിൽ വലിയ പ്രതിഷേധം ഉയരുന്നത് ബിജെപിയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്.

സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ജാമ്യാപേക്ഷയിൽ വാദം ഇന്ന്

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേത് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും. എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരുന്നു മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.

കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ഒളിച്ച് കടക്കാനുള്ള യാത്രക്കിടെയാണ് തൊടുപുഴ മുട്ടത്ത് നിന്നും ഇയാളെ പിടികൂടിയത്. രാത്രി തന്നെ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൊടുപുഴയിലെത്തിയിരുന്നു.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ യുവനടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍ കാരവനിൽ വെച്ച് ജനുവരിയിൽ രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.

ഇറാനെതിരെ സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്

ഇറാന് എതിരെ വരും ആഴ്ചകളിലും സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. അമേരിക്കയുടെ അജണ്ടയിൽ നയതന്ത്രത്തിന് സ്ഥാനമില്ലെന്നും കരയുദ്ധത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്ക സമർപ്പിച്ച 15 ഇന നിർദേശങ്ങൾക്ക് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. വെറും വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

യുദ്ധം ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ചൈനയും പാകിസ്താനും ചേർന്ന് പ്രശ്നപരിഹാരത്തിനായി അഞ്ചിന നിർദേശങ്ങൾ സമർപ്പിച്ചു. റഷ്യയും മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മാർപാപ്പ, ഏപ്രിൽ 5 ഈസ്റ്ററിന് മുൻപ് യുദ്ധം അവസാനിക്കുമെന്നും ട്രംപ് സമാധാനത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീണ്ടും കേരളത്തിലേക്ക്. ഏപ്രിൽ നാലാം തീയതി അദ്ദേഹം സംസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും.

ഒരാഴ്ചയ്ക്കിടെ രണ്ടാമത് തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. തിരുവല്ല, ആറന്മുള, ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും.

തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുപ്പതിനായിരം പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ രക്തസമ്മര്‍ദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ രക്തസമ്മര്‍ദ്ദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് രഞ്ജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കുക.

Also Read:


തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രി തന്നെ കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. നടിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒന്നും മിണ്ടാതെ രഞ്ജിത്ത്, പഴുതടച്ച് പോലീസ് ;സിനിമാ മേഖല ഞെട്ടലിൽ

കൊച്ചി:ഇടത് സഹയാത്രികനും മുതിർന്ന സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരായ പോലീസ് നടപടി അതീവ രഹസ്യമായായിരുന്നു. ജനുവരിയിൽ കൊച്ചിയിൽ നടന്ന പീഢനശ്രമത്തിൽ വളരെ വേഗം അന്വേഷണം നടത്തിയാണ് പോലീസ് രഞ്ജിത്തിനെ കുടുക്കിയത്. യുവനടി അനുഭവിച്ച ട്രോമ വ്യക്തമായി മനസിലാക്കിയ പോലിസ് പെൺകുട്ടിയുടെ പരാതിയുടെ മെരിറ്റ്നനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചു. സാധാരണയായി ഇത്തരം സെലിബ്രേറ്റികൾക്കെതിരായ കേസ്സുകളിൽ അല്പം അമാന്തം കാട്ടാറുള്ള പോലീസ് ഈ കേസിൽ കൂടുതൽ ജാഗ്രത കാട്ടി. പ്രതിയ്ക്ക് ഉപരി ക്കോടതികളിൽ വരെ പോയി മുൻകൂർ ജാമ്യം നേടാവുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കി രണ്ട് ദിവസം കൊണ്ട് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. കോട്ടയത്ത് സിനിമാ ചിത്രീകരണത്തിന് ശേഷം തൊടുപുഴ വഴി കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വാഹനം കുറുകെ ഇട്ടാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 11.50 ഓടെ തൊടുപുഴ സ്റ്റേഷനിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോകവേ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ രഞ്ജിത്ത് ശ്രമിച്ചില്ല.

അറസ്റ്റിലായ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് പോയി , പീഢന പരാതി കൊച്ചി ഡി സി പി അന്വേഷിക്കും

ഇടുക്കി: യുവനടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ കൊച്ചിയിലേക്ക് കൊണ്ട് പോയി. എറണാകുളത്ത് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.

കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് ഒളിച്ച് കടക്കാനുള്ള യാത്രക്കിടെയാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം തൊടുപുഴയിലെത്തിയിരുന്നു.

രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ യുവനടിയാണ് പരാതി നല്‍കിയത്. ലൊക്കേഷനില്‍ കാരവനിൽ വെച്ച് ജനുവരിയിൽ രഞ്ജിത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി. രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍വെച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.
ജനുവരിയിൽ ഫോർട്ട്‌ കൊച്ചിയിൽ വെച്ചായിരുന്നു പീഢനശ്രമം നടന്നത്.

കേസ് വിവരം രഞ്ജിത്ത് അറിഞ്ഞ ശേഷം കോട്ടയത്ത് നിന്ന് ഇന്ന് ഇടുക്കിയിലെ കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വെച്ച് കാർ തടഞ്ഞായിരുന്നു പിടികൂടിയത്.
പിടിക്കപെടുമ്പോൾ നടൻ ബോബി കുര്യനും കൂടെ ഉണ്ടായിരുന്നു. രഞ്ജിത്തിനൊപ്പം കസ്റ്റഡിയിലായ വരെ വിട്ടയച്ചേക്കും.
രാവിലെ മുതൽ പോലീസ് നീരിക്ഷണത്തിൽ ആയിരുന്നു.കേസന്വേഷണത്തിന് കൊച്ചി ഡി സി പി അശ്വതി ജിജി നേതൃത്വം നൽകും. 28 ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 30 ന് എറണാകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ രഞ്ജിത്ത് പിടിയിലാകുന്നത്. സിനിമാ മേഖലയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയാണിത്.

മണ്ണാർക്കാട്ട് വിദ്യാർഥികൾ തമ്മിൽ സംഘർഷം

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം .സംഘർഷം ഒഴിവാക്കുന്നതിന്ന് ഇടപെട്ട ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റു.

കണ്ണിന് മുകളിൽ മുറിവേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
രക്ഷിതാക്കൾ മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്
പോലീസ് അന്വേഷണം ആരംഭിച്ചു.