തിരുവനന്തപുരം: വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂര്‍ മൊട്ടലുവിള ചാരുവിളവീട്ടില്‍ രാജുവിന്റേയും അഞ്ജുവിന്റേയും മൂത്ത മകന്‍ ശരണിനാണ് (11) വലത് കൈയിലെ മോതിര വിരലിന്റെ പകുതി ഭാഗം നഷ്ടമായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്മയുടെ സഹോദരന്റെ ഓട്ടോറിക്ഷയില്‍ ഇരുന്ന് അനുജന്‍ വരുണുമൊത്ത് കളിക്കുകയായിരുന്നു ശരണ്‍. ഓട്ടോറിക്ഷയില്‍ നിന്നു ഇറങ്ങിയ വരുണാണ് തെരുവുനായ വരുന്നത് കണ്ടത്. നായയെ കണ്ട് ഭയന്ന കുട്ടി ചേട്ടനോട് വിവരം പറഞ്ഞ് ഓടിമാറി.
അതിനിടെ ഓട്ടോയില്‍ നിന്നു ഇറങ്ങിയ ശരണിന്റെ തുടയില്‍ നായ കടിച്ചു. നിലവിളിച്ച് നായയെ ആട്ടിപ്പായിക്കുന്നതിനിടെ മുന്നോട്ടു നീങ്ങിയ നായ തിരികെ വന്ന് കൈവിരലും കടിച്ചെടുക്കുകയായിരുന്നു. മുറിഞ്ഞു പോയ വിരല്‍ഭാഗം കണ്ടെത്താനായില്ല.
സഹോദരനുമൊത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 14,270 രൂപയുമായി. കഴിഞ്ഞ ദിവസം 1,14,280 രൂപയായിരുന്നു പവന്‍ വില.
18 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായി. ഗ്രാമിന് 11,725 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്നത്തെ നേരിയ ഇടിവ്.
ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ്. ട്രോയ് ഔണ്‍സിന് 4362 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. 15 ഡോളറിന്റെ ഇടിവാണുണ്ടായത്. വെള്ളി വില നേരിയ തോതില്‍ ഉയര്‍ന്ന് 66.36 ഡോളറായി.
ഫുട്ബോൾ താരം റിജോൺ ജോസ് വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് : ഫുട്ബോൾ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29) വാഹനാപകടത്തിൽ മരിച്ചു. സഹതാരം ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബൈക്ക് നഗര മധ്യത്തിലെ ഫ്ലൈ ഓവറിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കാലിക്കറ്റ് എഫ്‌സി താരമാണ് റിജോൺ.
ഇന്നലെ രാത്രി 10.30ഓടെ ക്രിസ്ത്യൻ കോളേജിന് സമീപത്തെ ഫ്ലൈഓവറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ റിജോൺ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഗനി അഹമ്മദ് നിഗമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാലിക്കറ്റ് എഫ്‌സിക്ക് കനത്ത തിരിച്ചടിയായി താരത്തിന്റെ മരണം.
ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കാണുന്നില്ല
ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ്. തെളിവ് നശിപ്പിക്കലെന്ന് സംശയം. വീട്ടിലെ 22 ക്യാമറകളിലും ദൃശ്യങ്ങളില്ല. ദൃശ്യങ്ങൾ അടങ്ങിയ സ്റ്റോറേജ് ഡിവൈസ് എടുത്തുമാറ്റിയ നിലയിൽ.
ആന്റോ അഗസ്റ്റിനുമായി വീട്ടിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വീടിന്റെ വൈദ്യുതി കണക്ഷൻ ആന്റോയുടെ പേരിൽ തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായി എക്സൈസ്
മെസ്സിയുടെ മറവിലെ തട്ടിപ്പ്, ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT
lതിരുവനന്തപുരം.മെസ്സിയുടെ മറവിലെ തട്ടിപ്പിൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി SIT. മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻറെ പ്രധാന നീക്കം. അബ്കാരി കേസിൽ നിലവിൽ ജയിലിൽ ഉള്ള സ്പോൺസറെയും പിന്നാലെ ചോദ്യം ചെയ്യും.
വിവിധ വകുപ്പ് റിപ്പോർട്ടുകളുടെയും എസ്ഐടി ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. മുൻ കായിക മന്ത്രിക്ക് പുറമെ ഉദ്യോഗസ്ഥ തല ചോദ്യം ചേയ്യലും എസ്ഐടിയുടെ പരിഗണനയിലുണ്ട്. സർക്കാരിനെതിരെ ആൻ്റോ അഗസ്‌റ്റിൻ നൽകിയ മൊഴിയും എസ് ഐ ടി പരിശോധിച്ചു വരികയാണ്.
പിണറായിക്കെതിരെ കേസെടുക്കാം,നിയമോപദേശം ഇങ്ങനെ
കൊച്ചി. സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മര്‍ദ്ദത്തിലാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിശോധിച്ചതില്‍ നിന്ന്, 2017 മാര്‍ച്ച് 4-നും 2019 മെയ് 18-നും ഇടയില്‍ വ്യാജ കരാറിന്റെ മറവില്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (CMRL) നിന്ന് മകള്‍ ടി. വീണ വഴി 3.28 കോടി രൂപയുടെ സാമ്പത്തിക നേട്ടം പിണറായി വിജയന്‍ കൈവരിച്ചതായി സംശയലേശമന്യേ തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന്, ഡിജിപി ടി ആസിഫലി നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
ഈ തുക പിണറായി വിജയന്റെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. കൂടാതെ, 1988-ലെ അഴിമതി നിരോധന നിയമത്തിലെ (PC Act) സെക്ഷന്‍ 13(1)(b) പ്രകാരം പിണറായിയും വീണയും വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. കൃത്യം നടന്ന കാലയളവ് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നടന്ന 2018 ജൂലൈ 26-ന് മുമ്പും ശേഷവും ആയതിനാല്‍, ഭേദഗതിക്ക് മുമ്പും ശേഷവും ബാധകമായ ശിക്ഷാ വ്യവസ്ഥകള്‍ ഉചിതമായി പ്രയോഗിക്കാവുന്നതാണെന്നും നിയമോപദേശത്തില്‍ പറയുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന പിതാവിന് വേണ്ടി വീണ കൈക്കൂലിയോ നിയമവിരുദ്ധമായ പ്രതിഫലമോ കൈപ്പറ്റി എന്നത് ശക്തമായ വാക്കാലുള്ള മൊഴിയാല്‍ പ്രഥമദൃഷ്ട്യാ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രേഖാമൂലവും, ഡിജിറ്റല്‍ തെളിവുകളും ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലുകളെ ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം, കൈക്കൂലിപ്പണം വീണ തന്റെ പിതാവിന് വേണ്ടി, അദ്ദേഹത്തിന്റെ പ്രതിനിധിയായി നിയമവിരുദ്ധമായി കൈപ്പറ്റിയതാണെന്ന് അനുമാനിക്കാവുന്നതാണ്. നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
നിയമപരമായി തനിക്ക് ലഭിക്കാന്‍ അര്‍ഹതയില്ലാത്ത 3,28,01,000 രൂപ വീണ സിഎംആര്‍എല്ലില്‍ (CMRL) നിന്ന് കൈപ്പറ്റി എന്നത് വസ്തുതയാണ്. ഇതു കൈക്കൂലിയല്ലെന്ന് ഖണ്ഡിക്കാന്‍ അവ്യക്തമായ വിശദീകരണങ്ങള്‍ മതിയാകുന്നതല്ലെന്നും ഡിജിപി നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നു.
റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാം
സിഎംആര്‍എല്‍ കേസില്‍ മുന്‍മന്ത്രിയും വീണയുടെ ഭര്‍ത്താവുമായ മുഹമ്മദ് റിയാസിനെതിരെയും നിയമനടപടി സ്വീകരിക്കാവുന്നതാണെന്ന് ഡിജിപി നിയമോപദേശത്തില്‍ വ്യക്തമാക്കി. 2019 ജനുവരി 26-ന് ആദായനികുതി നിയമത്തിലെ 132(4)ാം വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ സിഎംആര്‍എല്‍ (CMRL) എംഡി എസ് എന്‍ ശശിധരന്‍ കര്‍ത്തയുടെ മൊഴി ഈ നിഗമനത്തെ സാധൂകരിക്കുന്നതായി ഡിജിപി പറയുന്നു.
‘കരാര്‍ പ്രകാരമുള്ള സേവനദാതാക്കള്‍ ഞങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള ജോലിയോ സേവനമോ, സോഫ്‌റ്റ്വെയര്‍ പരിപാലനമോ, കണ്‍സള്‍ട്ടന്‍സിയോ മറ്റേതെങ്കിലും തരത്തിലുള്ള സേവനമോ ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും, കരാര്‍ പ്രകാരമുള്ള പ്രതിമാസ പണം നല്‍കിവരുന്നുണ്ട്.’ എന്നാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടുന്നു.
ശശിധരന്‍ കര്‍ത്തയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിതാവ് വഴി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ക്രമക്കേട് വരുത്തുന്നതിനായി വീണ കൈക്കൂലിത്തുക കൈപ്പറ്റി എന്ന് അനുമാനിക്കാവുന്നതാണ്. ഒരു പൊതുപ്രവര്‍ത്തകന്‍ മൂന്നാമതൊരാളിലൂടെയാണ് കൈക്കൂലി വാങ്ങിയതെങ്കില്‍ പോലും, ആ പൊതുപ്രവര്‍ത്തകന്‍ വിചാരണ നേരിടാന്‍ ബാധ്യസ്ഥനാണെന്നും നിയമോപദേശത്തില്‍ ഡിജിപി വ്യക്തമാക്കുന്നു.
ഒരു പൊതുപ്രവര്‍ത്തകന് കൈക്കൂലി നല്‍കിയെന്നാരോപിക്കപ്പെടുന്ന സാഹചര്യത്തില്‍, കമ്പനീസ് നിയമപ്രകാരം രൂപീകരിച്ച സിഎംആര്‍എല്‍ (CMRL) കമ്പനിയും നിയമനടപടിക്ക് വിധേയമാകാന്‍ ബാധ്യസ്ഥമാണ്. 2018-ലെ 16-ാം നിയമപ്രകാരം ഭേദഗതി വരുത്തിയ 1988-ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(b) വകുപ്പ് പ്രകാരം, വീണയുടെ ഭര്‍ത്താവും അന്നത്തെ മന്ത്രിയുമായിരുന്ന പി എ മുഹമ്മദ് റിയാസിനെതിരെയും നടപടിയെടുക്കാം. വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത സാമ്പത്തിക ആസ്തി കൈവശം വെച്ചെന്നാരോപിച്ച് റിയാസിനെതിരെ നിയമനടപടി സ്വീകരിക്കാവുന്നതാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
മാസപ്പടിക്കേസ്: പിണറായിക്കെതിരെ കൈക്കൂലികേസ് നിലനിൽക്കുമെന്ന് നിയമോപദേശം
കൊച്ചി: മാസപ്പടിക്കേസിൽ പിണറായി വിജയന്റെ പേരിൽ കൈക്കൂലിക്കുറ്റമടക്കം നിലനിൽക്കുമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറൽ ജാജു ബാബു സർക്കാരിന് കൈമാറിയ നിയമോപദേശത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നിഗമനത്തിലെത്തിയത്.
അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 7 പ്രകാരമുള്ള കൈക്കൂലിക്കുറ്റവും, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് ചുമത്തുന്ന വകുപ്പ് 13 (1) ബി പ്രകാരമുള്ള കുറ്റവും നിലനിൽക്കുമെന്നാണ് നിയമോപദേശത്തിലുള്ളത്. ഇല്ലാത്ത സേവനത്തിന് മുൻമുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിലൂടെ മൂന്നാം കക്ഷിയിലൂടെ പണം കൈപ്പറ്റിയതിനു ചുമത്തുന്ന വകുപ്പ് 7(2)-ഉം ബാധകമാകും.
പണം നൽകിയെന്ന് സിഎംആർഎൽ സ്ഥാപക എംഡിയും ഉദ്യോഗസ്ഥരും ഇഡിക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാണെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഈ കേസിൽ മറിച്ച് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കായിരിക്കും. കൂടാതെ വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ പേരിലും വകുപ്പ് 13 (1) ബി ബാധകമാകുമെന്നും നിയമോപദേശത്തിൽ പറയുന്നു.
ഈ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം നടത്താനായിരിക്കും സർക്കാർ തീരുമാനിക്കുക. വിജിലൻസ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുംമുൻപ് പ്രാഥമികാന്വേഷണം വേണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും നിയമോപദേശത്തില്‍ പറയുന്നു
ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വീണ്ടും വെള്ളി; ടേബിൾ ടെന്നീസിൽ ക്വാർട്ടർ
നഗോയ: ഏഷ്യൻ ഗെയിംസിന്റെ മൂന്നാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽനിന്ന് ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. ഷൂട്ടിങ്ങിൽ ഇന്ത്യ നേടുന്ന മൂന്നാമത്തെ വെള്ളി മെഡലാണിത്. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ പാകിസ്താനെ 3–0ന് പരാജയപ്പെടുത്തി ഇന്ത്യ ക്വാർട്ടർ ഫൈനലിലും പ്രവേശിച്ചു.
രുദ്രാങ്ക്ശ് പാട്ടീൽ, ഹിമാംശു ധില്ലൺ, പാർഥ് മാനെ എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയത്. ഫൈനലിൽ 1890.1 പോയിന്റ് നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. 1899 പോയിന്റുമായി ചൈന സ്വർണം സ്വന്തമാക്കി.
വ്യക്തിഗത ഇനത്തിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തി. 631.8 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയ രുദ്രാങ്ക്ശ് പാട്ടീലും 630 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ ഹിമാംശു ധില്ലണും പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടി. 628.3 പോയിന്റുമായി 11-ാം സ്ഥാനത്തെത്തിയ പാർഥ് മാനെയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം
പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷമായതോടെ വിതരണത്തില്‍ നിയന്ത്രണം. ഒരാള്‍ക്ക് ഒരു ടില്‍ അരവണയും മൂന്ന് കവര്‍ അപ്പവുമാണ് ഞായറാഴ്ച വിതരണം ചെയ്തത്. അരവണ പ്ലാന്റില്‍ നവീകരണം നടക്കുന്നതിനാല്‍ ഉത്പാദനം താത്കാലികമായി നിര്‍ത്തിവച്ചതാണ് ക്ഷാമത്തിന് കാരണം.
കന്നിമാസ പൂജയ്ക്കായി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തീര്‍ഥാടകര്‍ അധികം എത്തിയിരുന്നു. അരവണ ശേഖരം കുറഞ്ഞതിനെ തുടര്‍ന്നു ഞായറാഴ്ച ഉച്ചയോടെ കൗണ്ടറുകള്‍ അടച്ചു. പിന്നീട് വൈകീട്ട് അഞ്ചിനാണ് തുറന്നത്.
കന്നിമാസ പൂജയ്ക്ക് 2.6 ലക്ഷം അരവണയാണ് നിര്‍മിച്ചത്. ഈ വര്‍ഷം 50,000 യൂണിറ്റ് കൂടുതല്‍ ഉത്പാദിപ്പിച്ചതായി ദേവസ്വം ബോര്‍ഡ് പറയുന്നു. തിങ്കളാഴ്ചത്തേക്ക് 14,000 ടിന്നില്‍ താഴെ അരവണ മാത്രമാണ് ബാക്കിയുള്ളത്.
അപ്പത്തിന് നിലവില്‍ ക്ഷാമമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അരവണയുടെ കരുതല്‍ ശേഖരം തീരുന്ന മുറയ്ക്ക് വില്‍പ്പനയും നിര്‍ത്തിവയ്ക്കും.
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.





































